25 ലക്ഷത്തിന്റെ ആ ആഡംബര ബാഗ് ആരും എടുത്തില്ല; ഇത് ദുബായിയില്‍ മാത്രം സംഭവിക്കുന്നതെന്ന് യുവതി

വൈറല്‍ വീഡിയോയില്‍ നിന്ന്‌ | Photo: instagram/ bikergirldubai
വൈറല്‍ വീഡിയോയില്‍ നിന്ന്‌ | Photo: instagram/ bikergirldubai

ല തരത്തിലുള്ള വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമാകാറുണ്ട്. അത്തരത്തില്‍ ദുബായിയില്‍ നിന്നുള്ള വീഡിയോയാണ് ആളുകളുടെ ശ്രദ്ധ കവര്‍ന്നത്. ദുബായിയിലെ ആളുകള്‍ എത്രത്തോളം സത്യസന്ധരാണെന്ന് കാണിക്കുന്നതാണ് ഈ വീഡിയോ. റിയല്‍ എസ്‌റ്റേറ്റ് ഏജന്റും കണ്ടന്റ് ക്രിയേറ്ററുമായ അലിഷ ഹറിമാനിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

തന്റെ ആഡംബര ഹാന്‍ഡ്ബാഗ് പൊതുസ്ഥലത്ത് ഉപേക്ഷിച്ച് തിരിച്ചുവന്നപ്പോള്‍ അതുപോലെ അവിടെത്തന്നെ ഉണ്ടായിരുന്നുവെന്ന് അലിഷ വീഡിയോയില്‍ കാണിക്കുന്നു. തന്റെ 25 ലക്ഷം രൂപ വില വരുന്ന ബിര്‍ക്കിന്‍ ബാഗാണ് വഴിയരികിലെ കസേരയില്‍ അലിഷ ഉപേക്ഷിച്ചത്. തുടര്‍ന്ന് ഗോള്‍ഡ് സൂക്കില്‍ നിന്ന് അബ്രയിലെ ബുര്‍ ദുബായിലേക്ക് പോയി തിരിച്ചു വരുന്നുമുണ്ട്. അത്രയും സമയമെടുത്തിട്ടും ബാഗ് ആ കസേയില്‍ തന്നെയുണ്ടായിരുന്നു.

ബോട്ട് യാത്രയ്ക്കിടെ അലിഷയ്ക്ക് ടെന്‍ഷന്‍ കൂടുന്നുണ്ട്. 'ഇപ്പോള്‍ ഞങ്ങള്‍ ബിര്‍ ദുബായ് മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനിലാണ്, ഞങ്ങള്‍ തിരികെ പോകുമ്പോള്‍ ഗോള്‍ഡ് സൂക്കില്‍ എന്റെ ബാഗ് ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ഞാന്‍' -അവര്‍ വീഡിയോയില്‍ പറയുന്നു. ബോട്ട് ഏതാണ്ട് കാലിയായിരുന്നുവെന്നും തിരിച്ചുവരാന്‍ പതിവില്‍ അധികനേരം കാത്തിരിക്കേണ്ടി വന്നുവെന്നും അവര്‍ വീഡിയോയില്‍ വ്യക്തമാക്കുന്നു.

അവസാനം ബാഗ് അവിടെത്തന്നെ  കാണുമ്പോഴാണ് അവര്‍ക്ക് ആശ്വാസമാകുന്നത്. 'ഇത് ദുബായിയില്‍ മാത്രം സംഭവിക്കുന്നത്' എന്ന് അവര്‍ വീഡിയോയ്ക്ക് അവസാനം പറയുന്നുമുണ്ട്.

Content Highlights: woman leaves luxury bag unattended in dubai stunned to find it untouched