'വിവാഹമോചനവും ആഘോഷിക്കാനുള്ളതാണ്';വെള്ള ഗൗണ്‍ കത്തിച്ച്,വിവാഹ ഫോട്ടോ ചവിട്ടിപ്പൊട്ടിച്ച് യുവതി

ഫോട്ടോഷൂട്ട് എന്നത് ഇപ്പോള്‍ സെലിബ്രിറ്റികള്‍ മാത്രം ചെയ്യുന്ന കാര്യമല്ല. സോഷ്യല്‍ മീഡിയ സജീവമായതോടെ ഫോട്ടോഷൂട്ടുകള്‍ സാധാരണക്കാര്‍ക്കും പരിചിതമാകുകയായിരുന്നു. പിറന്നാള്‍, വിവാഹ നിശ്ചയം, വിവാഹം, ഗര്‍ഭകാലം, കുഞ്ഞിന്റെ ജനനം തുടങ്ങി ജീവിതത്തിലെ ഓരോ ഘട്ടത്തിലുമുണ്ടാകുന്ന ആഘോഷങ്ങള്‍ക്കെല്ലാം അധികപേരും ഫോട്ടോഷൂട്ട് നടത്തും. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്യും.
എന്നാല്‍ വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ടിനാല്‍ ശ്രദ്ധ നേടുകയാണ് ലോറെന്‍ ബ്രൂക്ക് എന്ന യുവതി. തന്റെ വിവാഹമോചനം ആഘോഷമാക്കിയ അവര്‍ അതിന്റെ ഫോട്ടോഷൂട്ട് നടത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയായിരുന്നു. അമ്മയുടേയും സുഹൃത്തുക്കളുടേയും സഹായത്തോടെയായിരുന്നു ഈ ഫോട്ടോഷൂട്ട്.
വിവാഹത്തിന് ധരിച്ച വെള്ള ഗൗണ്‍ കത്തിക്കുന്നതും ഫ്രെയിം ചെയ്ത വിവാഹഫോട്ടോ ചവിട്ടി പൊട്ടിക്കുന്നതും ആല്‍ബത്തിലെ ഫോട്ടോ കീറിക്കളയുന്നതുമെല്ലാമാണ് ഫോട്ടോയുടെ പോസുകള്‍. ഡിവോഴ്‌സ് എന്നെഴുതിയ ബാന്‍ഡും അവര്‍ കൈയില്‍ പിടിച്ചുണ്ട്. ഫോട്ടോഷൂട്ടിനായി ചുവപ്പ് ഗൗണ്‍ അണിഞ്ഞ്, മാല ധരിച്ച്, മേക്കപ്പ് ചെയ്ത് സുന്ദരിയായാണ് ഇവര്‍ എത്തിയത്.
ഇതിന്റെ ചിത്രങ്ങള്‍ ലോറെന്‍ ബ്രൂക്ക് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെയ്ക്കുകയും ചെയ്തു. 'കഴിഞ്ഞ വര്‍ഷം പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. പക്ഷേ ഞാന്‍ ആ കാലം അതിജീവിച്ചിരിക്കുന്നു. എന്നെകൊണ്ട് ഒരിക്കലും സാധിക്കില്ല എന്ന് വിചാരിച്ചിരുന്ന കാര്യമാണ് ഞാന്‍ ചെയ്തത്. അതിന്റെ ഓര്‍മപ്പെടുത്തലാണ് ഈ ഫോട്ടോഷൂട്ട്.' ചിത്രങ്ങള്‍ക്കൊപ്പം ബ്രൂക്ക് കുറിച്ചു.
ഇതിന് താഴെ നിരവധി പ്രതികരണങ്ങള്‍ വന്നു. വിവാഹമോചനം എന്നത് പലരുടേയും ജീവിതത്തിലെ പുതിയ അധ്യായമാണെന്നും അതിനായി ഫോട്ടോഷൂട്ട് ചെയ്യുന്നതില്‍ തെറ്റില്ലെന്നും ചിലര്‍ കമന്റ് ചെയ്തു. അതേസമയം മുന്‍ ഭര്‍ത്താവിനെ മോശമായി കാണിച്ചത് ശരിയായില്ലെന്ന രീതിയിലും ചിലര്‍ പ്രതികരിച്ചിട്ടുണ്ട്.
Content Highlights: women celebrates divorce with photoshoot