കാമുകന്റെ കാറിന് നാല് മണിക്കൂറിൽ 3,400 ചുംബനങ്ങൾ; പണികൊടുത്ത് പോലീസ്

പ്രണയത്തിന്റെ പേരിൽ ഏതൊക്കെ വഴികൾ നിങ്ങൾ തിരഞ്ഞെടുക്കും? പലർക്കും പലതരത്തിലുള്ള മറുപടികളുണ്ടാകും. എന്നാൽ ഇതുവരെ കേൾക്കാത്ത വിധത്തിൽ സ്നേഹം പ്രകടിപ്പിച്ചിരിക്കുകയാണ് മധ്യപ്രദേശിലെ ഗ്വാളിയോറിൽ നിന്നുള്ള ഒരു യുവതി. കാമുകി തന്റെ പ്രണയം പ്രകടിപ്പിക്കാൻ തിരഞ്ഞെടുത്തത് കാമുകന്റെ പ്രിയപ്പെട്ട മാരുതി സ്വിഫ്റ്റ് കാറിനെയാണ്. വെറുമൊരു റോസാപ്പൂവിലോ കാർഡിലോ ഒതുങ്ങുന്നതായിരുന്നില്ല ആ പ്രണയം. കാറിന്റെ ബോണറ്റ് മുതൽ ഡിക്കി വരെ, ഡോറുകൾ മുതൽ വീൽ വരെ ഒരു ഇഞ്ചുപോലും ബാക്കിവെക്കാതെ ചുവന്ന ലിപ്സ്റ്റിക് കൊണ്ട് ഉമ്മ പതിപ്പിക്കുകയാണ് പെൺകുട്ടി ചെയ്തത്.
സ്നേഹം പ്രകടിപ്പിക്കാൻ കാമുകന്റെ കാറിലുടനീളം ലിപ്സ്റ്റിക്കിട്ട ചുംബന മുദ്രകൾ പതിപ്പിച്ച പെൺകുട്ടി ഒടുവിൽ നാടകീയ രംഗങ്ങൾക്കൊടുവിൽ പോലീസിന്റെ പിടിയിലാവുകയും ചെയ്തു. വെറും നാല് മണിക്കൂറിനുള്ളിൽ കാറിൽ 3400 ചുംബന മുദ്രകൾ പതിപ്പിച്ച യുവതിക്ക്, പോലീസിന്റെ വക 5,500 രൂപ പിഴയും സ്വന്തം കൈകൊണ്ട് കാർ കഴുകി വൃത്തിയാക്കേണ്ട ഗതികേടുമാണ് ഉണ്ടായിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ അടുത്തിടെ തരംഗമായ ഒരു ട്രെൻഡിൽ നിന്നാണ് ഗ്വാളിയോർ സ്വദേശിയായ ആദിത്യ സിക്കർവാറിന്റെ കാമുകിക്ക് ഈ ബുദ്ധി തോന്നിയത്. കാമുകന്റെ കാർ ഒരു റണ്ണിങ് കാൻവാസാക്കി മാറ്റുക എന്നതായിരുന്നു ലക്ഷ്യം. കാർ കണ്ടാൽ തോന്നും റോഡിലിറങ്ങിയ ഏതോ വിദേശ ആർട്ട് ഗാലറിയാണെന്ന്! കാറിന്റെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെ സംഗതി കാട്ടുതീ പോലെ വൈറലായി.
ലക്ഷക്കണക്കിന് ലൈക്കുകളും ഷെയറുകളും ഒഴുകിയെത്തി. റീൽസിന് കിട്ടിയ ലൈക്കുകളിൽ സന്തോഷിച്ചിരിക്കുമ്പോഴാണ് ആ ട്വിസ്റ്റ് സംഭവിച്ചത്. ചിത്രം ഗ്വാളിയോർ ട്രാഫിക് പൊലീസിന്റെ കണ്ണിലും പെട്ടു. സോഷ്യൽ മീഡിയയിലെ വൈറൽ ഫോട്ടോയിൽ നിന്ന് നമ്പർ പ്ലേറ്റ് സൂം ചെയ്തെടുത്ത പൊലീസ് അധികം വൈകാതെ താത്തിപൂർ ഏരിയയിൽ നിന്ന് കാറും കാമുകനായ ആദിത്യയെയും പൊക്കി.
സംഭവസ്ഥലത്തെത്തിയ പോലീസ് പൊതുമുതലിനോ സ്വകാര്യ സ്വത്തിനോ കേടുപാടുകൾ വരുത്തുക, ട്രാഫിക് നിയമങ്ങൾ ലംഘിക്കുക, പൊതുസ്ഥലത്ത് ശല്യമുണ്ടാക്കുക തുടങ്ങിയ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി പോലീസ് ഉടൻ തന്നെ നടപടിയെടുത്തു.
പോലീസിന്റെ നിർദ്ദേശപ്രകാരം, അടുത്തുള്ള സർവീസ് സ്റ്റേഷനിൽ നിന്നും വാട്ടർ പമ്പും തുണിയും വാങ്ങി കാർ കഴുകി വൃത്തിയാക്കേണ്ടി വന്നു. പോലീസുകാരുടെയും വഴിപോക്കരുടെയും സാന്നിധ്യത്തിൽ മണിക്കൂറുകളെടുത്ത് കാർ കഴുകി ലിപ്സ്റ്റിക് പാടുകൾ പൂർണ്ണമായും മായ്ച്ചുകളഞ്ഞ ശേഷമാണ് പോലീസുകാർ അവരെ വിട്ടയച്ചത്.
സാമൂഹിക മാധ്യമങ്ങളിൽ ഈ സംഭവം ഉടനടി വൈറലാവുകയും വലിയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു. പെൺകുട്ടിയുടെ സ്നേഹപ്രകടനത്തിന്റെ ആഴത്തെക്കുറിച്ച് ചിലർ തമാശ രൂപേണ സംസാരിച്ചപ്പോൾ, പൊതുസ്ഥലത്ത് ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ ഒഴിവാക്കണമെന്നും പോലീസിന്റെ നടപടി തികച്ചും ന്യായമാണെന്നുമുള്ള അഭിപ്രായമാണ് ഭൂരിഭാഗം ആളുകളും പങ്കുവെച്ചത്.
Content Highlights: A young woman in Gwalior, Madhya Pradesh, kissed her boyfriend's Maruti Swift car 3,400 times with red lipstick in just 4 hours., The couple posted the video on Instagram, which quickly went viral on social media., Gwalior traffic police tracked the vehicle using the number plate from the viral video., Police fined the couple 5,500 rupees and forced them to clean the car completely at a service station.