ബൊളാഞ്ഞോയുടെ സാഹിത്യം; ആണുങ്ങളുടേയും പെണ്ണുങ്ങളുടേയും വായനയില്‍ വ്യത്യാസമുണ്ട് | അക്ഷരംപ്രതി

'ആണുങ്ങള് വായിക്കുന്നതു പോലെയല്ല പെണ്ണുങ്ങള്‍ നോവല്‍ വായിക്കുന്നത്, അതില്‍ വ്യത്യാസമുണ്ട്.' ചിലിയന്‍/സ്പാനിഷ് എഴുത്തുകാരന്‍ റോബര്‍ട്ടൊ ബൊളാഞ്ഞോയുടെ നോവലുകളെപ്പറ്റി പറയുമ്പോള്‍ ഒരിക്കല്‍ എന്റെ മകള്‍ പറഞ്ഞു. 'ഓരോ എഴുത്തുകാരോടുമുള്ള ഇഷ്ടവും അകല്‍ച്ചയും അങ്ങനെ പെണ്ണുങ്ങളുടെ വായനയില്‍ മാറുന്നുമുണ്ട്'. എന്റെ 'ഇഷ്ട'ത്തെ നോക്കി ചിരിച്ചുകൊണ്ട് അവള്‍ പൂരിപ്പിച്ചു: 'എനിക്ക് ബൊളാഞ്ഞോയുടെ എഴുത്ത് അത്ര ഇഷ്ടമല്ല.' തീര്‍ച്ചയായും അത് അങ്ങനെയാവാന്‍ തന്നെയാണ് സാധ്യത. ഓരോരുത്തരും ഓരോ വിധത്തില്‍ നോവല്‍ വായിക്കുന്നു. പെണ്ണുങ്ങളും.
ബോളാഞ്ഞോയുടെ എഴുത്തിലെ ആണ്‍സ്വരൂപം തര്‍ക്കമറ്റതാണ്. ഒരേസമയം യാഥാര്‍ഥ്യത്തില്‍നിന്നും ഭാവനയില്‍നിന്നും ആ ആണ്‍സ്വരൂപം നിര്‍മ്മിക്കപ്പെടുന്നു. അതേ യാഥാര്‍ഥ്യത്തിലും അതേ ഭാവനയിലും അതേ ആണ്‍സ്വരൂപം സഞ്ചരിക്കുന്നു. ചിലപ്പോള്‍ അഹന്തയോളം ചെല്ലുന്ന ഒരാണിനെ, നായകനെ, നമ്മള്‍ ആ നോവലുകളില്‍ കണ്ടുമുട്ടുന്നു. 'ആണ്‍ സാഹിത്യ'ത്തിന്റെ ഈ വമ്പിച്ച വെളിപ്പെടല്‍ പെണ്ണുങ്ങളായ വായനക്കരെ മാത്രമല്ല, ചിലപ്പോള്‍ ആണുങ്ങളെയും അത്തരം കൃതികളില്‍നിന്നും അകറ്റുന്നു. ഇതിനെ ലിംഗവ്യത്യാസത്തിന്റേയോ പെണ്‍വാദങ്ങളുടെയോ പ്രശ്‌നമാകുന്നുമില്ല. മറിച്ച്, ഭാവനയെ പരിമിതപ്പെടുത്തുന്ന ഒരു ലോകത്തിലേയ്ക്ക് അത്തരമൊരു എഴുത്ത് പിന്‍വാങ്ങുന്നു എന്നാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. എങ്കില്‍ അതൊരു ചര്‍ച്ചയ്ക്ക് നമ്മെ സന്നദ്ധമാക്കുന്നു. അത് വളരെ പ്രധാനവുമാണ്. നല്ല സാഹിത്യത്തിനും നല്ല സമൂഹത്തിനും.
ബൊളാഞ്ഞോയുടെ കൃതികളിലെ പ്രമേയങ്ങള്‍ പ്രസിദ്ധമാണ്: ദുരൂഹതയും സാഹിത്യസംബന്ധങ്ങളായ ഊഹാപോഹങ്ങളും അക്രമവും കുറ്റകൃത്യവും അതില്‍പ്പെടുന്നു. സ്വാഭാവികമായും അവ പലതും 'ആണ്‍ചരിത'ങ്ങളുമാണ്. അല്ലെങ്കില്‍ അത്തരമൊരു അന്തരീക്ഷ നിര്‍മ്മിതി അവയിലുണ്ട്. 'ബൊളാഞ്ഞോയുടെ പ്രശസ്തി, ഇംഗ്ലീഷിലെങ്കിലും, ശാന്തമായ ഒരു പകര്‍ച്ചവ്യാധിയായി പടരുകയായിരുന്നു' എന്നാണ് ആ എഴുത്തിനെ ചില നിരൂപകര്‍ വിലയിരുത്തിയിട്ടുള്ളത്. ബൊളാഞ്ഞോയുടെ The Savage Detectives, By Night in Chile, 2666 തുടങ്ങിയ നോവലുകളിലെ അസാധാരണമായ കഥാലോകം സാഹിത്യത്തെ സ്വാധീനിക്കുന്നതു തന്നെയായിരുന്നു.
2003-ല്‍ തന്റെ അന്‍പതാം വയസ്സില്‍ അന്തരിച്ച ഈ എഴുത്തുകാരന്‍ അത്ഭുതകരമായ ഭാവനയുടെ ഉടമയായി മാറുകയായിരുന്നു എന്നുവേണം പറയാന്‍. ബൊളാഞ്ഞോയുടെ പല കഥകളുമാവട്ടെ (Last Evenings on Earth, The Return ഇവ കഥാ സമാഹാരങ്ങള്‍ ) നീണ്ടുനില്‍ക്കുന്ന സാഹിത്യാനുഭവമാക്കാന്‍ ശേഷിയുള്ളവയുമായിരുന്നു. വാചകങ്ങളുടെ ഉപയോഗം ആ കഥകളില്‍ ഏറെക്കുറെ കുറ്റമറ്റതുപോലെയാണ്. വാചകങ്ങളുടെ നീളവും വിസ്തൃതിയും ഘടനയും സംഗീതനിയന്ത്രണങ്ങളെ ഓര്‍മ്മിപ്പിക്കുന്നു എന്ന് പറയാറുണ്ട്. അവയിലെ നിറങ്ങള്‍, നേരങ്ങള്‍, എല്ലാം വിശേഷപ്പെട്ടതാണ്. പലരും എഴുതിയതുപോലെ, അവയിലെ ''അടിച്ചമര്‍ത്തപ്പെട്ടതരം ഹാസ്യം'കൊണ്ട് നങ്കൂരമിട്ടിരിക്കുന്ന ഫാന്റസി പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്നു. പിന്നെ തന്റെതന്നെ എന്നു തോന്നിക്കുന്ന ആത്മകഥകളും ബൊളാഞ്ഞോയുടെ എഴുത്തിന്റെ പ്രധാനപ്പെട്ട അംശമാകുന്നു.
1998-ലാണ് 'The Savage Detectives' പ്രസിദ്ധീകരിക്കുന്നത്. അതിന്റെ 'കഥ' പക്ഷെ 1970-കളുടെ മധ്യത്തിലെ മെക്‌സിക്കോ സിറ്റിയുടേതാണ്. ബൊളാഞ്ഞോ ഒരു അവാന്ത് ഗാര്‍ഡ് കവിയായിരുന്ന കാലമാണ് അതിന്റെ പശ്ചാത്തലം. ബൊളാഞ്ഞോയുടെ മിക്ക കൃതികളെയും പോലെ, ഈ നോവലും ആ അര്‍ത്ഥത്തില്‍ തന്ത്രപരമായി എഴുതിയ ആത്മകഥയാണ്. അതിന്റെ ആദ്യഭാഗം ഏറെയും ഒരു ഡയറിയുടെ രൂപത്തിലാണ്. സ്പാനിഷ്, പോര്‍ച്ചുഗീസ് ഭാഷകളിലെ സാഹിത്യം, ആ ഭാഷകളിലെ വലിയ എഴുത്തുകാരുടെ സ്വാധീനം ബൊളാഞ്ഞോയുടെ എഴുത്തിലുമുണ്ട്. അഥവാ, അവരുടെ 'ആള്‍ട്ടര്‍ ഈഗോകള്‍' നമ്മള്‍ ആ നോവലുകളിലും കഥകളിലും പലപ്പോഴും കണ്ടുമുട്ടുന്നു.
കവിതയെയും കവികളെയും കുറിച്ചുള്ള ഒരു നോവലാണ് 'The Savage Detectives'. അതിന്റെ നായകന്മാരില്‍ ഒരാള്‍ ബൊളാഞ്ഞോയുടെ തന്നെ വേഷംമാറിയ ലഘുപതിപ്പാണ്. എങ്കില്‍ ഇതാണ്, ആ രുചിയാണ്, മുമ്പ് പറഞ്ഞ 'ആണെഴുത്തിന്റെ' കാതല്‍ എന്ന് വാദിക്കാന്‍ നമുക്ക് പറ്റും: നാര്‍സിസിസത്തിന്റെയും അസഹനീയമായ 'സാഹിത്യ സാഹസികത'യുടെയും വിവരണങ്ങളോ പ്രകീര്‍ത്തനങ്ങളോ അതില്‍ നമ്മള്‍ കണ്ടുമുട്ടുന്നു എന്നും വാദിക്കാന്‍ പറ്റും. അപ്പോഴും നോവലിലെ കഥാന്തരീക്ഷമാവും നമ്മള്‍ ശ്രദ്ധിക്കുക. അത് വളരെ ദൃഢമായി സങ്കല്‍പ്പിക്കപ്പെട്ടിരിക്കുന്നു.
സാഹിത്യത്തില്‍ നിങ്ങള്‍ക്ക് വിശ്വാസം നല്‍കാന്‍ ഒരു എഴുത്തുകാരന് കഴിയുമെന്ന് പറയുന്നത് ക്ലീഷേയാണെന്നും എന്നാല്‍, ബൊളാഞ്ഞോയുടെ കാര്യത്തില്‍ അത് അങ്ങനെയല്ല എന്ന് വാദിക്കുന്നവരെയും നമുക്ക് കാണാം. ഞാന്‍ ആ കൂട്ടത്തില്‍ പെടുന്നു. ആ സമീപനം സാഹിത്യത്തെ വളരെ ഉല്‍ക്കടമായ ഒരു പ്രവൃത്തിയായി കാണുന്നു. തന്റെ കഥാപാത്രങ്ങള്‍ക്ക് സാഹിത്യംതന്നെ ഒരു വിശ്വാസപ്രമാണമാണെന്ന് ബൊളാഞ്ഞോ കാണിച്ചുതരുന്നു. അതിനായി ആ കഥാപാത്രങ്ങള്‍ വളരെയധികം ത്യജിക്കുന്നതും കാണിച്ചു തരുന്നു. സാഹിത്യത്തെ കേവലം ഒരു 'കരിയര്‍' എന്നതിലുപരിയായി കരുതുന്ന എഴുത്തുകാര്‍ക്ക് അതുകൊണ്ടുതന്നെ ബൊളാഞ്ഞോ പ്രിയപ്പെട്ട എഴുത്തുകാരനാവുന്നു.
ഏതാനും വര്‍ഷം മുമ്പ്, കഥാകൃത്ത്, സുഭാഷ് ചന്ദ്രന്‍ പറഞ്ഞത് 'റോബര്‍ട്ടൊ ബോളാഞ്ഞോ നമ്മുടെ സാഹിത്യത്തെ സ്വാധീനിച്ചിട്ടില്ല' എന്നായിരുന്നു. ''ബൊളാഞ്ഞോ എന്നെ വായിക്കാത്തതുകൊണ്ട് അയാളെ ഞാനും വായിക്കേണ്ടതില്ല'' എന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞതായാണ് എന്റെ ഓര്‍മ. ബൊളാഞ്ഞോ നമ്മുടെ സാഹിത്യത്തെ സ്വാധീനിച്ചിട്ടില്ല എന്ന് സുഭാഷ് ചന്ദ്രന്‍ പറഞ്ഞത് ശരിയോ തെറ്റോ ആയിരിക്കാം. പക്ഷെ, അത്തരമൊരു പ്രസ്താവത്തെ അവിശ്വസിക്കാന്‍ ഞാന്‍ അന്നേ ഇഷ്ടപ്പെട്ടു. അതിനുവേണ്ടി തര്‍ക്കിക്കുകയും ചെയ്തു. എന്നാല്‍, വാസ്തവം മറ്റൊന്നായിരുന്നു. അക്കാലത്ത് നമ്മുടെ വായനക്കാര്‍ക്കിടയില്‍ ബൊളാഞ്ഞോയുടെ കൃതികള്‍ വ്യാപകമായി വായിക്കപ്പെട്ടിരുന്നു.
ഒരുപക്ഷെ, മലയാള നോവലുകള്‍ക്ക് 'സമാന്തര'മായിത്തന്നെ ആ കൃതികളുടെ ഭാവന നമ്മുടെയും വായനയില്‍ ഇടം പിടിച്ചു. എങ്കില്‍, അതിനോടുള്ള പ്രതികരണമായിരുന്നിരിക്കാം സുഭാഷ് ചന്ദ്രന്‍ പറഞ്ഞിരിക്കുക. അതുമല്ലെങ്കില്‍ നമ്മുടെ സാഹിത്യലോകത്തെ 'അപര്യാപ്തമായ പരിഭാഷ'യെ ഓര്‍മ്മിപ്പിക്കുകയായിരുന്നിരിക്കണം. തീര്‍ച്ചയില്ല. പക്ഷെ, ബൊളാഞ്ഞോ അടക്കമുള്ളവരുടെ കൃതികളുടെ പരിഭാഷകള്‍ ഇതിനകം മലയാളത്തിലെ ഫിക്ഷനെ മാറ്റാന്‍ തുടങ്ങിയിരുന്നു.
വിശേഷിച്ചും അനലംകൃതവും സാധാരണവുമായ ഒരു ഭാഷ ഫിക്ഷന്റെ സാധ്യതയായി കണ്ടുകൊണ്ട്. അഥവാ, ''സാഹിത്യത്തിന് ശ്രേഷ്ഠമായ ഒരു സാഹിത്യഭാഷ വേണം''എന്ന നമ്മുടെ കഥാകൃത്തുക്കളുടെയും /നോവലിസ്റ്റുകളുടെയും 'അന്ധവിശ്വാസ'ത്തെ ഈ പരിഭാഷകള്‍ നിലംപൊത്തിച്ചു. ഒരു പക്ഷെ അതായിരുന്നു റോബര്‍ട്ടൊ ബൊളാഞ്ഞോയുടെ മലയാളത്തിലെ സ്വാധീനം. അപ്പോഴും, അതിലെ ''ആണ്‍ലോകം'' അതേപോലെ നിന്നു. ഇപ്പോള്‍ പെണ്‍കുട്ടികള്‍ തങ്ങളുടെ അപ്രിയം രേഖപ്പെടുത്തുന്നത് അതിനോടായിരുന്നു.
ഞാന്‍ മറ്റൊരു സന്ദര്‍ഭത്തെയും മറ്റ് രണ്ട് എഴുത്തുകാരെയും ഇപ്പോള്‍ ഇതിലേക്ക് കൊണ്ടുവരട്ടെ; കഴിഞ്ഞ ദിവസം ഞാനൊരു ഫേസ്ബുക്ക് പോസ്റ്റ് വായിക്കുകയായിരുന്നു - എന്റെ ഒരു ചങ്ങാതിയുടെ തന്നെ. അതില്‍ പറയുന്നത് ഏതാണ്ട് ഇങ്ങനെയാണ്; എല്ലാ മലയാളികള്‍ക്കും ഇഷ്ടമായ രണ്ട് എഴുത്തുകാര്‍ പദ്മരാജനും മാധവിക്കുട്ടിയും ആണ്. പിന്നെ അതിനെപ്പറ്റി തന്റെ ചില അഭിപ്രായങ്ങളും എന്റെ ഈ ചങ്ങാതി എഴുതുന്നുണ്ട്. ഞാന്‍ ആ ആദ്യ വാചകത്തിലേയ്ക്കുതന്നെ മടങ്ങിയെത്തി; ''എല്ലാ മലയാളികള്‍ക്കും ഇഷ്ടമായ രണ്ട് എഴുത്തുകാര്‍ പദ്മരാജനും മാധവിക്കുട്ടിയും ആണ്.''
ഇത് ശരിയാകാം. ഇത് തെറ്റുമാകാം. ഇതില്‍ തര്‍ക്കവുമാകാം. പക്ഷെ, നമ്മള്‍ ഓര്‍ക്കുന്നത് ഒരാളുടെ വായനയില്‍ പ്രതിനിധ്യ സ്വഭാവത്തോടെ എഴുത്തുകാര്‍ പ്രവേശിക്കുന്നത് എങ്ങനെയെല്ലാമാകാം എന്നായിരിക്കും. മാധവിക്കുട്ടിയുടെ കാര്യത്തില്‍ അത് ഏറ്റവും കൂടുതല്‍ തിരിച്ചറിഞ്ഞത് അവരുടെ കഥകളുടെ 'പെണ്‍പക്ഷ'ത്തില്‍ നിന്നായിരുന്നു. അവരുടെ ഭാഷയോ ആ ഭാഷയുടെ സാംസ്‌കാരികസ്രോതസ്സോ പിന്നീട് മാത്രമാണ് വന്നത്. അല്ലെങ്കില്‍ അത് പലപ്പോഴും ചര്‍ച്ചാവിഷയമായില്ല. എന്തായാലും, മാധവിക്കുട്ടിയെ നമ്മള്‍ എല്ലാവരും ഇഷ്ടപ്പെട്ടു. ആ ഇഷ്ടത്തില്‍ അവരുടെ 'വിമതജീവിതം' അവരുടെ എഴുത്തിനോളംതന്നെ നമ്മോടൊപ്പം ഉണ്ടായിരുന്നുതാനും. അല്ലെങ്കില്‍ നമ്മള്‍ 'പെണ്ണുങ്ങള്‍ വായിക്കുന്നതുപോലെ' മാധവിക്കുട്ടിയെ വായിക്കുവാന്‍ ഇഷ്ടപ്പെടുകയായിരുന്നു.
എന്നാല്‍, പദ്മരാജന്റെ കാര്യം അത്ര എളുപ്പമാവില്ല. പദ്മരാജന്റെ കല, വിശേഷിച്ചും ആ സിനിമകളുടെ, പല നിലയ്ക്കും നമ്മുടെ സാഹിത്യത്തിലെയും സിനിമയിലേയും 'ആണ്‍വായന'യായിരുന്നു എന്ന് ഒന്നു ശ്രദ്ധിച്ചാല്‍ത്തന്നെ മനസ്സിലാകും. ഉദാഹരണത്തിന്, 'തൂവാനത്തുമ്പികള്‍' എന്ന സിനിമയിലെ നായകകഥാപാത്രത്തെ, അതിന്റെ ഭീമാകാരങ്ങളായ വേഷങ്ങളെ, പല ഭാവപ്പകര്‍ച്ചയിലും പിന്നീട് നമ്മള്‍ കാണുന്നത് പദ്മരാജനു ശേഷം വന്ന രഞ്ജിത്ത് പോലുള്ളവരുടെ തിരക്കഥകളിലും സിനിമകളിലുമാണ്. അഥവാ, അത്രയൊന്നും വെല്ലുവിളിക്കപ്പെടാത്ത 'ആണ്‍വായന'കളുടെ കൊടുമുടികള്‍ ഇവരുടെ പല സിനിമകളിലും എഴുത്തിലും പിന്നീട് നമ്മള്‍ കാണുകയായിരുന്നു. അഥവാ, ഒരു സമയത്ത്, നമ്മുടെ മധ്യവര്‍ത്തിസിനിമകളുടെ ചോരോട്ടം പദ്മരാജന്‍ സംഭാവന ചെയ്ത ഈ 'ആണ്‍നോട്ട'ത്തിലായിരുന്നു. വെല്ലുവിളിക്കപ്പെടാത്ത എഴുത്ത് കെട്ടിനില്‍ക്കുന്ന ഒന്നാണ്. അത് ഭാവനയെ അതിന്റെ സ്വാതന്ത്ര്യത്തില്‍നിന്നും അകറ്റി കൊണ്ടുപോവുന്നു.
ബൊളാഞ്ഞോയിലെക്കുതന്നെ വന്നാല്‍, അയാള്‍ പുസ്തകങ്ങളെ, ഒരുപക്ഷെ വായനയെത്തന്നെയും, സങ്കല്‍പ്പിയ്ക്കുന്നത് മറ്റൊരു വിധത്തിലുമായിരുന്നു. ബൊളാഞ്ഞോ എഴുതുന്നു; In one way or another, we are all anchored to the book. A library is a metaphor for human beings or what is best about human beings, the same way a concentration camp can be a metaphor for what is worst about them. A library is total generosity. അപ്പോള്‍ ബൊളാഞ്ഞോയെ ഒരാള്‍ക്ക് ഇഷ്ടപ്പെടാന്‍ എന്താവും കാരണം? ഞാന്‍ എന്റെ കാര്യം പറയാം. ഞാന്‍ ശ്രദ്ധിച്ച ഒരു പ്രധാന സംഗതി ഇയാളുടെ എഴുത്ത് 'സാഹിത്യഭാഷ'യ്ക്ക് എതിരെ നീങ്ങുന്നു എന്നാണ്. അത് എഴുത്തിലെ സാഹിത്യ നിര്‍മാണത്തെ പ്രതിരോധിക്കുന്നു. അതില്‍ ശ്രേഷ്ഠപരതയെ നിരാകരിക്കുന്നു. പകരം എഴുത്തിനെത്തന്നെ സാഹിത്യമായി ഭാവന ചെയ്യുന്നു.
എല്ലാ കവികളും എല്ലാ കഥാകൃത്തുക്കളും തങ്ങളുടെ ഭാഷയുമായി സാഹിത്യത്തില്‍ വരുന്നു എന്നത് നേരാണ്. അതിനൊരു കാരണം അവര്‍ പ്രവൃത്തിയെടുക്കുന്ന ഭാഷയിലെ സാഹിത്യത്തെ കുറിച്ചുള്ള വിശിഷ്ടങ്ങളായ (അങ്ങനെ കരുതുന്ന) ധാരണകള്‍ പുലര്‍ത്തുന്നു എന്നതാണ്. ആ ധാരണകള്‍ കൈമാറ്റം ചെയ്യപ്പെടുന്ന സ്വത്താവകാശംപോലെയുമാണ്. ചിലര്‍ അതില്‍നിന്നു പുറത്ത് കടക്കുന്നു. വേണ്ടെന്നു വെക്കുന്നു.
ബൊളാഞ്ഞോയുടെ എഴുത്ത് അത്രയും 'സാധാരണമായ' ഒരു ഭാഷയിലാണ്. അതിലെ റിയലിസം ദൈനംദിന ജീവിതത്തിലെ ഒരു ക്രമം സ്വീകരിക്കുന്നു. ഒപ്പം അതിലെ ഉറപ്പില്ലായ്മയും പ്രകടിപ്പിക്കുന്നു. ആ കൃതികളുടെ ഇംഗ്ലീഷ് പരിഭാഷയാണ് നമ്മള്‍ അധികപേരും വായിക്കുന്നത്, എങ്കില്‍ക്കൂടി അത് മനസിലാകും. സാഹിത്യത്തിനെതിരേ നീങ്ങുന്ന സാഹിത്യഭാഷ, അത് ഫിക്ഷന്റെ അസാധാരണമായ ഒരു ശേഷിയായി അനുഭവപ്പെടുന്നു. ഇതാകാം, ബൊളാഞ്ഞോയുടെ എഴുത്ത് അവതരിപ്പിക്കുന്നത്.
നിര്‍വ്യാജമായ ഐക്യദാര്‍ഢ്യം കലയോട് പ്രഖ്യാപിക്കുന്നവിധം എഴുതുക എന്നത് ഒരു വെല്ലുവിളിയാണ്. അങ്ങനെ ഒരു കൃതി വായിക്കുന്നതും അത്ര പരിചയമുള്ള പ്രവൃത്തിയല്ല. ഈ അവസ്ഥ ബൊളാഞ്ഞോയുടെ രചനകളെ പലപ്പോഴും മനുഷ്യജീവിതത്തെ നിരീക്ഷിച്ചുകൊണ്ടേ ഇരുന്ന ഒരാളുടെ കേസ് ഡയറി പോലെയാക്കുന്നു. ജീവിതത്തിന്റെ നിരാധാരമായ ഒരു നിലനില്‍പ്പ് അവ പ്രകടിപ്പിക്കുന്നു.
ചിലപ്പോള്‍ ആഘോഷിക്കുന്നു. അതുകൊണ്ടുതന്നെ, ബൊളാഞ്ഞോയുടെ ഓരോ രചനകളും കലയിലേയും ജീവിതത്തിലെയും അപൂര്‍വ്വമായ ഒരു സന്ദര്‍ഭം സമ്മാനിക്കുന്നു. ഉദാഹരണത്തിന്, ലൈംഗികത, ബൊളാഞ്ഞോയുടെ കഥകളിലും നോവലുകളിലും പലപ്പോഴും പ്രകടിപ്പിക്കുന്നത് ജീവിതാവേശത്തെക്കാള്‍ ശരീരങ്ങളുടെ സുരക്ഷിതമായ പാര്‍പ്പിടങ്ങള്‍പോലെയാണ്. നിരുപാധികമായ ഒരു ജീവിതസന്ദര്‍ഭം അതിലൂടെ പ്രകടിപ്പിക്കപ്പെടുന്നു. പലപ്പോഴും ഒരു ദൃഢമൈത്രിയുടെ (Intimacy) ആവശ്യമായിത്തന്നെ. പക്ഷെ, അതൊരു 'ആണ്‍കാഴ്ച'യായി ഒടുങ്ങുന്നു എന്നാണ് ബൊളാഞ്ഞോയുടെ എഴുത്ത് നേരിടുന്ന വിമര്‍ശം.
ഫ്രഞ്ച് നാടകചിന്തകനും നടനും കവിയുമായിരുന്ന അന്തോണ്‍ ആര്‍തോഡിന്റെ വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ് ബൊളാഞ്ഞോയുടെ മരണാനന്തരം പ്രസിദ്ധീകൃതമായ A Little Lumpen Novelita ആരംഭിക്കുന്നത്. എല്ലാ എഴുത്തും നീചസാഹിത്യമാണെന്ന് ആര്‍തോഡ് പറയുമായിരുന്നു. എല്ലാ എഴുത്തുകാരും പന്നികളാണെന്നും കൂട്ടി ചേര്‍ക്കും. 'ക്രൂര നാടകവേദി' (Cruel Theatre)യുടെ ഉപജ്ഞാതാവായ ഈ എഴുത്തുകാരനിലേക്ക്, ഒരുപക്ഷെ, ബൊളാഞ്ഞോയെക്കാള്‍ അയാളുടെ ഈ നോവലാകും ചേരുന്നത്. യഥാര്‍ത്ഥമായതെന്തും ക്രൂരമായ ഒരു ഉള്ളടക്കവും സൂക്ഷിക്കുന്നു എന്നര്‍ത്ഥത്തില്‍. അഥവാ, ആര്‍തോഡിന്റെ ഉദ്ധരണിയ്ക്ക് ശേഷം തന്റെ കഥ കൈക്കൊള്ളാന്‍ പോകുന്ന എന്തും സത്യവും ക്രൂരവുമായ ഒരു ജീവിതവേദിയുടെതാകുന്നു എന്ന് ഈ ഉദ്ധരണി ഓര്‍മ്മിപ്പിക്കുന്നു. (മറ്റൊരിടത്ത് ഞാനീ നോവലിനെപ്പറ്റി എഴുതിയിട്ടുണ്ട്.)
'നമ്മള്‍ ഒരിക്കലും കുട്ടികളാവുന്നത് അവസാനിപ്പിക്കുന്നില്ല' എന്ന് ബൊളാഞ്ഞോ ഒരിക്കല്‍ പറഞ്ഞു;'സാഹിത്യം അപകടകരമായ ഒരു ഉള്‍വിളി'യാണെന്നും. കുറ്റകൃത്യംപോലെ തിടം വെയ്ക്കുന്ന ഒരു സ്ഥലത്ത് നിഷ്‌കളങ്കമായ ഒരിടമോ സമയമോ നമ്മള്‍ കണ്ടെത്തുന്നപോലെയാണ് അങ്ങനെ പറയുന്നത് എന്ന് തോന്നും. എങ്കില്‍ കുടിയിറക്കപ്പെട്ട ജീവിതങ്ങളുടെ മോഹമോ സ്വപ്നമോ നമ്മള്‍ ഹതാശമായി പിന്തുടരുകയാണ് എന്നും.
ബൊളാഞ്ഞോയുടെ നോവലുകളിലെ 'ആണ്‍സ്വരൂപ'ത്തെപ്പറ്റി പറഞ്ഞുകൊണ്ടാണ് ഞാന്‍ തുടങ്ങിയത്. എന്നാല്‍, ഈ വാദങ്ങളെ 'സംശയിപ്പിക്കുന്ന' അയാളുടെതന്നെ ഒരു കവിതയുടെ മൊഴിമാറ്റത്തിലൂടെ ഞാനിത് അവസാനിപ്പിക്കട്ടെ. എഴുത്ത് അങ്ങനെകൂടിയാണല്ലോ സന്ദേഹിയുടെ കലയാകുന്നത്.
മഴ
മഴ പെയ്യുകയാണ്, നീ പറയുന്നു ഇത്
മേഘങ്ങള്‍ കരയുന്ന പോലെയാണെന്ന്
എന്നിട്ട് വായ പൊത്തി നീ നിന്റെ കാലടികള്‍ക്ക് വേഗത കൂട്ടുന്നു.
ആ മെലിഞ്ഞ മേഘങ്ങള്‍
കരയുകതന്നെയായിരുന്നു
എന്ന പോലെ.
അത് അസാധ്യമാണ്.
എന്നാല്‍ പിന്നെ
എന്തിനാണ് ഈ രോഷമെല്ലാം?
നമ്മെ നരകത്തിലേക്കെടുക്കുന്ന
ഈ നിരാശ?
ചില ക്രമങ്ങള്‍ പ്രകൃതി
അവളുടെ രണ്ടാനമ്മയായ രഹസ്യത്തില്‍
ഒളിപ്പിക്കുന്നു.
എന്നിട്ട് നീയോ, വിചാരിച്ചതിനെക്കാള്‍
പെട്ടെന്ന്, ഈ സായാഹ്നം,
സമ്പൂര്‍ണ നാശത്തിന്റെ സായാഹ്നമെന്ന്
കരുതുന്നു.
ഒന്നുമല്ല,
ഇതൊരു വിഷാദ സായാഹ്നമെന്നുമാത്രം
തോന്നിയാല്‍ മതി.
ഓര്‍മയില്‍ നഷ്ടപ്പെട്ട
ഏകാന്തതയുടെ സായാഹ്നം:
പ്രകൃതിയുടെ കണ്ണാടി.
അല്ലെങ്കില്‍ ഒരു പക്ഷെ നീ മറക്കും.
മഴ, തേങ്ങല്‍...
കിഴുക്കാംതൂക്കായൊരു നടത്തത്തില്‍
മാറ്റൊലി കൊള്ളുന്ന
നിന്റെ കാലടികള്‍അതൊന്നും കാര്യമാക്കേണ്ട.
ഇപ്പോള്‍ നിനക്ക് കരയാം
കടല്‍ത്തീരത്തെ
തടികൊണ്ടുണ്ടാക്കിയ നടപ്പാതയില്‍
കാറുകളുടെ വിന്‍ഡ്ഷീല്‍ഡുകള്‍ക്കുമേല്‍
നിന്റെ തന്നെ രൂപമലിയാന്‍ അനുവദിച്ചുകൊണ്ട്.
പക്ഷെ, നിന്നെ
നിനക്ക് നഷ്ടമാവാന്‍ പാടില്ല.
Content Highlights: Aksharamprathi column by Karunakaran writes about Roberto Bolano Chilean novelist, World literature