'എനിക്ക് എല്ലാം തന്നിട്ട് എന്റെ സച്ചിസാര്‍ പോയി'

അട്ടപ്പാടിയില്‍നിന്ന് നല്ലവാര്‍ത്തകള്‍ മലയിറങ്ങാറില്ല. ശിശുമരണങ്ങള്‍, തലച്ചുമടായുള്ള ശവയാത്രകള്‍, പട്ടിണി, വരള്‍ച്ച, കൃഷിനാശം, അഴിമതി, ഭൂമികൈയേറ്റങ്ങള്‍, വേരുകളില്‍നിന്ന് ചിതറിപ്പോയ ആദിമജനതയുടെ പിടച്ചിലുകള്‍, ലഹരിയുടെ കൊത്ത്, മധുവിന്റെ കൊലപാതകം, സാക്ഷികളുടെ വഞ്ചന... അങ്ങനെ കെട്ട വാര്‍ത്തകളാവട്ടെ എമ്പാടുമുണ്ട്. വെയിലില്‍ പൊള്ളിക്കരിഞ്ഞും മഴയില്‍ പൊട്ടിയൊലിച്ചും അശാന്തമായ ഒരിടം. നല്ലതൊന്നും കേള്‍ക്കാനില്ലാതെ നഗരമനുഷ്യര്‍ക്കിടയില്‍ ആക്ഷേപപദമായി മാറി പലപ്പോഴും അട്ടപ്പാടി. അതിദാരിദ്ര്യത്തിന്റെയും അപരിഷ്‌കൃതത്വത്തിന്റെയും സ്ഥലനാമമായി ആ ദേശം എണ്ണപ്പെട്ടു. വയനാട്ടിലേക്കോ ഇടുക്കിയിലേക്കോ കയറിയെത്തുന്നപോലെ പൊതുകേരളം അട്ടപ്പാടിക്ക് ചെന്നില്ല. ഗോത്രമനുഷ്യരുടെ ഭൂരിപക്ഷ ഭൂമി എങ്ങനെ സ്പന്ദിക്കുന്നു എന്ന് നമ്മുടെ പൊതുലോകം തൊട്ടറിയാന്‍ ശ്രമിച്ചതേയില്ല. അങ്ങനെ അറിയാതെപോയ, അറിഞ്ഞവര്‍ പറയാതെപോയ അട്ടപ്പാടിയില്‍ പാട്ടിന്റെ, ആട്ടത്തിന്റെ ഒരസാധാരണ ലോകമുണ്ടായിരുന്നു. ആസാദ് കലാസംഘം എന്ന് പേരിട്ട് പഴനിസ്വാമി എന്ന പൊതുപ്രവര്‍ത്തകനായ ഇരുളയുവാവിന്റെ മുന്‍കൈയില്‍ സജീവമായ ഒരു കൂട്ടം. പാട്ടാണ് ആ കലാസംഘത്തിന്റെ പൊരുള്‍. പാട്ട് ചോറും ചോരയുമായ ഇരുളഗോത്രത്തില്‍നിന്ന് ഒരു വീട്ടമ്മ ആ കലാസംഘത്തിന്റെ ഭാഗമാകുന്നു. പാട്ടിന്റെ കരുത്തില്‍ അവര്‍ അതിന്റെ നെടുംതൂണാകുന്നു. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി കേരളത്തിലെമ്പാടും കലാസംഘത്തിനൊപ്പം അവര്‍ സഞ്ചരിക്കുന്നു. അവരുടെ തന്നെ വാക്കുകളില്‍ ''കേറാത്ത സ്റ്റേജില്ലൈ, പിടിക്കാത്ത മൈക്കില്ലൈ.''
ആത്മപ്രകാശനമായിരുന്നു അവരുടെ എല്ലാ പാട്ടുകളും. എഴുതപ്പെടാത്ത, ചിട്ടപ്പെടുത്താത്ത പാട്ടുകള്‍. ഓര്‍മയില്‍നിന്ന് മാത്രം അവര്‍ പാടി. ''പാടാന്‍ കേറി നില്‍ക്കുമ്പോ മുന്‍പില്‍ ഓര്‍മകള്‍ വരും. നാങ്കളുടെ ഊര്, എന്‍ അപ്പ,അമ്മ, തെരുക്കൂത്ത് കളിക്കുന്ന എന്റെ ചേട്ടന്‍, കാട്ടിനുള്ളിലെ പത്ത് മുന്നൂറ് കുടിലുകള്‍, മരണങ്ങള്‍, മരിച്ച വീടുകളില്‍ ചെന്ന് ഉറക്കെപ്പാടുന്ന ഞാന്‍, എന്റെ കുഞ്ഞുന്നാള്‍, ഞങ്ങള്‍ ഇരുളന്മാരുടെ ദൈവങ്ങള്‍, അവര്‍ക്ക് വേണ്ടി പാടിയ പാട്ടുകള്‍... എല്ലാമിങ്ങനെ മുന്‍പില്‍ വരും. അപ്പോള്‍ ഞാന്‍ കണ്ണടയ്ക്കും. എന്റെ തൊണ്ടയില്‍ പാട്ട് വരും. കരച്ചിലും വരും.''
നാടുമുഴുക്കെ പാടി നടന്ന ആ അമ്മയെ ഇന്ന് നാടറിയും; നഞ്ചിയമ്മ. 2020-ലെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് കൂടി തേടിയെത്തിയതോടെ അട്ടപ്പാടിയെന്നാല്‍ ഇപ്പോള്‍ നഞ്ചിയമ്മകൂടിയാണ്. ഒരു ദേശം ശിരസ്സുയര്‍ത്തുന്ന പാട്ടുബലം. 2020-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ജൂറി പുരസ്‌കാരവും നഞ്ചിയമ്മയ്ക്കായിരുന്നു.
വലിയ പാട്ടുകാരിയാണ് നഞ്ചിയമ്മ. നമ്മുടെ ഗോത്രപൈതൃകത്തിലാണ് അതിന്റെ വേരുകള്‍. ഓര്‍മകളാണ് അതിന്റെ ജീവന്‍. ആടുമേയ്ച്ചും കൃഷിചെയ്തും ജീവിക്കുന്ന, വടികുത്തി മലയിറങ്ങിവരുന്ന, മുഖംനിറഞ്ഞ് ചിരിക്കുന്ന നഞ്ചിയമ്മ കൂട്ടത്തില്‍ ഒരു പാട്ടുകൂടി പാടിയതല്ല. പതിറ്റാണ്ടുകള്‍ നീണ്ട കലാജീവിതത്തിലെ അതിസ്വാഭാവികമായ ഒരു തുടര്‍ച്ചയാണ് ഇപ്പോഴത്തെ പുരസ്‌കാരം. പാട്ടിനെക്കുറിച്ച് പറയാനുണ്ട് അവര്‍ക്ക്. ഇരുളര്‍ എന്ന തന്റെ ജനതയെക്കുറിച്ച് ആവലാതികളുമുണ്ട്. ഇപ്പോള്‍ കൈവന്ന പ്രശസ്തി തന്റെ ജനതയിലേക്ക് തിരിച്ചുവിടാന്‍ എന്തുചെയ്യണമെന്നും പറയാനുണ്ട് നഞ്ചിയമ്മയ്ക്ക്.
കെ.സി. സുബി: ഇങ്ങോട്ടുള്ള യാത്രയില്‍ നഞ്ചിയമ്മയുടെ പാട്ടുകള്‍ വീണ്ടും കേള്‍ക്കുകയായിരുന്നു. പാട്ടില്‍ നിറയെ കുഞ്ഞുങ്ങളും കാടുമാണ്. കേള്‍ക്കാത്ത ഒരു ഈണമാണ്. പക്ഷേ, വളരെ പരിചയം തോന്നും. നല്ല രസമുള്ള പാട്ടുകളാണ്. നേരത്തേ മുതല്‍ എല്ലാവരും കേള്‍ക്കുന്നു. ഇപ്പോള്‍ വലിയ അവാര്‍ഡൊക്കെ കിട്ടിയല്ലോ. അപ്പോള്‍ പാട്ട് ഇനിയും ആളുകള്‍ കേള്‍ക്കും. നല്ല സന്തോഷമല്ലേ?
നഞ്ചിയമ്മ: സന്തോഷം...(കൈകൂപ്പി വിഖ്യാതമായ ചിരി... സന്തോഷം എന്ന ആ വാക്കില്‍ അവസാനിക്കും നഞ്ചിയമ്മയുടെ പൊതുമലയാളം. തമിഴിനോട് കൂടുതല്‍ ചാര്‍ച്ചയുള്ള ഇരുളഭാഷയിലാണ് വര്‍ത്തമാനം. മലയാളവും പറയും. അപ്പോഴൊരു തടയല്‍ തൊണ്ടയില്‍ കുടുങ്ങുമെന്ന് നഞ്ചിയമ്മ. ''ഉള്ളം തുറന്ന് വരാത്.'' മലയാളം കേട്ട് കേട്ട് ഇരുളഭാഷ ഇപ്പോള്‍ മലയാളത്തോടും കൂട്ടുകൂടി. എങ്കിലും തമിഴിന്റെ കൊടും ദ്രാവിഡക്കൂറിലാണ് ഭാഷയുടെ നില്പ്. ഇരുള പേച്ച്ഭാഷയാണ്. എഴുത്തില്ല. നഞ്ചിയമ്മയുടെ പറച്ചില്‍ അച്ചടിക്ക് വഴങ്ങില്ല. വിവര്‍ത്തനമാണ് ആശ്രയം. പാട്ടുപോലെത്തന്നെ ആര്‍ദ്രവും ഗംഭീരവുമാണ് ആ പറച്ചിലുകളും. വ്യാഖ്യാനങ്ങളും പരിഭാഷയും അതിന്റെ സത്ത ചോര്‍ത്തും).
എല്ലാത്തിനും നന്ദിയുണ്ട്. ഞങ്ങളുടെ പാട്ട് എല്ലാവരും കേള്‍ക്കുന്നുണ്ടല്ലോ. കുട്ടികള്‍ എന്ന് പറഞ്ഞല്ലോ. ഞങ്ങളുടെ ഊരുകളില്‍ എപ്പോഴും നിറയെ കുട്ടികളാണ്. എന്റെ കുഞ്ഞിലേ ഓര്‍മയില്‍ മുഴുവന്‍ ഞങ്ങള്‍ കുട്ടികളുടെ പലതരം കളികളാണ്. വലിയവര്‍ കാലത്തേ പോകും. പല പണികളാണ്. പണ്ട് എന്റെ ഓര്‍മയ്‌ക്കൊക്കെ മുന്‍പ് പാമ്പുകളെ പിടിച്ച് തോല്‍ എടുക്കുന്ന പണി ഉണ്ടായിരുന്നു. പിന്നെ അതില്ല. കുടികളിലെ പാട്ടികളും മുത്താച്ചികളും കുട്ടികളും അല്ലാത്ത എല്ലാവരും പണിക്ക് പോകും. തേടിക്കൊണ്ട് വന്ന് ഞങ്ങള്‍ക്ക് തീറ്റ തരണം. കിളികളൊക്കെ ചെയ്യില്ലേ അതുപോലെ. അവര് വരുന്നവരെ ഞങ്ങള്‍ കളിക്കും. കാടിന്റെ ഉള്ളിലാണ് ഞങ്ങളുടെ കുടികള്‍. പുല്ല് മേഞ്ഞ വീടുകള്‍. അടുപ്പുപോലെ അടുത്തടുത്ത്. മുന്നൂറും മുന്നൂറ്റമ്പതും കുടികള്‍ കാണും ഒരു കോളനിയില്. എല്ലാവരും ഒരുമിച്ചാണ്. കുടുംബക്കാരാണ്. അപ്പോള്‍ പകലൊക്കെ ഇങ്ങനെ പാട്ടുണ്ട്. പാട്ടിമാര് ഞങ്ങള്‍ക്ക് തീറ്റ തരുന്നത് പാടിക്കൊണ്ടാണ്. എല്ലാരും അങ്ങനെ ആണോ എന്ന് അറിയില്ല. എനിക്ക് പാട്ടാണ് വലുത്. അതുകൊണ്ട് ഞാന്‍ ഓര്‍ക്കുമ്പോഴൊക്കെ അവിടെ പാട്ടാണ്. ചിലപ്പോള്‍ പാട്ടുമാത്രം എന്റെ ഓര്‍മയില്‍ നില്‍ക്കണതും ആയിരിക്കും. പാട്ടിമാര് കുട്ടികള്‍ക്ക് തീറ്റകൊടുക്കുമ്പോ ഉറക്കെ പാടണ ഓര്‍മയുണ്ട്. ഞാനിപ്പോള്‍ പരിപാടിക്ക് പാടണ എല്ലാ പാട്ടുകളും അന്ന് തൊട്ടേ കേള്‍ക്കുന്നതാണ്. എന്റെ പതിമൂന്നാം വയസ്സുമുതല്‍ പാടണ പാട്ടാണ് കലക്കാത്ത സന്ദന മരം. ഞാനുണ്ടാക്കിയ പാട്ടാണ് എന്നാ എന്റെ തോന്നല്‍. ചിലപ്പോള്‍ മുത്താച്ചി പാടിത്തന്നതാവും.
തമിഴ്നാട്ടിലല്ലേ ആ നാട്? ചെറുപ്പകാലത്തെ ഓര്‍മകള്‍?
ആലങ്കണ്ടി പുത്തൂര്‍. തമിഴ്നാട് കേരളം ഒക്കെ നമ്മള്‍ പിന്നെ ഉണ്ടാക്കിയതല്ലേ. ഞങ്ങള്‍ക്ക് എല്ലാം ഒരേ ഊര്. ഇപ്പോ എല്ലാവരും പറയും തമിഴ്നാട് ആണെന്ന്. ആലങ്കണ്ടി അന്ന് ചുറ്റും കാട് ഉള്ള ഒരു നാടാണ്. സ്‌കൂള്‍ ഒന്നും അന്നില്ല. ആരും സ്‌കൂള്‍ കണ്ടിട്ടില്ല. അച്ഛനും അമ്മയ്ക്കും കൂലിപ്പണികളാണ്. അച്ഛന്‍ മാടുകളെ മേയ്ക്കുന്ന ഓര്‍മ ഉണ്ട്. ഞങ്ങള്‍ കുട്ടികള്‍ കൂട്ടമായ് നടക്കും. കുറേ വീടുകള്‍ ഉണ്ടെന്ന് പറഞ്ഞല്ലോ. അന്ന് ഇത്ര സ്ഥലം ഇന്നയാള്‍ക്ക് എന്ന് ഒന്നുമില്ല. അതിരൊന്നുമില്ല.
അക്കാലത്ത് കേട്ട പാട്ടുകള്‍ ഓര്‍ക്കുന്നുണ്ടോ?
മറന്നിട്ടില്ല. പക്ഷേ, പുറത്തേക്ക് ഓര്‍ത്തെടുക്കാന്‍ പറ്റില്ല. അത് ഞങ്ങള്‍ പഠിക്കണത് അല്ല. ഉള്ളിലേക്ക് കേറി കെടക്കണതാണ്. ഇപ്പോള്‍ ചോദിച്ചാല്‍ ഒന്നും ഓര്‍മവരില്ല. സ്റ്റേജില്‍ കയറി നില്‍ക്കുമ്പോ അങ്ങനെയല്ല. മുമ്പില്‍ കുറേ ആളുകള്‍ കാണും. അപ്പോ നമ്മള്‍ ശ്രമിക്കാതെ തന്നെ പാട്ടുകള്‍ വരും. ഞാനന്നേരം ആലങ്കണ്ടി പുത്തൂരിലെ കുടികളില്‍ ഓടിനടക്കുകയാണെന്ന് തോന്നും. അവിടുള്ള കിളികളുടെ ഒച്ചപോലും ഉള്ളില്‍ വരും. ഞങ്ങളുടെ പാട്ട് അങ്ങനെയാണ്. ചെറുപ്പത്തില്‍ കിളികളെ പിടിക്കാറുണ്ട്. വലിയ മരങ്ങള്‍ ഉണ്ടവിടെ. നിറയെ ഇലകള്‍. ആല്‍മരം എല്ലാമുണ്ട്. മരങ്ങളില്‍ കായകള്‍. അത് പഴുക്കുമ്പോള്‍ കിളികള്‍ തിന്നാന്‍ വരും. ഞങ്ങളപ്പോള്‍ പലതരം മരപ്പശയും പൊടികളും ഒക്കെ കൊമ്പത്ത് വെക്കും. ഈ കിളികള്‍ പഴം തിന്നിട്ട് അവിടിരിക്കും. മൊത്തം കിളികളുടെ ഒച്ചയാണ്. എന്നിട്ട് രാവിലെ ഞങ്ങള്‍ ഓട്ടമാണ് ഈ മരത്തിന്റെ അടുത്തേക്ക്. അപ്പോള്‍ പശയില്‍ തൂങ്ങി കിളികള്‍ കിടക്കും. ഇപ്പോള്‍ കേള്‍ക്കാന്‍ കൊള്ളാത്ത കാര്യമാണ്. അന്ന് അങ്ങനെ ആയിരുന്നു. ഞങ്ങള്‍ മരത്തില്‍ വലിഞ്ഞ് ആ കിളികളെ പിടിക്കും. കുറേ ഉണ്ടാവും. ചത്തുകിടക്കുകയാണ്. ഞങ്ങള്‍ കൂട്ടംചേര്‍ന്ന് അതുങ്ങളെ കുടിയിലേക്ക് കൊണ്ടുവരും. ചുട്ടും കറിവെച്ചും തിന്നും. കിളിയിറച്ചിയുടെ മണം വരുമ്പോ കുട്ടികളെല്ലാം പാട്ടും പാടി തുള്ളിച്ചാടും. അന്ന് വേറെ ഇറച്ചികള്‍ കേട്ടിട്ടില്ല. ആടും മാടും കോഴിയും ഒന്നുമില്ല ഇറച്ചിക്ക്. പിന്നെ എലികളെ പിടിക്കും. അതും കൂട്ടമായിട്ടാണ്. പൊത്തുകളില്‍ ചെന്ന് അറ്റത്ത് പുകയിടും. വലിയ എലികളാണ്. പൊത്തിന്റെ അപ്പുറത്ത് വേറെ പൊത്ത് ഉണ്ടാക്കും. അവിടെ കാത്ത് നിക്കും. പൊക ഊതി ഊതി നിറയ്ക്കും. അപ്പോ എലി പുറത്ത് പാഞ്ഞുവരും. എല്ലാവരും ചേര്‍ന്ന് പിടിക്കും. അതിനെയും കറിവെക്കും. പിന്നെ അവിടെ എല്ലാത്തിനും ആഘോഷമാണ്. കുടികളില്‍ എപ്പോഴും ഓരോ കാര്യങ്ങള്‍ നടക്കും. അതിനെല്ലാം പാട്ടാണ്. പലതരം കുഴലുകള്‍ ഊതും. ഇത്ര വര്‍ഷമായിട്ടും ആ ശബ്ദവും താളവും എന്റെ കാതിലുണ്ട്. അത് കാതിലൂടെ കയറി ഉള്ളില്‍ ഉറഞ്ഞ് കിടക്കുകയാണ്.
അന്ന് നിങ്ങള്‍ കുട്ടികള്‍ക്ക് ആരെങ്കിലും ഈ പാട്ടുകള്‍ പഠിപ്പിച്ച് തന്നിരുന്നോ?
ഇല്ല. അങ്ങനെ ആരും ആരെയും ഒന്നും പഠിപ്പിക്കുന്ന സ്ഥലമല്ല ഞങ്ങളുടേത്. എല്ലാം കണ്ടും കേട്ടും അറിയുന്നതാണ്. പഠിക്കല്‍ എന്ന് കേട്ടിട്ടേ ഇല്ല. ഒരാളെ വിളിച്ചിരുത്തി, അല്ലെങ്കില്‍ കുറേ കുട്ടികളെ വിളിച്ചിരുത്തി നീ അങ്ങനെ ചെയ്യ്, ഇങ്ങനെ ചെയ്യ്, അങ്ങനെ ചെയ്യരുത് എന്നൊന്നും ആരും പറഞ്ഞുതരില്ല. നമ്മള്‍ ഇപ്പോള്‍ കുട്ടികളെ നോക്കുന്നപോലെ അല്ല അന്ന്. മുത്താച്ചിമാര് ഒന്നും മിണ്ടാത്തവരാണ്. അവര്‍ക്ക് പണിക്ക് പോകാനും പുറത്ത് നടക്കാനും പറ്റില്ലല്ലോ? കൂട്ടിലിട്ടപോലെ ആണ് വയസ്സായവര്‍. കൂനി ഒരിടത്ത് ഇരിക്കും. ചടങ്ങുകള്‍ നടക്കുമ്പോഴാണ് അവര്‍ക്ക് ജീവന്‍വെക്കുന്നത്. അതുവരെ ഈ ഇരിപ്പ് ഇരുന്ന മുത്താച്ചിമാരും മൂത്തച്ഛന്മാരും അന്നേരം തുള്ളും. എത്ര പാട്ടുകളായിരുന്നു!
പതിനെട്ട് വയസ്സുവരെ ആലങ്കണ്ടി പുത്തൂരില്‍ ജീവിച്ചല്ലോ. അക്കാലത്ത് മനസ്സില്‍ പതിഞ്ഞ, ആരാധന തോന്നിയ വേറെ പാട്ടുകാര്‍ ഉണ്ടാവില്ലേ. അവരെപ്പോലെ പാടണം എന്ന് തോന്നിയ ആളുകള്‍.
എന്റെ ചേട്ടന്‍ വലിയ തെരുക്കൂത്ത് കലാകാരനാണ്. കൂത്ത്പാട്ട് നല്ല രസമാണ്. തമാശപ്പാട്ടുകളാണ്. തെരുക്കൂത്ത് നാട്ടിലെ വലിയ പരിപാടിയാണ്. ഞങ്ങളുടെ ആളുകളാണ്, ഇരുളരാണ് അതില്‍ ഉള്ളത്. പഴയ കഥകള്‍ പറയുന്ന ആട്ടമാണത്. രാമന്റെ എല്ലാം. ചിരിപ്പിക്കുന്ന വേഷോം വര്‍ത്തമാനോം നല്ല തിടുക്കത്തിലുള്ള പാട്ടുകളും. പാട്ട് സ്വന്തം ഉണ്ടാക്കും. എവിടെ തെരുക്കൂത്ത് വെച്ചാലും ഞാന്‍ കാണാന്‍ പോകും. സ്ത്രീകള്‍ക്ക് അത് കളിക്കാന്‍ പാടില്ല. കാണാന്‍ വരുന്ന ആളുകളെ കളിയാക്കാനുള്ള പാട്ടെല്ലാം അപ്പപ്പോള്‍ ഉണ്ടാക്കും. അത് കണ്ടിരിക്കാന്‍ രസമാണ്. കുടികളിലെ എല്ലാവരും തിങ്ങി ഇരിക്കും. പുറത്തെ ആളുകളും കൂടുതല്‍ ഉണ്ടാവും. ഉത്സവംപോലുള്ള കാര്യങ്ങള്‍ക്കാണ് തെരുക്കൂത്ത് നടക്കുക. രാമര്‍കൂത്ത് പ്രധാനമാണ്. അതിലെ പാട്ടുകള്‍ എല്ലാം പിന്നെ ഞാന്‍ പാടാറുണ്ട്.
പാട്ടുകാരിയാണെന്ന് തോന്നിയ കാലം ഓര്‍ക്കുന്നുണ്ടോ?
പതിമൂന്നാം വയസ്സുമുതല്‍ ഞാന്‍ എന്റെ ഊരില്‍ അറിയപ്പെട്ട പാട്ടുകാരിയാണ്. ഞങ്ങള്‍ക്ക് മരണം പാട്ടിന്റെ സമയമാണ്. എവിടെ ആര് മരിച്ചാലും ഞാന്‍ പോകും. അവിടെ ഇരുന്ന് പാട്ടുകള്‍ പാടും. മരണവീടുകളില്‍ ആളുകള്‍ നമ്മളെ പാടാന്‍ വിളിച്ചോണ്ടുപോകാന്‍ തുടങ്ങി. അതുപോലെ അടിയന്തിരം. അടിയന്തിരം പാട്ട് മേളയാണ്. എല്ലാ അടിയന്തിരത്തിനും ഊരില് എന്റെ പാട്ടുണ്ട്. ഒരു സ്ഥലത്ത് പാടിയത് അടുത്ത സ്ഥലത്ത് ഉടനെ പാടില്ല. അപ്പോള്‍ പാട്ട് മനസ്സില്‍ ഉണ്ടാക്കും.
ഈണങ്ങളോ? അതെങ്ങനെ ചിട്ടപ്പെടുത്തും?
(ചിരി) പാട്ട് എന്നുപറയണത് ഈണമാണ്. ഒന്നിച്ച് ഉണ്ടാവും. ഓരോ അവസരത്തിനും ഓരോ ഈണം വരും. കലക്കാത്ത സന്ദനമരമില്ലേ അത് കുഞ്ഞിനോട് പറയണതാണ്. തമാശപോലെ അതിനെ ചിരിപ്പിക്കാന്‍. അല്ലെങ്കില്‍ അതിന് ആഹാരം കൊടുക്കാന്‍ പാടുന്നതാണ്. ആ പാട്ട് ഉണ്ടാക്കി പാടുമ്പോള്‍ ഞങ്ങള്‍ കുട്ടികളോട് പാടുന്ന ഈണത്തിലേ വരൂ. ദൈവമകളേ കേട്ടില്ലേ. അത് സങ്കടം. അപ്പോ അതിന് അങ്ങനെ വരും. ഞങ്ങള്‍ക്ക് ഈണവും കഥേം എല്ലാം ചേര്‍ന്നതാണ് ഒരു പാട്ട്. വേര്‍തിരിക്കാന്‍ പറ്റില്ല.
എപ്പോഴാണ് അട്ടപ്പാടിയിലേക്ക് വരുന്നത്?
18 വയസ്സില്‍. എന്റെ കല്യാണം കഴിഞ്ഞ്. ഇവിടെ ഈ നക്കുപതി പിരിവ് ഊരിന്റെ മൂപ്പന്‍ ഉണ്ട്. മൂപ്പന്റെ മകന്‍ നഞ്ചപ്പന്‍ ആണ് എന്നെ കല്യാണം കഴിച്ചത്. അങ്ങനെ ഇങ്ങോട്ട് വന്നു.
ചേര്‍ച്ച ഉള്ള പേരാണല്ലോ?
അത് ഞങ്ങളുടെ പേരുകള്‍ അങ്ങനെയാണ്. എല്ലാ വീട്ടിലും നഞ്ചമ്മമാരുണ്ട്. നഞ്ചിയമ്മയാണ്. നഞ്ചമ്മ എന്ന് വിളിക്കും. നാഞ്ചപ്പന്‍മാരുമുണ്ട്. പേരിടുന്നത് ഒരു കാര്യമാണ്. ഞങ്ങള്‍ക്ക് മുത്താച്ഛന്‍മാരോടും മുത്താച്ഛിമാരോടും സ്‌നേഹമാണ്. എല്ലാവരോടും സ്‌നേഹമാണ്. വഴക്കും സ്‌നേഹക്കുറവും എല്ലാം ഇപ്പോള്‍ നാട്ടിലാണ്. ഞങ്ങളുടെ ഊരില്‍ ഞാന്‍ അന്ന് കണ്ടിട്ടില്ല. അപ്പോ അവരുടെ ഓര്‍മ ഞങ്ങള്‍ക്ക് വലുതാണ്. അവര് മരിച്ചാല്‍ കുറേനാള്‍ സങ്കടമാണ്. ആ സങ്കടം തീരാനും അവര് സന്തോഷമായി പോകാനുമാണ് ഞങ്ങള്‍ പാടണതും ആടണതും. അങ്ങനെ അവര് മരിച്ചുകഴിഞ്ഞ് ആ കുടിയില്‍ ഉണ്ടാവുന്ന കുട്ടിക്ക് മരിച്ചയാളുടെ പേരിടും. എന്റെ കുടിയില്‍ അവസാനം മരിച്ച മുത്താച്ഛിയുടെ പേരാണ് എനിക്ക്. അങ്ങനെ കുറേ നഞ്ചമ്മമാര്‍ ഉണ്ടായി. നഞ്ചപ്പന്‍മാരും. അതൊക്കെയല്ലേ സ്‌നേഹം.
നഞ്ചപ്പനൊപ്പം പോരുമ്പോള്‍ പാട്ടും കൂടെ പോന്നില്ലേ?
ഇങ്ങോട്ട് പോന്നപ്പോ പിന്നെ പാട്ട് ഇല്ല. വേറെ നാട് അല്ലെ. രണ്ട് മക്കള്‍ ഉണ്ടായി. അവരെ നോക്കി. ആടും പശുക്കളുമുണ്ട്. അതുങ്ങളുടെ കൂടെ പോകും. ഈ മലയും കാടും മുഴുവന്‍ ചുറ്റും. പാട്ടുള്ള ആളാണെന്ന് എന്റെ ഭര്‍ത്താവിന് അറിയാം. ഇവിടത്തെ ഊരില്‍ ചെറിയ പാട്ടുകള്‍ പാടും. ഭര്‍ത്താവ് എപ്പോഴും പറയും നീ പുറത്ത് പോയി നാല് ആളുകളെ ഒക്കെ പരിചയപ്പെട്. പാട്ട് പാട്. എല്ലാവരും കേള്‍ക്കട്ടെ എന്ന്. എല്ലാത്തിനും എന്റെ കൂടെ സ്‌നേഹിച്ച് നിന്ന ആളാണ്... ഓര്‍ക്കുമ്പോള്‍ ഞാന്‍ ഇപ്പഴും കരയും. അങ്ങനെ ഒരു ദിവസം അഹാഡ്സില്‍ പരിപാടി വന്നു. എന്നെ നിര്‍ബന്ധിച്ച് വിട്ടു. കുറേ ജനങ്ങള്‍ വന്ന പരിപാടിയാണ്. അവിടെ എനിക്ക് സ്റ്റേജ് തന്നു. ഞാന്‍ തുറന്ന് പാടി. ആലങ്കണ്ടി പുത്തൂരിലെ കുടികള്‍ ഓര്‍മവന്നു. അവിടെ ഓടിക്കളിക്കുന്ന ഞാന്‍. എന്റെ ഉറ്റവര്‍. തെരുക്കൂത്തില്‍ തലയറഞ്ഞ് പാടുകയും ആടുകയും ചെയ്യുന്ന ചേട്ടന്‍. അതെല്ലാം ഓര്‍ത്താണ് എന്റെ പാട്ട്. കഴിഞ്ഞപ്പോള്‍ എല്ലാവരും കയ്യടിച്ചു. ഇറങ്ങി വന്നപ്പോള്‍ പഴനിസ്വാമിയെ കണ്ടു. സ്വാമിയെ അറിയാം. ഇവിടുള്ള ആളാണ്. കലാകാരനാണ്. ''അമ്മ നന്നായി പാടി'' എന്ന് പറഞ്ഞു. അന്ന് പഴനിസ്വാമി ആസാദ് കലാസംഘമാണ്. എന്റെ കൂടെ പാടാന്‍ വിളിച്ചാല്‍ വരാമോ എന്ന് ചോദിച്ചു. നീ വിളിക്ക് ഞാന്‍ വരാം എന്ന് പറഞ്ഞു. അതാണ് തുടക്കം. ആദ്യത്തെ പരിപാടി വയനാട്ടായിരുന്നു. കുറേ പാട്ടുകള്‍ പാടി. എല്ലാം ഓര്‍മയില്‍ നിന്നാണ്. ആളുകള്‍ക്ക് സ്‌നേഹമായി. സാറുമ്മാരും മാഡങ്ങളും വന്ന് പൊതിഞ്ഞു. അങ്ങനെ ഇരുപത്തഞ്ച് വര്‍ഷം. എല്ലായിടത്തും പോയി. പതിന്നാല് ജില്ലകളിലും പോയി. നാഞ്ചിയമ്മയുടെ പാട്ട് എന്ന് ബോര്‍ഡൊെക്കവെക്കും. ഡല്‍ഹിയില്‍ പോയി.
പിന്നെ സിനിമയിലും വന്നു.
ആദ്യം ചെറിയ ഒരു സിനിമ വന്നു. സിന്ധു സാജന്‍ വിളിച്ചിട്ട് (അഗ്ഗെഡു നായഗ). അതിന് ടി.വി.യുടെ (സംസ്ഥാന ടെലിവിഷന്‍ ചലച്ചിത്ര അവാര്‍ഡ് ) സമ്മാനം കിട്ടി. പിന്നെ സര്‍ക്കാരിന്റെ വീട് കൊടുക്കണ കാര്യത്തിന് (ലൈഫ് മിഷന്‍) പാടി. പിന്നെ താടിസ്സാറിന്റെ സിനിമ (റാസി മുഹമ്മദിന്റെ വെളുത്ത രാത്രികള്‍, 2016). അതിലെ അഞ്ച് പാട്ടുകളും പാടി. പിന്നെയാണ് സച്ചിസാര്‍ വരുന്നത്. ലോകമക്കളെ എനിക്ക് മക്കളായ് കിട്ടിയത് സച്ചിസാര്‍ കാരണമാണ്. സച്ചിസാര്‍ പടം പിടിക്കാന്‍ ഇവിടെ വന്നു. ആദിവാസി പാട്ട് കിട്ടുമോ എന്ന് പഴനിസ്വാമിയോട് ചോദിച്ചു. പഴനിസ്വാമിയാണ് പറഞ്ഞത് എന്റെ ടീമിലെ ഒരമ്മയുണ്ട് കേട്ട് നോക്കാന്‍. സച്ചിസാര്‍ ഞങ്ങളെ വിളിച്ചു. ഞങ്ങള്‍ കൂട്ടമായി എറണാകുളത്ത് ചെന്നു. ആദ്യം സങ്കടമുള്ള ഒരു പാട്ട് വേണം എന്നുപറഞ്ഞു. ഒന്നും ഓര്‍ത്തല്ല ഞാന്‍ പോയത്. സാറ് പാടാന്‍ പറഞ്ഞപ്പോ ഞാന്‍ ൈദവമകളേ പാടി. മനസ്സറിഞ്ഞ് കരഞ്ഞ് പാടി. പാട്ട് തീര്‍ന്നപ്പോള്‍ എല്ലാവരും കരഞ്ഞു. സച്ചിസാറും. അങ്ങനെ ആ പാട്ട് എടുത്തു. പിന്നെ ഒരു പാട്ടുകൂടി ഉണ്ട് തമാശ പാട്ടാണ് എന്ന് ഞാന്‍ പറഞ്ഞു. അതും പാടിച്ചു.
മലയാളത്തിലെ സിനിമാ പാട്ടുകള്‍ കേള്‍ക്കാറുണ്ടോ? കെ.എസ്. ചിത്ര പാടിയതൊക്കെ.
ചിത്രമ്മാവെ അറിയാം. ഒത്തിരി പാട്ട് കേട്ടു. ഇഷ്ടമാണ്. വേറെ തരം പാട്ടല്ലെ. തിരുവനന്തപുരത്ത് ഒരു പരിപാടിയില്‍ കണ്ട് സംസാരിച്ചു. എന്നോട് സ്‌നേഹമാണ്. ഫോട്ടോ എടുത്തു. ആ പടം എവിടെയോ പോയി.
യേശുദാസിനെയോ?
നിറയെ കേട്ടിട്ടുണ്ട്. ടി.വിയില്‍ കണ്ടു. വലിയ ആളുകള്‍.
പാട്ട് പഠിച്ചായിരുന്നേല്‍ കുറേക്കൂടി പാട്ടുകള്‍, വേറെ തരം പാട്ടുകള്‍ പാടാമായിരുന്നു എന്ന് എപ്പോഴെങ്കിലും തോന്നാറുണ്ടോ? പാട്ട് പഠിക്കാത്ത ആള്‍ക്ക് അവാര്‍ഡ് കൊടുത്തെന്നൊക്കെ ചിലര് പറയുന്നുണ്ട്.
ഞങ്ങള്‍ക്ക് പഠിക്കണ്ട. ഞങ്ങള്‍ക്ക് പാട്ട് പിറപ്പിലേ ഉണ്ട്. ഞങ്ങള്‍ ജനിക്കുമ്പോള്‍ മുതല്‍ പാട്ടാണ്. എല്ലാത്തരം പാട്ടും ഉണ്ട്.
ഒരു ജീവിതത്തില്‍ (ആയുസ്സില്‍) കേട്ടുതീരില്ല ഞങ്ങളുടെ പാട്ടുകള്‍. നൂറ്് നൂറ്് വേറെ പാട്ടുകള്‍. ആയിരം കിളികളും ആയിരം മരങ്ങളുമില്ലേ ഞങ്ങളുടെ പിറക്കുന്നിടത്ത്. ആല്‍മരം വീശണ പോലല്ല കാട്ടുമാവ്. ഓരോന്നാണ്. കിളികള്‍ക്ക് ആയിരം പാട്ടാണ്. ഓരോന്ന്. കുയില്‍ വേറെ, കാക്ക വേറെ. അതെല്ലാം കേട്ട് കേട്ട് ആയിരത്താണ്ട് മുന്നേ ഞങ്ങടെ പൂര്‍വികര്‍ പാടിത്തുടങ്ങിയതാണ്. മാനിനേം മയിലിനേം കാട്ടുപോത്തിനേം ആനകളേം കണ്ട് ആടിത്തുടങ്ങിയതാണ്. ഞങ്ങള്‍ക്ക് പഠിക്കാന്‍ ഒന്നുമില്ല. തലമുറയായി ചോരയിലും ചോറിലും പാട്ട് കയറിയിട്ടുണ്ട്. എല്ലാവര്‍ക്കും അങ്ങനെയല്ല. അവര്‍ പഠിക്കണം. പഠിക്കണതൊക്കെ പഴയ തലമുറക്കാര്‍ കേട്ട കാര്യങ്ങളാണ്. പാട്ട് ഈ നാട്ടിലുണ്ട്. പണ്ടേയുണ്ട്. അത് കാണാന്‍ പറ്റുന്നവര്‍ പഠിക്കണ്ട. പറ്റാത്തവര്‍ പഠിക്കണം. പഠിച്ച് പാടണം. ഇപ്പോ അമ്പ് എയ്യുന്ന മല്‍സരം ഇല്ലേ. ഞങ്ങളുടെ ആളുകള്‍ പഠിക്കാതെ എയ്താല്‍ ഫസ്റ്റാവും. കാരണമെന്താ? ഞങ്ങളുടെ ചോരയില്‍ ഉന്നമുണ്ട്. ഇത്തിരി തെറ്റിയാല്‍ ഞങ്ങള്‍ ചാവില്ലേ. അങ്ങനെ ചാവില്ലാത്തവര്‍ പഠിച്ചിട്ടാണ് എയ്യുക. അതും നല്ലതാണ്.
ഇപ്പോള്‍ കൂടുതല്‍ പ്രശസ്തയായി. പ്രശസ്തി സ്വാധീനം കൂടിയാണ്. പാട്ടിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹമുണ്ടോ?
ആദ്യത്തെ പറഞ്ഞുകഴിഞ്ഞില്ല. പഠിക്കണ്ട എന്ന് പറഞ്ഞില്ലേ. അത് ഞങ്ങളുടെ പ്രായമായ ആള്‍ക്കാര്‍ക്കാണ്. ഇപ്പോള്‍ എല്ലാം മാറി. ഞങ്ങളുടെ ഊരുകള്‍ ചെറുതായി. ജോലികള്‍ മാറി. പാട്ടും പോയി. അതങ്ങനെ പോകരുത്. ജീവിതം മാറിക്കോട്ടെ, നല്ലതാണ്. കഷ്ടപ്പാട് ചീത്തയാണ്. എല്ലാവരും പഠിച്ച് വലിയ ജോലികളാവണം. പക്ഷേ, ഞങ്ങടെ ആട്ടവും പാട്ടും ഇവിടെ വേണം. എല്ലാവര്‍ക്കും വേണം. അത് പോകരുത്. സര്‍ക്കാര്‍ സഹായിക്കണം. പാട്ട് പിടിച്ച് നിര്‍ത്താന്‍, ഞങ്ങളുടെ കലകള്‍ പിടിച്ച് നിര്‍ത്താനും അടുത്ത തലമുറയെ കേള്‍പ്പിക്കാനും പഠിപ്പിക്കാനും എല്ലാവര്‍ക്കും പഠിക്കാനും ഒരു കാര്യം വേണം. ഇവിടെ കുറേ സ്ഥലം എടുത്തിട്ട് ഈ ആദിവാസി കലകളുടെ ഒരു കേന്ദ്രം ഉണ്ടാക്കണം. അത് നല്ലതാണ്.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: nanjiyamma interview mathrubhumi weekly sachy