'സാഹിത്യരചനകള്‍ 'അഭയ'മാകുന്നത് അവ 'സത്യ'ത്തിനോടടുക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണ്' | അക്ഷരംപ്രതി

#കരുണാകരന്‍
അരുന്ധതി റോയ്‌ | ഫോട്ടോ: സന്തോഷ് കെ.കെ.
അരുന്ധതി റോയ്‌ | ഫോട്ടോ: സന്തോഷ് കെ.കെ.

What lies ahead?
Reimagine the world. Only that.
(Arundhati Roy, from the introduction of 'Azadi')

 നാല്‍പ്പത്തിയഞ്ചാമത്തെ ''യൂറോപ്യന്‍ എസ്സേ പ്രൈസ്'' കിട്ടിയത് അരുന്ധതി റോയിയ്ക്കാണ്, അവരുടെ പ്രബന്ധങ്ങളുടെ, 'Azadi' എന്ന പുസ്തകത്തിന്റെ, ഫ്രഞ്ച് പരിഭാഷാ സമാഹാരത്തിന്. Prix European De I Essai Foundation-ന്റെ പുരസ്‌കാരപ്രഖ്യാപനത്തില്‍ റോയ്‌യുടെ പ്രബന്ധങ്ങളെപ്പറ്റി പറഞ്ഞത്, Her essays offer shelter to a multitude of people എന്നായിരുന്നു. നമുക്കും സ്വീകാര്യമാവുന്ന ഒരു നിരീക്ഷണമാവും ഇത്.

നമ്മുടെ കാലത്ത് ജീവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട 'ഇന്ത്യന്‍ എഴുത്തുകാരില്‍' ഒരാളാണ് അരുന്ധതി റോയ്. അവരുടെ നോവലുകളും പ്രബന്ധങ്ങളും ലോകത്തിന്റെയും നമ്മുടേയും പ്രിയപ്പെട്ട വായനയില്‍ വളരെ മുമ്പേ പ്രവേശിച്ചതാണ്. ഭാവനയും ആശയങ്ങളും ഭാഷയിലൂടെ കണ്ടുപിടിക്കുന്ന എഴുത്ത് ഇതുപോലെ നമുക്ക് അധികമില്ലതാനും.  

അരുന്ധതി റോയ്‌യുടെ രണ്ടാമത്തെ നോവല്‍ 'The Ministry of Utmost Happiness' നും അതിനുംവളരെ മുമ്പേ പ്രസിദ്ധീകരിച്ച The God of Small Things - നും ഇടയിലെ കാലം അവരുടെ പല പ്രബന്ധങ്ങളുടെ കാലമാണ്. പലതും നമ്മുടെ കാലത്തിനും സാഹിത്യത്തിനും പ്രധാനപ്പെട്ടതുമാണ്. ഒരു പക്ഷെ, ഇംഗ്ലീഷിനെ ഇഷ്ടപ്പെടാനുള്ള മറ്റൊരു കാരണവും അരുന്ധതി റോയ് ആ ഭാഷയില്‍ എഴുതുന്നു എന്നതുകൊണ്ടുകൂടിയാണ് എന്ന് ഒരു ചങ്ങാതി എന്നോട് പറഞ്ഞിട്ടുണ്ട്.  

പ്രബന്ധങ്ങള്‍, അവയുടെ നമ്മുടെ സാഹിത്യപശ്ചാത്തലം ഓര്‍ത്ത് പറയുകയാണെങ്കില്‍, ഏറെയും ഉള്‍വലിഞ്ഞുകൊണ്ട് (withdrawn) എഴുതപ്പെടുന്ന ഒരു ഭാഷയാണ് മലയാളം. അവ ഏറെ സമയവും 'ആശയങ്ങളുടെ നിര്‍മ്മാണത്തിലാണ്'. അധിക സമയവും 'കൃത്രിമമായ ഗൗരവ'ത്തിലുമാണ്. വരണ്ടതും സര്‍ഗാത്മകതയെ കബളിപ്പിയ്ക്കുന്നതുമായ എഴുത്ത് നമ്മുടെ പ്രബന്ധരചനകളെ മുഷിപ്പിക്കുന്നു. അല്ലെങ്കില്‍ അവ, ജേര്‍ണലിസത്തിനും സെന്‍സേഷനിലിസത്തിനുമിടയില്‍ നങ്കൂരമിടുന്നു. എന്നാല്‍, റോയ്‌യുടെ പ്രബന്ധങ്ങള്‍ ആശയങ്ങളുടെ ഓര്‍മ്മയിലും ജീവിതത്തിലും സങ്കല്‍പ്പിക്കപ്പെടുന്നു. അവയുടെ 'ഇതിവൃത്തങ്ങള്‍' വാസ്തവങ്ങളുടെ പുനരവതാരങ്ങളാവുന്നില്ല. 'എനിക്ക് പറയാനുള്ളതെല്ലാം ഞാന്‍ ഇതില്‍ പറഞ്ഞിട്ടുണ്ട്' എന്ന് അവരുടെ ഒരു പ്രബന്ധവും അതിനെ അടച്ചുവെയ്ക്കുന്നില്ല.

സൂസന്‍ സോണ്ടാഗിന്റെയും വാള്‍ട്ടര്‍ ബെഞ്ചമിന്റെയും ബോര്ഹസ്സിന്റെയും കാല്‍വിനോയുടെയും  കുന്ദേരയുടെയും പ്രബന്ധങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരാള്‍, ഒരു പക്ഷെ, ആ ഓര്‍മ്മയിലാകും അരുന്ധതി റോയ് യുടെയും പ്രബന്ധങ്ങള്‍ വായിക്കുന്നത്. അവരെല്ലാം സമാഹരിയ്ക്കുന്നത് ഒരു 'കാല'മാണ്. തങ്ങളുടെ  കാലത്തെയാണ് അവര്‍ സാഹിത്യത്തിലും ചരിത്രത്തിലും രാഷ്ട്രീയത്തിലും വിവേചിച്ചറിയുന്നത്. ആ കാലത്തിന് ഒരു ഭൂപ്രദേശത്തിന്റെ ഓര്‍മ്മയുമുണ്ട്. ചിലപ്പോള്‍ അത് അവരുടെ സ്വന്തം രാജ്യമാണ്. ചിലപ്പോള്‍ അവരുടെ കാലത്തെ ലോകമാണ്. എല്ലായ്‌പ്പോഴും അവരെഴുതുന്നത് സാഹിത്യത്തെപ്രതിയുമാണ്. റോയ്‌യുടെ പ്രബന്ധങ്ങള്‍ പലപ്പോഴും 'മികച്ച രാഷ്ട്രീയലേഖനങ്ങളാണ്'. നിലവിലുള്ള ഒരു കാലത്തെയല്ല അവ അപ്പോള്‍ ഇതിവൃത്തമാക്കുന്നത്. ആ കാലം നിര്‍മ്മിക്കപ്പെടുന്ന മറ്റൊരു കാലത്തിന്റെ സാംസ്‌കാരിക വ്യവസ്ഥയെപ്പറ്റി കൂടി ചിന്തിക്കുകയാണ്. ഉദാഹരണത്തിന്, ഫാഷിസത്തെപ്പറ്റി റോയ് എഴുതുന്നത് ജനാധിപത്യത്തെ സവിശേഷമായി അവതരിപ്പിച്ചുകൊണ്ടായിരിക്കും.

അനുഭവങ്ങളെ അവയുടെ അപരിചിതത്വത്തില്‍നിന്നു മോചിപ്പിക്കുന്ന ഒരു 'തീവ്രരാഷ്ട്രീയം' അരുന്ധതി റോയ്‌യുടെ എഴുത്ത് സ്വീകരിക്കുന്നു. ഒരു പക്ഷെ, അങ്ങനെയൊരു സമീപനമായിരിക്കും ആ എഴുത്ത് നേരിടുന്ന പ്രധാനപ്പെട്ട വിമര്‍ശവും. തന്റെ ആദ്യ നോവലിനു ശേഷം വന്ന ലേഖനങ്ങളുടെയും ആക്ടിവിസത്തിന്റെയും പേരില്‍ താനെങ്ങനെ തന്റെ വായനക്കാര്‍ക്ക് (പ്രസാധകര്‍ക്കും) 'Writer -Activist' ആയി എന്നുപറയുന്ന ഒരു ഭാഗമുണ്ട് അവരുടെ സമ്മാനിതമായ പുസ്തകത്തില്‍. The Language of Literature എന്ന പ്രബന്ധത്തില്‍ റോയ് ഇങ്ങനെ എഴുതുന്നു; Over time, an unspoken compromise was arrived at. I began to be called a 'writer-activist'. Implicit in this categorization was that the fiction was not political and the essays were not literary.  തന്റെ പ്രബന്ധങ്ങള്‍ ഒരേസമയം എങ്ങനെ രാഷ്ട്രീയവും സാഹിത്യവും 'നിര്‍മിക്കുന്നു' എന്ന് പറയുകയായിരുന്നിരിക്കണം റോയ്. അല്ലെങ്കില്‍, എല്ലാ എഴുത്തും സ്വാഭാവികമായും രാഷ്ട്രീയവും സാഹിത്യവുമാകുന്നു എന്നുമാവാം. അരുന്ധതി റോയ്‌യുടെ കാര്യത്തില്‍ നാം അത് വേഗത്തില്‍ മനസ്സിലാക്കുന്നു. കാരണം, അവരുടെ പ്രബന്ധങ്ങളുടെ പ്രമേയങ്ങള്‍ മിക്കതും 'രാഷ്ട്രീയ പ്രശ്‌ന'ങ്ങളെ അധികരിച്ചായിരുന്നുതാനും. അല്ലെങ്കില്‍, എഴുത്ത് ആക്ടിവിസം ആവുന്ന സന്ദര്‍ഭമേതാണ്?

തീര്‍ച്ചയായും, അത്, ഏതെങ്കിലും തരത്തിലെ 'പ്രായോഗികമതിത്വ'ത്തിന്റെ പേരിലാവില്ല. മറിച്ച്, സാമൂഹികാവശ്യമായി സ്വയം രൂപപ്പെടുന്നതുകൊണ്ടാണ്. ആശയങ്ങളുടെ ഭാവനാഭദ്രത കൊണ്ടാണ്. നിലവിലുള്ള ഒരു കെട്ടിക്കിടക്കലിനെ ആ സമയം എഴുത്ത് ഭേദിക്കുന്നു. അത്തരമൊരു ഉണര്‍ച്ചയിലേക്ക് ഭാഷയെ, അതുവഴി സാഹിത്യത്തിന്റെ ആവശ്യത്തെയും ഉയര്‍ത്തുന്നു. അഥവാ, നിലനില്‍ക്കുന്ന ഒരു 'തെളിവിനെ' അത് പരിശോധിയ്ക്കുന്നത് 'സത്യ'ത്തെ കണ്ടെത്തിയും അവതരിപ്പിച്ചുമാണ്. അരുന്ധതി റോയ് തന്റെ പ്രബന്ധങ്ങളില്‍ എപ്പോഴും അത് ചെയ്യുന്നു. 

തന്റെ ആദ്യത്തെ നോവല്‍, The God of Small Things (1997) എഴുതുന്നത് താന്‍ വളരുകയായിരുന്ന(മുതിരുകയായിരുന്ന) ഒരു ലോകത്തെ ഭാഷയിലൂടെയും രൂപത്തിലൂടെയും (Form)  കണ്ടെത്താനായിരുന്നു എന്ന് അരുന്ധതി പറഞ്ഞിട്ടുണ്ട്. അത് തനിക്കും തന്നെ സ്‌നേഹിക്കുന്നവര്‍ക്കും വേണ്ടിക്കൂടിയായിരുന്നു എന്നും. താന്‍  ഇഷ്ടപ്പെടുന്ന സാഹിത്യം എല്ലാ തരത്തിലും അഭയമാകുന്ന ഒന്നാണ് എന്ന് റോയ് പറയുന്നു. Because we need shelter. I very much like the idea of literature that is needed. Literature that provides shelter. Shelter of all kinds.

 തന്റെ എഴുത്തിനെ 'കണ്ടെത്തുന്ന' രണ്ടുതരം വായനക്കാരെപ്പറ്റി അരുന്ധതി റോയ് എഴുതുന്നു. 'നിങ്ങള്‍ Political writings ല്‍ ശ്രദ്ധിച്ചാല്‍ മതി' എന്ന് ഒരുകൂട്ടര്‍ പറയുമ്പോള്‍ 'നിങ്ങള്‍ എന്നാണ് fiction ലേക്ക് മടങ്ങിയെത്തുക, അതാണ് നിങ്ങളുടെ സത്യമായ വിളി എന്നിരിക്കേ' എന്ന് വേറൊരുകൂട്ടരും പറയുന്നു. എന്നാല്‍, തന്റെ എഴുത്തിനെപ്പറ്റി John Berger - ല്‍ നിന്നും കിട്ടിയ ഒരു ചെറിയ കത്ത് (handwritten letter)  എങ്ങനെ ഈ കാര്യത്തെ 'സെറ്റില്‍' ചെയ്തു എന്നും അരുന്ധതി റോയ് തുടര്‍ന്നുപറയുന്നു. 'Your fiction and non-fiction - they walk you around the world like your two legs.' That settled it for me.  

വാസ്തവത്തില്‍, അവരുടെ എഴുത്ത് ഫിക്ഷനും നോണ്‍ ഫിക്ഷനും നമ്മെ ആകര്‍ഷിക്കുന്നത് അവയുടെ പരിചിതമായ ഭൂതലം കൊണ്ടാണ്. കൃത്യമായിപ്പറഞ്ഞാല്‍, ആ ഭൂതലം ഒരു 'പുറമ്പോക്ക്' ആണ്. അത്, അവരുടെ  സാഹിത്യത്തിന്റെയും കാലത്തിന്റെയും അഭയമാണ്. മുഖ്യമായ എന്തും അത്ര മുഖ്യമാവുന്നില്ല എന്ന് ഓര്‍മ്മപ്പെടുത്തുന്ന ഒരു അപരലോകം ഈ പുറമ്പോക്ക് നിര്‍മ്മിക്കുന്നു. എങ്കില്‍, അങ്ങനെയൊരു സ്ഥലത്തെയും കഥാപാത്രങ്ങളെയും സമയത്തെയും പറ്റിയാണ് റോയ് എഴുതുന്നത്. അവരുടെ ഫിക്ഷനിലും നോണ്‍-ഫിക്ഷനിലും. അവര്‍ക്ക് സമ്മാനം കിട്ടിയ സമാഹാരത്തിലെ (Azadi)  പ്രബന്ധങ്ങളുടെ തലക്കെട്ടുകള്‍ തന്നെ നോക്കുക, അവ അവരുടെ എഴുത്തിന്റെ ഇതിവൃത്തങ്ങള്‍ എങ്ങനെ നിര്‍വചിക്കുന്നു എന്ന് കാണിക്കുന്നതായിരിക്കും. ചില തലക്കെട്ടുകള്‍ ഞാന്‍ എടുത്തെഴുതട്ടെ; In What Language Does Rain Fall over Tormented Cities?, Election Season in a Dangerous Democracy, Our Captured, Wounded Hearts The Language of Literature...  

മലയാളത്തില്‍ അരുന്ധതി റോയ് എങ്ങനെയാണ് വായിക്കപ്പെടുന്നത് എന്ന് അന്വേഷിക്കുമ്പോള്‍ കൗതുകകരമായ ഒരു സംഗതി അവരുടെ ''മലയാളി ബന്ധം'' തന്നെയാവും. അത് അവര്‍ക്ക് ഏതൊരു 'മലയാളി'യ്ക്കും ഇല്ലാത്ത celebrity status നല്‍കുന്നുമുണ്ട്. എന്നാല്‍, അവരുടെ; എഴുത്ത്', ഫിക്ഷനും നോണ്‍-ഫിക്ഷനും മലയാളത്തിന്റെ സാഹിത്യമനോബലം പണ്ടേ ഉപേക്ഷിച്ചതുമാണ്. അധികാരവുമായി ഒത്തുതീര്‍പ്പാവുന്ന ഒരു സംഘബലം മലയാളസാഹിത്യത്തെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. അഥവാ, എഴുത്തിന്റെ ജനാധിപത്യഘടന സ്വഭാവികമായും നല്‍കുന്ന കുഴമറിച്ചില്‍ (Chaos) മലയാളസാഹിത്യ രചനകള്‍ ബോധപൂര്‍വ്വം ഉപേക്ഷിക്കുന്നു. അത് എപ്പോഴും ഒരു അച്ചടക്കത്തിലേക്ക് നീങ്ങുന്നു. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ അത് സമൂഹത്തിലെ അധികാരകല്‍പ്പനകളെപ്രതി ഉണ്ടാവുന്ന അച്ചടക്കമാണെന്ന് കണ്ടെത്താവുന്നതുമാണ്. 

The God of Small Things എന്ന അരുന്ധതി റോയ്‌യുടെ ആദ്യ നോവല്‍ അക്കാലത്ത് നമ്മുടെ സാഹിത്യമണ്ഡലത്തിലും രാഷ്രീയമണ്ഡലത്തിലും ഉണ്ടാക്കിയ 'വിവാദങ്ങള്‍' ഈ അച്ചടക്കത്തെ പ്രതിയായിരുന്നു. അന്നുണ്ടായ വിവാദങ്ങളെപ്പറ്റി The Language of Literature എന്ന പ്രബന്ധത്തില്‍ അരുന്ധതി റോയ് ഇങ്ങനെയാണ് ഓര്‍ക്കുന്നത്; I was quickly labeled anti-communist, a crying-talking-sleeping-walking Imperialist Plot.  താനും തന്റെ കൃതിയും അന്ന് വിമര്‍ശിക്കപ്പെടാനുള്ള കാരണവും അവര്‍ എഴുതുന്നുണ്ട്. തീര്‍ച്ചയായും അതവരുടെ പ്രമേയങ്ങള്‍ തന്നെയായിരുന്നു. ദളിത്, ജാതി മര്‍ദനം, ലൈംഗികത, രാഷ്ട്രീയം(അതുകൊണ്ടുതന്നെ രാഷ്ട്രീയ വിമര്‍ശനം). അങ്ങനെ എന്തും നിലനില്‍ക്കുന്ന, അല്ലെങ്കില്‍ പരിപാലിക്കുന്ന ഒരു സാഹിത്യ അച്ചടക്കത്തെ പ്രതിരോധിക്കുന്നതായിരുന്നു. ഒരു Chaos അരുന്ധതി റോയ് തന്റെ രചനകളില്‍ ആദ്യമേ ഭാവന ചെയ്യുന്നപോലെയായിരുന്നു. എങ്കില്‍, ഇന്ന് മലയാളികള്‍ക്കിടയില്‍ അരുന്ധതി റോയ് ആദരിക്കപ്പെടുന്നത് കലയിലെ ആ chaos ന്റെ പേരിലല്ല. 'The God of Small Things' ന്റെ പേരില്‍ അനവധി കേസുകള്‍ അക്കാലത്ത് കേരളത്തില്‍ ഫയല്‍ ചെയ്യപ്പെടുകയുണ്ടായി. ''എല്ലാ ആണ്‍ വക്കീലുമാരും കേസ് ഫയല്‍ ചെയ്തു'. കേസ് വരുമ്പോള്‍ പലപ്പോഴും ജഡ്ജിമാര്‍ സ്വയം പിന്മാറി. ഒരു ജഡ്ജി ഇങ്ങനെകൂടി പറഞ്ഞു;''ഏതൊക്കെ  സമയത്ത് ഈ കേസ് എന്റെ മുമ്പില്‍ വന്നോ, അപ്പോഴൊക്കെ എനിക്ക് നെഞ്ച് വേദനകളും കിട്ടുന്നു'. പത്ത് വര്‍ഷത്തിലധികം ഈ നോവലിന്റെ പേരില്‍ കേരളത്തില്‍ അവര്‍ക്ക് കേസുകള്‍ നേരിടേണ്ടിവന്നു. ഒരു പക്ഷെ, കഴിഞ്ഞ ഒരു ദശകം മലയാളിയെ മാറ്റി? സാഹിത്യത്തിന്റെ ജനാധിപത്യഭാവത്തെ മലയാളി ഉള്‍ക്കൊള്ളാന്‍ തുടങ്ങി? അറിയില്ല. പക്ഷെ, അപ്പോഴും, അധികാരത്തെ ആദരിക്കുന്ന ഒരച്ചടക്കം നമ്മുടെ സാഹിത്യം പരിപാലിച്ചുപോന്നു. 

അരുന്ധതി റോയ് തന്റെ ഈ പ്രബന്ധം (The Language of Literature) അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്; Novels can bring their authors to brink of madness. Novels can shelter their authors, too. സാഹിത്യരചനകള്‍ 'അഭയ'മാകുന്നത് അവ ''സത്യ''ത്തിനോട് അടുക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണ്. സത്യം എന്നുച്ചരിയ്ക്കുന്നത് സ്വാതന്ത്ര്യത്തെ ഓര്‍ത്തുകൊണ്ടാണ്.  എന്തെന്നാല്‍, നമ്മള്‍ വിശ്വാസത്തിലെടുക്കാന്‍ ശ്രമിക്കുന്ന ഒരു വ്യവസ്ഥയെ സാഹിത്യരചനകള്‍ സന്ദര്‍ശിക്കുന്നു. അതിന്റെ വിശ്വാസ്യതയെ പരിശോധിക്കുന്നു. അതിന്റെ മൂല്യങ്ങളെ ചിലപ്പോള്‍ ചോദ്യം ചെയ്യുന്നു. പലപ്പോഴും സത്യത്തെ പുനര്‍ നിര്‍മ്മിക്കുന്നു. മറ്റൊരു വ്യവസ്ഥയെ സ്വപ്നം കാണുന്നു. ലോകത്തെ 'ജീവിക്കാന്‍ കൊള്ളുന്നതാക്കുക' എന്ന ഒരു പ്രവൃത്തി മനുഷ്യര്‍ തങ്ങളുടെ സാമൂഹ്യജീവിതത്തിലൂടെ കണ്ടെത്തുന്നു. എങ്കില്‍, അത്തരമൊരു പരികല്‍പ്പന എഴുത്തുകാരും പങ്ക് വെയ്ക്കുന്നു. അരുന്ധതി റോയ്‌യുടെ പ്രബന്ധങ്ങളില്‍ ഈ ശ്രമം വളരെ പ്രകടമാണ്. അവ പ്രത്യയശാസ്ത്രങ്ങളെയോ ആദര്‍ശങ്ങളെയോ രാഷ്ട്രീയാഭിമുഖ്യങ്ങളെയോ അല്ല തന്റെ എഴുത്തില്‍ കരുതലിലെടുക്കുന്നത്. ചിലപ്പോള്‍ അതെല്ലാം അവര്‍ നിഷ്‌കളങ്കമായി ഉപേക്ഷിക്കുന്നു പോലുമുണ്ട്. അതിനെ ഏതെങ്കിലും ആലയിലെ ആയുധമായി കണ്ടെത്താന്‍ വിസമ്മതിക്കുന്നു. മറിച്ച്, സത്യത്തിന്റെ പൊരുള്‍ തേടാനുള്ള ഒരേയൊരു വഴിയോ രീതിയോ ആയി സാഹിത്യത്തെ അവര്‍ തനിക്കുവേണ്ടി കണ്ടുപിടിച്ചിരിക്കുന്നു. 

Content Highlights: Aksharamprathi column by Karunakaran about Arundhati Roy and her essays