ഉമാ തോമസിന്റേയും പി.ടി തോമസിന്റേയും മകൻ വിവേക് തോമസ് വിവാഹിതനാകുന്നു; വധു ആഗ്ന

#Lifestyle Desk
ഉമാ തോമസും പി.ടി. തോമസും, വിവേക് തോമസും ആഗ്നയും | Photo: Mathrubhumi, Facebook/ Uma Thomas
ഉമാ തോമസും പി.ടി. തോമസും, വിവേക് തോമസും ആഗ്നയും | Photo: Mathrubhumi, Facebook/ Uma Thomas

ഉമാ തോമസ് എംഎൽഎയുടേയും അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി. തോമസിന്റേയും മകൻ അഡ്വ. വിവേക് തോമസ് വിവാഹിതനാവുന്നു. അഡ്വ. ആഗ്ന ജോയ് ആണ് വധു. ശനിയാഴ്ച തൃശ്ശൂർ ലൂർദ്ദ് സെന്റിനറി ഹാളിൽ വിവാഹനിശ്ചയം നടക്കും.

ഉമാ തോമസ് എംഎൽഎയാണ് വിവരം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്. തൃശ്ശൂർ ഗവ. ലോ കോളേജിൽ വിവേകിന്റെ ജൂനിയറായിരുന്നു വധു ആഗ്നയെന്ന് എംഎൽഎ ഫെയ്‌സ്ബുക്കിൽ കുറിച്ചു. പി.ടി. തോമസിന്റേയും ഉമാ തോമസിന്റേയും രണ്ടുമക്കളിൽ ഇളയവനാണ് വിവേക് തോമസ്.

'തൃശ്ശൂർ ഗവ. ലോ കോളേജിൽ വിവേകിന്റെ ഒരു വർഷം ജൂനിയറായിരുന്നു ആഗ്‌ന. പഠനവും പ്രൊഫഷനും ജീവിതവും ഒരുമിച്ചാകാമെന്ന രണ്ടുപേരുടേയും ഇഷ്ടത്തോട് എല്ലാവരും സന്തോഷത്തോടെ ചേരുന്നു. തൃശ്ശൂർ കണിമംഗലം അനോക്കാരൻ വീട്ടിൽ ജോയ് ജോണിന്റേയും സലോമിയുടെയും മകളാണ് ആഗ്‌ന. നാളെ, തൃശ്ശൂർ ലൂർദ്ദ് സെന്റിനറി ഹാളിലെ ലളിതമായ ചടങ്ങിൽ വിവാഹ നിശ്ചയം. എല്ലാവരുടേയും അനുഗ്രഹം വേണം പ്രിയ മക്കൾക്ക്', ഉമാ തോമസ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.

മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായിരുന്ന പി.ടി. തോമസ് അർബുദ ചികിത്സയ്ക്കിടെയാണ് അന്തരിച്ചത്. കെപിസിസി വർക്കിങ് പ്രസിഡന്റും മുൻ എം.പിയുമായിരുന്നു.

Content Highlights: Adv. Vivek Thomas, son of MLA Uma Thomas and late leader PT Thomas, is getting married to Adv. Agna. Engagement ceremony details