ഭക്ഷണച്ചെലവ് കണക്കുകൂട്ടി ഞെട്ടി; 90 ദിവസത്തിന് ചിലവായത് 35,400 രൂപ! ശ്രദ്ധനേടി റെഡിറ്റ് പോസ്റ്റ്

പ്രതീകാത്മക ചിത്രം | ഫോട്ടോ: എഎഫ്പി
പ്രതീകാത്മക ചിത്രം | ഫോട്ടോ: എഎഫ്പി

ൺലൈൻ ഭക്ഷണ വിതരണ ആപ്പുകളുടെ വരവോടെ ജീവിതം കൂടുതൽ ലളിതമായെങ്കിലും കീശ ചോർത്തുന്നത് പലപ്പോഴും നമ്മൾ അറിയാറില്ല. ഇത്തരത്തിലുള്ള ചെലവുകൾ വിവരിക്കുന്ന പോസ്റ്റുകൾ പലരും പങ്കുവെക്കാറുണ്ട്. മൂന്ന് മാസത്തെ ഭക്ഷണച്ചെലവ് കണക്കുകൂട്ടി ഞെട്ടിയിരിക്കുകയാണ് ഹരിയാണയിലെ ഗുരുഗ്രാമിൽ താമസിക്കുന്ന ഒരു യുവാവ്.

വെറും 90 ദിവസത്തിനുള്ളിൽ ഓർഡർ ചെയ്ത് കഴിച്ച ഭക്ഷണത്തിനായി മാത്രം ഇയാൾ ചിലവഴിച്ചത് 35,400 രൂപയാണ്. പേഴ്സണൽ ഫിനാൻസ് ഇന്ത്യ എന്ന റെഡ്ഡിറ്റ് ഗ്രൂപ്പിലൂടെ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. 

രണ്ട് വർഷമായി ഗുരുഗ്രാമിൽ പേയിങ് ഗസ്റ്റായി താമസിക്കുകയാണെന്ന് യുവാവ് പറയുന്നു. ഇതാദ്യമായാണ് താൻ ഭക്ഷണത്തിനായി ചിലവഴിക്കുന്ന തുക കൃത്യമായി കണക്കുകൂട്ടാൻ ഇരുന്നതെന്നും ഫലം കണ്ടപ്പോൾ ശരിക്കും ഞെട്ടിയെന്നും വിശദീകരിക്കുന്നുണ്ട്. പ്രധാനമായും സൊമാറ്റോ വഴിയും താമസസ്ഥലത്തിന് അടുത്തുള്ള റസ്റ്ററന്റുകളിൽ നിന്നുമാണ് ഭക്ഷണം ഓർഡർ ചെയ്തിരുന്നത്. 11,400 രൂപ, 13,200 രൂപ, 10,800 രൂപ, 35,400 രൂപ എന്നിങ്ങനെയാണ് നാല് മാസങ്ങളായി ചെലവാക്കിയ ഭക്ഷണത്തിന്റെ കണക്കുകൾ. 

ഭീമമായ തുക ചിലവഴിച്ചിട്ടും ലഭിച്ച ഭക്ഷണത്തിന്റെ ഗുണനിലവാരത്തിൽ ഒട്ടും തൃപ്തനായിരുന്നില്ലെന്നതാണ് രസകരമായ കാര്യം. ‘നിങ്ങളിൽ ആരെങ്കിലും നിങ്ങളുടെ ഭക്ഷണച്ചെലവുകൾ ഇങ്ങനെ ട്രാക്ക് ചെയ്യാറുണ്ടോ? നിങ്ങളുടെ കണക്കുകൾ എത്രയാണ്? നിയന്ത്രിക്കാൻ നിങ്ങൾ എന്താണ് ചെയ്തത്?’ എന്ന ചോദ്യവും പോസ്റ്റിലുണ്ട്. 

സ്വന്തം അനുഭവം കമന്റുകളായി പങ്കുവെച്ച് സഹായിക്കാനും ആളുകൾ മറന്നില്ല. പണം ചിലവഴിക്കുന്ന രീതി കൃത്യമായി ട്രാക്ക് ചെയ്യാൻ തുടങ്ങിയാൽ തന്നെ പകുതി പ്രശ്നം പരിഹരിക്കപ്പെടുമെന്ന് ചിലർ കുറിച്ചു. വലിയ തുക കൊടുത്ത് പുറത്തുനിന്ന് വാങ്ങി കഴിക്കുന്നതിലും നല്ലത് സ്വന്തമായി പാചകം ചെയ്യുന്നതാണെന്നും പച്ചക്കറികളും മിക്സിയും ഇൻഡക്ഷൻ സ്റ്റൗവും വാങ്ങാൻ ഇപ്പോൾ യുവാവിന്റെ കൈയിൽ ആവശ്യത്തിന് പണമുണ്ടല്ലോ എന്നായിരുന്നു മറ്റൊരു പക്ഷം. 

ദിവസം ശരാശരി 400 രൂപയെന്നത് ഇന്നത്തെ കാലത്ത് അത്ര വലിയ തുകയല്ലെന്നും എന്നാൽ ഇത് വരുത്തിവെക്കുന്ന ആരോഗ്യപ്രശ്നങ്ങളാണ് ഗുരുതരമെന്നും മറ്റൊരാൾ ചൂണ്ടിക്കാട്ടി. അതേസമയം, ജോലിത്തിരക്ക് കാരണം പാചകം ചെയ്യാൻ സമയം കിട്ടാത്തതുകൊണ്ട് തങ്ങളും സമാനമായ രീതിയിൽ വലിയ തുക ഭക്ഷണത്തിനായി ചിലവഴിക്കാറുണ്ടെന്ന് യുവാവിനെ പിന്തുണച്ചും ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

Content Highlights: A Gurugram youth's viral Reddit post detailing how he spent ₹35,400 on online food delivery apps like Zomato in just 90 days has ignited a massive debate on social media regarding personal budgeting and health concerns.