ഇപ്പോള്‍ ഞങ്ങളുടെ ലോകത്തെ ഏറ്റവുംവലിയ ശബ്ദം ഒരു കുഞ്ഞു ഹൃദയതാളമാണ്;അമ്മയാകാനൊരുങ്ങി യാമിയും റിച്ചയും

ബോളിവുഡിലെ രണ്ട് താരങ്ങള്‍ അമ്മയാകാനുള്ള ഒരുക്കത്തിലാണ്. യാമി ഗൗതവും റിച്ച ഛദ്ദയും. ഇരുവരുടേയും ഭര്‍ത്താക്കന്‍മാരാണ് ഈ സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്.
യാമിയുടെ പുതിയ ചിത്രം ആര്‍ട്ടിക്ക്ള്‍ 370-ന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെയാണ് ഭര്‍ത്താവും സംവിധാകനുമായ ആദിത്യ ധര്‍ ഈ വാര്‍ത്ത പങ്കുവെച്ചത്. സ്റ്റേജിലേക്ക് കയറാന്‍ യാമിയുടെ കൈപിടിച്ച് സഹായിച്ച ആദിത്യ അതിനുശേഷം ആരാധകരെ സന്തോഷം അറിയിക്കുകയായിരുന്നു.
യാമി അഞ്ചു മാസം ഗര്‍ഭിണിയാണെന്നും ലക്ഷ്മിയാണോ ഗണേഷനാണോ എന്നറിയാനുള്ള ആകാംക്ഷയിലാണ് തങ്ങളെന്നും ആദിത്യ വ്യക്തമാക്കി. ഗര്‍ഭിണിയായിരിക്കേയാണ് ആര്‍ട്ടിക്ക്ള്‍-370യുടെ ഷൂട്ടിങ് നടന്നതെന്നും ഒരുപാട് പ്രയാസങ്ങള്‍ അനുഭവിച്ചെന്നും യാമി വ്യക്തമാക്കി. എന്നാല്‍ എല്ലാവരും പിന്തുണയോടെ കൂടെനിന്നെന്നും ഭര്‍ത്താവ് എപ്പോഴും കൂടെനിന്നത് മറക്കാനാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2021-ലാണ് യാമിയും ആദിത്യയും വിവാഹിതരായത്. ആദിത്യ സംവിധാനം ചെയ്ത ഉറി; ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്.
റിച്ച ഛദ്ദ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ഭര്‍ത്താവും നടനുമായ അലി ഫസലാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 'ഇപ്പോള്‍ ഞങ്ങളുടെ ലോകത്തെ ഏറ്റവും വലിയ ശബ്ദം ഒരു കുഞ്ഞു ഹൃദയതാളമാണ്' എന്ന ക്യാപ്ഷനോടെ റിച്ചയ്‌ക്കൊപ്പമുള്ള ചിത്രം അലി ഫസല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഇതിനൊപ്പം 1+1=3 എന്നെഴുതിയ ഒരു ചിത്രവുമുണ്ടായിരുന്നു.
ഫുക്രെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് അലി ഫസലും റിച്ചയും പ്രണയത്തിലാകുന്നത്. 2019-ലാണ് റിച്ചയോട് അലി ഫസല്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഇരുവരും 2021-ല്‍ വിവാഹിതരാകേണ്ടതായിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധി മൂലം വിവാഹം മാറ്റിവയ്ക്കുകയായിരുന്നു. ഒടുവില്‍ ഏഴു വര്‍ഷത്തെ പ്രണയത്തിന് ശേഷം 2022-ല്‍ ഇരുവരും ഒന്നിച്ചു.
Content Highlights: yami gautam and richa chadha are about to become mothers