ഭര്‍ത്താവിനേയും മക്കളേയും നോക്കി വീട്ടിലിരിക്കുന്നതാണ് ഇഷ്ടം; ജോലി ഉപേക്ഷിച്ച് 29-കാരി

അലെക്‌സിയ ഡെലറോസ മക്കള്‍ക്കൊപ്പം | Photo: Instagram/ Alexia Delarosa
അലെക്‌സിയ ഡെലറോസ മക്കള്‍ക്കൊപ്പം | Photo: Instagram/ Alexia Delarosa

സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വ ബോധവും ബഹുമാനവും നല്‍കുന്നതാണ് സാമ്പത്തിക സ്വാതന്ത്ര്യം. ഏതെങ്കിലും തൊഴില്‍ ചെയ്യുന്നതിലൂടെ സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കുന്നു. എന്നാല്‍ പലപ്പോഴും കുടുംബജീവിതവും കുഞ്ഞുങ്ങളെ പരിപാലിക്കലുമായി സത്രീകള്‍ ജോലി ഉപേക്ഷിക്കേണ്ടി വരും. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി സ്വന്തം താത്പര്യപ്രകാരം ജോലി ഉപേക്ഷിച്ചിരിക്കുകയാണ് ഒരു യുവതി. 

1950-കളിലെ വീട്ടമ്മമാരെ പോലെ ജീവിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും കുഞ്ഞുങ്ങളെ പരിപാലിക്കുന്നതാണ് മനസിന് സന്തോഷം നല്‍കുന്നതെന്നും ഇവര്‍ പറയുന്നു. അമേരിക്കയിലെ സാന്‍ ഡിഗോ സ്വദേശിനിയായ അലെക്‌സിയ ഡെലറോസ എന്ന 29-കാരിയാണ് വ്യത്യസ്തമായ കാഴ്ച്ചപ്പാടുമായി മുന്നോട്ടുവന്നത്.

ട്രാഡ്‌വൈവ്‌സ് (tradwives)  എന്ന ട്രെന്റിന്റെ ഭാഗമായാണ് അലക്‌സിയ വീട്ടമ്മയായി മാറിയത്. ഇത്തരത്തില്‍ നിരവധി സ്ത്രീകള്‍ ജോലി ഉപേക്ഷിച്ച് വീട്ടമ്മയായി ജീവിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നുണ്ട്. 

'ജോലി സമയത്ത് കുഞ്ഞിനെ അവഗണിക്കുന്നതുപോലെ തോന്നി. അതുകൊണ്ടാണ് വീട്ടിലിരിക്കാന്‍ തീരുമാനിച്ചത്. 50-കളിലെ സ്ത്രീയുടെ ജീവിതമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഭാര്യ മുഴുവന്‍ സമയവും ഭര്‍ത്താവിനേയും കുട്ടികളേയും പരിപാലിക്കുക. ഭര്‍ത്താവ് ജോലിക്ക് പോകുക. അതാണ് എനിക്ക് ഇഷ്ടം. എന്റെ കുട്ടിക്കാലത്തെ അനുഭവങ്ങളും ഈ തീരുമാനത്തിന് പിന്നിലുണ്ട്. മിക്ക സമയങ്ങളിലും അമ്മയില്ലാതെ ഒറ്റയ്ക്കാന്‍ ഞാന്‍ ജീവിച്ചത്. അമ്മ എപ്പോഴും ജോലിയുടെ തിരക്കിലായിരിക്കും. എന്റെ മക്കളും എന്നെപ്പോലെ സങ്കടത്തിലൂടെ കടന്നുപോകാതിരിക്കാനാണ് ഞാന്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്.' അലക്‌സിയ പറയുന്നു.

ജോലി ഉപേക്ഷിച്ച ശേഷം പാര്‍ട്ട് ടൈമായി അലക്‌സിയ ഹോം ബേക്കിങ് ബിസിനസ് തുടങ്ങിയിരുന്നു. എന്നാല്‍ രണ്ടാമത്തെ മകന്‍ അര്‍ലോയെ ഗര്‍ഭം ധരിച്ചതോടെ ആ ജോലിയും അവസാനിപ്പിച്ചു. അലക്‌സിയയുടെ മൂത്ത മകന്‍ ആര്‍ച്ചറിന് രണ്ട് വയസ്സാണുള്ളത്. ഭര്‍ത്താവ് മാത്യു ബിസിനസുകാരനാണ്. ഇപ്പോള്‍ സ്വന്തമായി ഒരു കോഫി ഷോപ്പ് നടത്തുകയാണെന്നും അലക്‌സിയ പറയുന്നു. 

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ കുടുംബവുമൊന്നിച്ചുള്ള വിശേഷങ്ങള്‍ അലക്‌സിയ പങ്കുവെയ്ക്കാറുണ്ട്. മക്കളോടൊപ്പമുള്ള വീഡിയോയും പാചക വീഡിയോയും ഇവര്‍ പോസ്റ്റ് ചെയ്യാറുണ്ട്. 

Content Highlights: woman quits job to live life as a1950s housewife