ജയലളിതയെ പഠിപ്പിച്ച ഭാര്‍ഗവി, ഓര്‍മകള്‍ പങ്കുവെയ്ക്കാന്‍ കൂട്ടായുള്ളത് കാവേരിയും ജാനകിയും

#അജയ് വി.അനിത
ജാനകിയും കാവേരിയും ഭാര്‍ഗവിയും | Photo: Mathrubhumi
ജാനകിയും കാവേരിയും ഭാര്‍ഗവിയും | Photo: Mathrubhumi

കഞ്ചിക്കോട് അട്ടപ്പള്ളത്തെ ഹാപ്പിഹോം ട്രസ്റ്റ് എന്ന വൃദ്ധസദനത്തില്‍ സൗഹൃദം തുടങ്ങുന്ന കാലത്ത് കാവേരിയോടും ജാനകിയോടും നീതിസാരം എന്ന പുസ്തകം ഉദ്ധരിച്ച് കൂട്ടത്തില്‍മുതിര്‍ന്ന ഭാര്‍ഗവി പറഞ്ഞത് ഇതാണ് -പ്രായം, കുടുംബപ്രശ്‌നങ്ങള്‍, സമ്പത്ത് തുടങ്ങി ഒന്‍പത് കാര്യങ്ങള്‍ ആരോടും പറയരുത്. ഭാര്‍ഗവിയുടെ ഉപദേശം ഉള്‍ക്കൊണ്ട ഇരുവരോടും സൗഹൃദംതുടങ്ങിയ കാലത്തെക്കുറിച്ചും പ്രായത്തെക്കുറിച്ചും ചോദിക്കുമ്പോള്‍ ചെറുപുഞ്ചിരി മാത്രമാണ് ഉത്തരം.

ഇവര്‍ പലകാലങ്ങളിലായി ഇവിടെ എത്തിയവരാണെങ്കിലും രാവിലെ എഴുന്നേല്‍ക്കുന്നതുമുതല്‍ രാത്രി കിടക്കുന്നതുവരെ ഒരുമിച്ചുതന്നെയാണ്. ഭക്ഷണം കഴിക്കുന്നതും കുളിക്കുന്നതുമൊക്കെ ഒരേസമയത്തുതന്നെ. ഭാര്‍ഗവി ചിറ്റൂര്‍ സ്വദേശിനിയാണ്. ജാനകി അമ്പലപ്പാറ സ്വദേശിനിയും കാവേരി മേനോന്‍പാറ സ്വദേശിനിയും.

മദ്രാസില്‍ അധ്യാപികയായിരുന്ന ഭാര്‍ഗവി ചര്‍ച്ച് പാര്‍ക്ക് സ്‌കൂളില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ പഠിപ്പിച്ചിരുന്നെന്ന് പറഞ്ഞു. അമ്മ അഭിനേത്രി ആയതിനാല്‍ സിനിമാമേഖലയിലേക്ക് തിരിയണമെന്നും കോളേജില്‍പ്പോയി പഠിക്കാന്‍ അനുവാദം നല്‍കിയില്ലെന്നും പറഞ്ഞ് ജയലളിത കരഞ്ഞത് ഭാര്‍ഗവി ഇപ്പോഴും ഓര്‍ക്കുന്നു. ജയലളിത സിനിമയില്‍ എത്തിയതിനുശേഷവും ഒരിക്കല്‍ തന്നെകാണാന്‍വന്ന കഥയും പറയുന്നുണ്ട്.

ഭാര്‍ഗവിയും ജാനകിയുമാണ് ഒരുമുറിയില്‍ കിടക്കുന്നത്. കാവേരി തൊട്ടടുത്ത മുറിയിലും. രാത്രി ഉറങ്ങുന്നതിനുമുന്‍പ് ഭാര്‍ഗവി ഉറക്കെ അധ്യാത്മരാമായണം ചൊല്ലും. അതുകേട്ടതിനുശേഷം മാത്രമാണ് മൂവരും കിടക്കാന്‍പോകുന്നത്. ഇരുപതോളം അന്തേവാസികളുള്ള വൃദ്ധസദനത്തില്‍ നിങ്ങളെ മൂന്നുപേരെ ഒന്നിച്ചുനിര്‍ത്തുന്ന ഘടകം എന്താണെന്ന് ചോദിച്ചാല്‍ ചെറുപുഞ്ചിരിതന്നെയാണ് ഉത്തരം.

Content Highlights: world friendship day story