'ഡോളറല്ലേ സമ്പാദിക്കുന്നത്,എന്തിനാണ് സാധനങ്ങളുടെ വില രൂപയിലേക്ക് മാറ്റുന്നത്?'-യുവതിക്ക് വിമര്‍ശനം

ഇന്ത്യയില്‍ ലഭിക്കുന്ന പലചരക്ക് സാധനങ്ങള്‍ക്കും പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും കാനഡയില്‍ എന്തായിരിക്കും വില. ഇന്ത്യ വിട്ട് കാനഡയില്‍ പോകുന്ന ആളുകള്‍ പലപ്പോഴും ഇത് അന്വേഷിച്ചിട്ടുണ്ടാകും. ഇപ്പോഴിതാ കാനഡയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നുള്ള ഒരു വീഡിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് ഇന്‍ഫ്‌ളുവന്‍സറായ കാനുപ്രിയ. പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും ഇന്ത്യന്‍ രൂപയില്‍ എത്ര വില വരും എന്നാണ് വീഡിയോയില്‍ യുവതി പറയുന്നത്.
ബ്രെഡും തൈരും മുതല്‍ കാരറ്റും മാമ്പഴവും വരെ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പലചരക്ക് സാധനങ്ങളുടെ വിലയാണ് യുവതി പങ്കുവെയ്ക്കുന്നത്. 'മനക്കരുത്തില്ലാത്തവര്‍ ഈ വീഡിയോ കാണരുത്' എന്ന് തുടക്കത്തില്‍ എഴുതി കാണിക്കുന്നുണ്ട്. അതിനുശേഷം ആദ്യം പറയുന്നത് മല്ലിയിലയുടെ വിലയാണ്. 90 രൂപയാണ് ഇതിന്റെ വില.
ഒരു കഷ്ണം ഇഞ്ചിക്ക് 177 രൂപ, ഒരു കാരറ്റിന് 66 രൂപ, ഒരു മാങ്ങയ്ക്ക് 106 രൂപ, ഒരു ആപ്പിളിന് 78 രൂപ, ഒരു ഉരുളക്കിഴങ്ങിന് 78 രൂപ, ഒരു വെളുത്തുള്ളിക്ക് 395 രൂപ, നാല് ലിറ്റര്‍ പാലിന് 396 രൂപ, ഒരു ചെറിയ പാത്രം തൈരിന് 200 രൂപ, ഒരു പാക്കറ്റ് ബ്രെഡിന് 230 രൂപ എന്നിങ്ങനെയാണ് വില വരുന്നതെന്ന് അവര്‍ പറയുന്നു.
'ബ്രെഡും പാലും മാത്രം വാങ്ങിയിട്ട് പൈസ തീര്‍ന്നതായി എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? കാനഡയിലേക്ക് സ്വാഗതം. ഇന്ത്യയിലെയും കാനഡയിലെയും പലചരക്ക് സാധനങ്ങളുടെ വില താരതമ്യം ചെയ്യുമ്പോള്‍ നിങ്ങള്‍ ഞെട്ടാന്‍ തയ്യാറാകൂ' എന്ന ക്യാപ്ഷനും വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്.
ഇതിന് താഴെ യുവതിയെ പിന്തുണച്ചും വിമര്‍ശിച്ചും ഒട്ടേറെപ്പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഡോളറില്‍ സമ്പാദിക്കാനും ചെലവഴിക്കാനും തുടങ്ങിയാലും ഡോളറിനെ രൂപയിലേക്ക് മാറ്റുന്ന നമ്മുടെ ചിന്താഗതി നമ്മള്‍ മാറ്റില്ല എന്നായിരുന്നു ഒരു ഉപയോക്താവ് കുറിച്ചത്. കാനഡയില്‍ ക്വാളിറ്റിയുണ്ടെന്നും ഇന്ത്യയുമായി താരതമ്യം ചെയ്യരുതെന്നും ഒരാള്‍ കുറിച്ചു. നിങ്ങള്‍ സമ്പാദിക്കുന്ന ഒരു ഡോളര്‍ 60 രൂപയാണെന്ന് മറക്കരുതെന്നും കമന്റുകളുണ്ട്. 'നമ്മുടെ രാജ്യത്ത്, മല്ലിയില പലപ്പോഴും പച്ചക്കറികളുടെ കൂടെ കിട്ടുന്ന 'സൗജന്യ സമ്മാന'മാണ്, ചിലപ്പോള്‍ നമുക്ക് ആവശ്യമില്ലെങ്കില്‍ പോലും കച്ചവടക്കാര്‍ അത് വാങ്ങാന്‍ നിര്‍ബന്ധിക്കും!' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.
Content Highlights: woman compares grocery prices in india vs canada