സ്വരച്ചേര്‍ച്ചയില്ല, പൊരുത്തക്കേടുകള്‍ മാത്രം; യുസ്‌വേന്ദ്ര ചഹലും ധനശ്രീയും വേര്‍പിരിഞ്ഞു

യുസ്‌വേന്ദ്ര ചാഹലും ധനശ്രീയും വര്‍മയും | Photo: instagram/ dhanashree verma
യുസ്‌വേന്ദ്ര ചാഹലും ധനശ്രീയും വര്‍മയും | Photo: instagram/ dhanashree verma

നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് വിരാമമിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലും നര്‍ത്തകിയും നടിയുമായ ധനശ്രീ വര്‍മയും. വ്യാഴാഴ്ച്ച ബാന്ദ്രയിലെ കുടുംബ കോടതിയില്‍ ഹാജരായ ഇരുവരും ഔദ്യോഗികമായി വിവാഹമോചിതരായി.  

വിവാമോചനത്തില്‍ ഒപ്പിടുന്നതിന് മുമ്പ് 45 മിനിറ്റോളം കൗണ്‍സിലിങ് ഉണ്ടായിരുന്നു. എന്നാല്‍ അതിനുശേഷം വേര്‍പിരിയുകയാണെന്ന തീരുമാനത്തില്‍ ഇരുവരും ഉറച്ചുനിന്നുവെന്നും എ.ബി.പി ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊരുത്തക്കേടുകളുണ്ടാകുന്നുവെന്നും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്നുമാണ് വിവാഹമോചനത്തിനുള്ള കാരണമായി രണ്ടു പേരും ചൂണ്ടിക്കാണിച്ചിരിക്കുന്നത്. തുടര്‍ന്ന് വൈകുന്നേരം 4.30-ഓടെ ജഡ്ജി ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചുകൊടുത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ജീവനാംശമായി ചഹല്‍ ധനശ്രീക്ക് 60 കോടി രൂപ നല്‍കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറികളും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ഒന്നുകില്‍ നിങ്ങള്‍ക്ക് വിഷമിച്ചിരിക്കാമെന്നും അതല്ലെങ്കില്‍ എല്ലാം ദൈവത്തില്‍ അര്‍പ്പിച്ച് പ്രാര്‍ഥിച്ച് സമാധാനം കണ്ടെത്താം എന്നുമായിരുന്നു ധനശ്രീയുടെ സ്റ്റോറി. എപ്പോഴും താന്‍പോലും അറിയാതെ കൂടെ നില്‍ക്കുന്നതിന് ദൈവത്തിന് നന്ദി പറഞ്ഞുള്ളതായിരുന്നു ചഹലിന്റെ സ്റ്റോറി. 

കഴിഞ്ഞ 18 മാസമായി ചഹലും ധനശ്രീയും വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോയും ചെയ്തിരുന്നു. ധനശ്രീയ്‌ക്കൊപ്പമുള്ള എല്ലാ ചിത്രങ്ങളും ചഹല്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും വേര്‍പിരിയുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്. 

ലോക്ക്ഡൗണ്‍ കാലത്ത് ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കാതിരുന്ന സമയത്ത് ചഹല്‍ ഓണ്‍ലൈന്‍ വഴി നൃത്തം പഠിച്ചിരുന്നു. ധനശ്രീയായിരുന്നു അധ്യാപിക. അന്ന് തുടങ്ങിയ സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നു. 

2020 ഡിസംബറിലാണ് ചഹലും ധനശ്രീയും വിവാഹിതരായത്. കോവിഡ് കാലത്ത് നാല് മാസത്തോളമാണ് ഗുരുഗ്രാമിലെ വീട്ടില്‍ ചഹല്‍ മാതാപിതാക്കള്‍ക്കൊപ്പം ഉണ്ടായിരുന്നത്. ക്രിക്കറ്റിന്റെ തിരക്കുകളില്ലാതിരുന്ന സമയം. അന്ന് ഓണ്‍ലൈന്‍ നൃത്ത ക്ലാസിനിടെ ധനശ്രീയോട് ഇത്രയും സന്തോഷവതിയായിരിക്കുന്നത് എങ്ങനെയാണ് ചഹല്‍ ചോദിച്ചു. ചെറിയ കാര്യങ്ങളില്‍പോലും സന്തോഷം കണ്ടെത്തും എന്നായിരുന്നു ധനശ്രീയുടെ മറുപടി.

തന്നെപ്പോലെ ഒരു പെണ്‍കുട്ടിയാണ് ധനശ്രീയെന്ന് മനസിലായതോടെ ചഹല്‍ വിവാഹക്കാര്യം സംസാരിക്കുകയായിരുന്നു. തനിക്ക് 30 വയസായെന്നും പ്രണയിച്ചു നടക്കാന്‍ സമയമില്ലെന്നും ചഹല്‍ പറഞ്ഞു. നേരിട്ട് കണ്ടിട്ട് തീരുമാനിക്കാം എന്നായിരുന്നു ധനശ്രീയുടെ മറുപടി. മുംബൈയിലെ ആദ്യ കൂടിക്കാഴ്ച്ചയ്ക്കുശേഷം വിവാഹം കഴിക്കാമെന്ന് ധനശ്രീ പറഞ്ഞു. അങ്ങനെ ഇരുവീട്ടുകാരും പരസ്പരം സംസാരിക്കുകയും ചഹലും ധനശ്രീയും ഒരുമിച്ചുള്ള പുതിയ ജീവിതം തുടങ്ങുകയുമായിരുന്നു.

Content Highlights: yuzvendra chahal and dhanashree verma now divorced