ഗൗണിനും തൊപ്പിക്കും പണമില്ല; സ്വന്തം ബിരുദദാനച്ചടങ്ങില്‍ അതിഥിയായി പങ്കെടുത്തു, കയ്‌പ്പേറിയ നിമിഷമെന്ന് യുവതി

രാഷിക ഫസാലി ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌.|Photo credit: rashikariri
രാഷിക ഫസാലി ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌.|Photo credit: rashikariri

പഠനം കഴിഞ്ഞ് ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കുക എന്നത് ഏതൊരു വിദ്യാര്‍ഥിയുടേയും സ്വപ്‌നമാണ്. എന്നാല്‍ തൊപ്പിയും ഗൗണും ധരിച്ച് വേദിയില്‍ നില്‍ക്കുന്ന സുഹൃത്തുക്കളെ നോക്കി ഒരു കാഴ്ച്ചക്കാരിയായി നില്‍ക്കാനേ രാഷിക ഫസാലിക്ക് സാധിച്ചുള്ളു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം സ്വന്തം ബിരുദദാനച്ചടങ്ങില്‍ അതിഥിയായി പങ്കെടുക്കേണ്ടി വന്ന അനുഭവത്തിന്റെ വീഡിയോ പങ്കുവെച്ചതോടെ വൈറലായിരിക്കുകയാണ്.

സാമൂഹികമാധ്യമമായ ഇന്‍സ്റ്റഗ്രാമിലാണ് ഡിജിറ്റല്‍ ക്രിയേറ്റര്‍ കൂടിയായ ഫസാലി തന്റെ അനുഭവം പങ്കുവെച്ചത്. എംഎസ്.സി ബിസിനസ് സൈക്കോളജിയില്‍ മാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയ ഫസാലി തന്റെ മകളോടൊപ്പമാണ് പരിപാടിയില്‍ പങ്കെടുത്തത്. ജീവിതത്തില്‍ ഇതുവരെ ബിരുദദാനച്ചടങ്ങില്‍ തൊപ്പിയും ഗൗണും ധരിച്ച് പങ്കെടുത്തിട്ടില്ലെന്നും, ഇപ്പോള്‍ അതിയായ താല്‍പര്യമുണ്ടായിരുന്നെന്നും എന്നാല്‍ സാമ്പത്തികാമായി ബുദ്ധിമുട്ടുകള്‍ നേരിടുന്ന കാരണം അതിന് സാധിച്ചില്ല എന്നും ഫസാലി വീഡിയോയില്‍ പറയുന്നുണ്ട്. പരിപാടിക്ക് വേണ്ടി ചെലവാക്കുന്നതിനേക്കാള്‍ ആ മാസത്തെ ആവശ്യങ്ങളാണ് പ്രധാനമെന്ന് തോന്നിയതാണ് ഇതിന് കാരണമെന്നും ഫസാലി പങ്കുവെച്ചു

ജീവിതത്തിലെ കയ്പ്പേറിയ നിമിഷങ്ങളയായിരുന്നു അത്. അതിഥിയായി പങ്കെടുക്കാം എന്ന തീരുമാനവും ബുദ്ധിമുട്ടുണ്ടാക്കി. ഫസാലി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സദസ്സിലിരിക്കുമ്പോള്‍ സുഹൃത്തുക്കള്‍ക്ക് വേണ്ടി കൈയ്യടിക്കാന്‍ സാധിച്ചു. തന്റെ ജീവിതത്തിലെ മോശം സമയത്തിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ എന്നെ ആശ്വസിപ്പിച്ചു. ഇത്തരത്തില്‍ കുറേ ഓര്‍മ്മകള്‍ പരിപാടിയുടെ ഭാഗമായി ലഭിച്ചെന്നും ഫസാലി പറഞ്ഞു.

മറ്റൊരാളുടെ സഹായമില്ലാതെ ഒറ്റയ്ക്ക് മകളെ വളര്‍ത്തുന്നതിനിടയിലും മെറിറ്റോട് കൂടി ബിരുദം സ്വന്തമാക്കാന്‍ സാധിച്ചതില്‍ തന്നോട് ബഹുമാനമുണ്ട്, ഫസാലി പറഞ്ഞു. സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതോടെ ആളുകള്‍ ഫസാലിയുടെ നേട്ടത്തിന് അഭിനന്ദനങ്ങളുമായെത്തി. ആവശ്യപ്പെട്ടിരുന്നെങ്കില്‍ ബിരുദദാനച്ചടിങ്ങിന് ആവശ്യമായ പണം നല്‍കാന്‍ തയ്യാറാണ് എന്ന് ചിലര്‍ കുറിപ്പിട്ടു. ഇപ്പോഴത്തെ നേട്ടം പോലെ ഭാവിയിലും മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുമെന്നും, ഇങ്ങനെ ചെയ്യാന്‍ ധൈര്യമുള്ളവര്‍ക്ക് മാത്രമേ സാധിക്കുകയുള്ളു എന്നും അഭിപ്രായം രേഖപ്പെടുത്തിയവര്‍ ഉണ്ട്. ഇതിനിടെ ചിലര്‍ കോളേജിനെ കുറ്റപ്പെടുത്തിയും പോസ്റ്റിട്ടു.

Content Highlights: A woman shares her bittersweet experience of attending her graduation ceremony as a guest due to financial constraints, highlighting her determination and resilience.