വീടു പൂട്ടി പുറത്തു പോകുമ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ എങ്ങനെ സൂക്ഷിക്കാം; വീഡിയോ പങ്കുവെച്ച് യുവതി

ഇന്ത്യക്കാരുടെ സൂത്രപ്പണികള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. അത്തരത്തില്‍ വീടുപൂട്ടി പുറത്തുപോകുമ്പോള്‍ കള്ളന്‍മാരില്‍നിന്ന് ആഭരണങ്ങളോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ സംരക്ഷിക്കാനായി ഒരു സ്ത്രീ പ്രയോഗിച്ച സൂത്രമാണ് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. തറ വൃത്തിയാക്കുന്ന വൈപ്പറില്‍ എങ്ങനെ ആഭരണങ്ങള്‍ ഒളിപ്പിക്കാം എന്നതാണ് ഈ സൂത്രം. ഇതിന്റെ വീഡിയോ പെട്ടെന്നുതന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
വൈപ്പറില്‍ എങ്ങനെ സ്വര്‍ണാഭരണങ്ങള്‍ ഒളിപ്പിക്കാം എന്നാണ് എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ യുവതി കാണിച്ചുതരുന്നത്. വൈപ്പര്‍ രണ്ട് ഭാഗങ്ങളായി വേര്‍പ്പെടുത്തി അതിന്റെ ഉള്ളിലേക്ക് ആഭരണങ്ങള്‍ നിറയ്ക്കുകയും അതിനുശേഷം അത് വീണ്ടും അടച്ച് പഴയ രൂപത്തിലാക്കുകയും ചെയ്യുന്നു. അത് ബാത്ത്‌റൂമിന്റെ ഒരു മൂലയില്‍ കൊണ്ടുവെയ്ക്കുകയും ചെയ്യുന്നുണ്ട്.
''നിങ്ങള്‍ കുറച്ച് ദിവസത്തേക്ക് വീട്ടില്‍ നിന്ന് മാറിനില്‍ക്കുകയാണെങ്കില്‍, ഈ വൈപ്പര്‍ കുളിമുറിയില്‍ വെച്ചാല്‍ മതി. ഒരു കള്ളന്‍ നിങ്ങളുടെ വീട് കൊള്ളയടിക്കാന്‍ ശ്രമിച്ചാല്‍, അവര്‍ക്ക് ഒന്നും കണ്ടെത്താന്‍ കഴിയില്ല. കാരണം നമ്മള്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ കുളിമുറിയിലാണ് ഒളിപ്പിച്ചിരിക്കുന്നത്. അത് കള്ളന്‍ സംശയിക്കുകയേയില്ല'-യുവതി വീഡിയോയില്‍ പറയുന്നു.
ഇതിന് താഴെ ഒട്ടേറെപ്പേരാണ് പ്രതികരിച്ചത്. ദീദി ഒരു ഹാക്കര്‍ ആണല്ലോ എന്നും ഇത്ര വലിയ രഹസ്യം പരസ്യമാക്കിയാല്‍ പിന്നെ കള്ളന്‍മാര്‍ ഇത് മനസിലാക്കില്ലേ എന്നും ആളുകള്‍ ചോദിച്ചിട്ടുണ്ട്. ഇനി കള്ളന്‍മാര്‍ വൈപ്പറും കൊണ്ടുപോകും എന്നാണ് ഒരാള്‍ കുറിച്ചത്.
Content Highlights: women shows how hide jewellery in wiper when not at home