'എപ്പോഴും എന്റെ വ്യക്തിത്വത്തെ പൊതുജീവിതം മറച്ചുകളഞ്ഞു';സ്നേഹബന്ധങ്ങളുടെ പരാജയത്തെകുറിച്ച് സീനത്ത്

ഒരു കാലത്ത് ബോളിവുഡിന്റെ ഹൃദയത്തില്‍ നിറഞ്ഞുനിന്ന നടിയായിരുന്നു സീനത്ത് അമന്. ഇടയ്ക്ക് അഭിനയത്തില്‍ നിന്ന് നീണ്ട ഇടവേളയെടുത്ത താരം ഇപ്പോള്‍ തിരിച്ചുവന്നിരിക്കുകയാണ്. അഭിനയത്തോടൊപ്പം തന്നെ തന്റെ വ്യത്യസ്തവും ധീരവുമായ നിലപാടുകളും താരം തുറന്നുപറയുന്നു. അതുകൊണ്ടുതന്നെ സീനത്തിന് സോഷ്യല്‍ മീഡിയയിലും ഒരുപാട് ഫോളോവേഴ്സുണ്ട്.
ഇപ്പോഴിതാ ബന്ധങ്ങളോടുള്ള തന്റെ സമീപനത്തെ കുറിച്ച് സംസാരിക്കുകയാണ് സീനത്ത്. തന്റെ ബന്ധങ്ങളില്‍ നിന്ന് പൊതുജീവിതം തന്നെ എങ്ങനെ മാറ്റിനിര്‍ത്തി എന്നാണ് കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസറ്റില്‍ സീനത്ത് പറയുന്നത്. പരസ്പരം ബഹുമാനം നല്കുന്ന, പരസ്പര സ്നേഹമുള്ള ബന്ധങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ചെറുപ്പകാലത്ത് താന്‍ ഇതിനെ പറ്റി ചിന്തിച്ചിട്ടില്ലെന്നും അമന് പറയുന്നു. '
ജീവിത്തില്‍ വിജയിച്ച ആളുകള്‍ക്ക് താരതമ്യേന സുഹൃത്തുക്കള്‍ കുറവായിരിക്കുമെന്ന് പറയാറുണ്ടെന്നും എന്നാല്‍ ഇതിന്റെ നേര്‍വിപരീതവും താന്‍ അനുഭവിച്ചിട്ടുണ്ടെന്നും അമന് പറയുന്നു. 'എന്റെ വ്യക്തിപരമായ വിലയിരുത്തിലില്‍ ഞാന്‍ കയ്പേറിയ ഒരു സത്യം മനസ്സിലാക്കി. പലപ്പോഴും അര്‍ഥവത്തായ ബന്ധങ്ങളുണ്ടാക്കാന്‍ കഴിയാതെ പോയത് എന്റെ വ്യക്തിത്വത്തെ പൊതുജീവിതം മറച്ചുകളഞ്ഞതിനാലാണ്. പുരുഷന്മാരുടെ ഉദ്ദേശം പലപ്പോഴും വ്യക്തമായിരുന്നു. അത് സുന്ദരമായിരുന്നുവെങ്കിലും ഒട്ടും ആഴമില്ലാത്തതായിരുന്നുവെന്നും സീനത്ത് അമന് പറയുന്നു.സമൂഹത്തില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങള്‍ കാരണം സ്ത്രീകളുമായുള്ള സൗഹൃദം പലപ്പോഴും താരതമ്യങ്ങളും വ്യക്തിവൈരാഗ്യങ്ങളും നിറഞ്ഞതായിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.
സീനത്ത് അമന്റെ പ്രണയബന്ധങ്ങള്‍ ബോളിവുഡില്‍ വലിയ കോളിളക്കങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. 1985-ലാണ് ബോളിവുഡ് താരം മസ്ഹര്‍ ഖാനും സീനത്ത് അമനും വിവാഹിതരാകുന്നത്. എന്നാല്‍ ഒരു പതിറ്റാണ്ടോളം നീണ്ടു നിന്ന വിവാഹ ബന്ധത്തിനു ശേഷം ഇവര്‍ വേര്‍പിരിഞ്ഞു.
ഊഷ്മളമായ ബന്ധങ്ങള്‍ താന്‍ എങ്ങനെയാണ് തിരിച്ചറിഞ്ഞതെന്നും പോസ്റ്റില്‍ സീനത്ത് അമന് പറയുന്നുണ്ട്. വിജയങ്ങള്‍ പരസ്പരം ആഘോഷിക്കാനും വിഷമഘട്ടങ്ങളില്‍ പരസ്പരം കരുത്തേകാനും സത്യങ്ങള്‍ പരസ്പരം തുറന്നു പറയാനും കഴിയുമ്പോഴാണ് അര്‍ത്ഥവത്തായ ബന്ധങ്ങള്‍ ഉണ്ടാകുന്നതെന്നും അമന് പറയുന്നു.എന്നാല്‍ ഇതിലെല്ലാമുപരി മുഖംമൂടി അഴിച്ചുവെയ്ക്കാനുള്ള മനസുണ്ടാകണമെന്നും സീനത്ത് അമന് കൂട്ടിച്ചേര്‍ക്കുന്നു.ഇതെല്ലാം സ്വന്തം ജീവിത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ലെന്നും അമന് പറയുന്നുണ്ട്. എന്നാല്‍ ഈ തിരിച്ചറിവ് പില്ക്കാലത്തെ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ സഹായിച്ചുവെന്നും അവര്‍ വ്യക്തമാക്കുന്നു.
Content Highlights: Zeenat Aman, a Bollywood icon, shares her perspective on meaningful relationships