നൃത്തം ചെയ്യുന്നതിനിടെ വീഴാൻപോകുന്ന രോഹിത്; അവസാന ഫാഷൻ ഷോയില്‍ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

ഡിസൈനർ വസ്ത്രങ്ങൾ സാധാരണക്കാരനുപോലും പ്രാപ്യമാക്കിയ ഫാഷൻ ഡിസൈനറാണ് കഴിഞ്ഞദിവസം വിടപറഞ്ഞ രോഹിത് ബല്‍. 800 രൂപയ്ക്ക് ഖാദി ഡിസൈനർ ഷർട്ടുകൾ ഇറക്കി, ഇന്ത്യൻ ഫാഷൻരംഗത്തെ ഇളക്കിപ്രതിഷ്ഠിച്ചവരിൽ പ്രമുഖനായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്ന രോഹിത് ബല്‍ അവസാനമായി പങ്കെടുത്ത ലാക്‌മെ ഫാഷൻ വീക്കിലെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
ആഴ്ചകൾക്കുമുൻപ് ഡൽഹിയിലാണ് ലാക്‌മെ ഫാഷൻ വീക്ക് നടന്നത്. കഴിഞ്ഞവർഷം ഹൃദയാഘാതത്തെത്തുടർന്ന് ദീർഘനാൾ ആശുപത്രിയിൽ കഴിഞ്ഞശേഷം തിരിച്ചെത്തിയതായിരുന്നു അദ്ദേഹം. തന്റെ ഷോയ്ക്കുശേഷം റാംപിലെത്തിയ അദ്ദേഹത്തെ പലരും കണ്ണീരോടെയാണ് വരവേറ്റത്. എന്നാൽ പൂർണ ആരോഗ്യവാനായല്ല ബല്‍ ഷോയിൽ പങ്കെടുത്തത്. രോഹിത് ബലിനെ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഷോയിലെ ദൃശ്യങ്ങൾ. വേദിയിൽ നൃത്തം ചെയ്യുന്നതും അദ്ദേഹം വീഴാൻ പോകുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. എന്നാൽ ആവേശത്തോടെ ബല്‍ നൃത്തം തുടർന്നു.
സ്‌റ്റേജിലെത്തിയ രോഹിത് ബലിനെ അനന്യ പാണ്ഡെ റോസാപ്പൂ നല്‍കിയാണ് സ്വീകരിച്ചത്. പിന്നാലെ അദ്ദേഹം ചെറിയ ചുവടുകള്‍ വെച്ച് നൃത്തം ചെയ്യാന്‍ ആരംഭിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുമ്പോഴും ആവേശത്തോടെയായിരുന്നു രോഹിത് ബലിന്റെ വേദിയിലെ പ്രകടനം. ചുറ്റുമുള്ളവരെല്ലാം അദ്ദേഹത്തെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയുംചെയ്തു.
അതേസമയം ബലിന്റെ മരണത്തിനുകാരണം അദ്ദേഹത്തിന്റെ സുഹൃത്തായ ലളിത് തെഹ്‌ലാൻ ആണെന്ന ആരോപണവും ഉയരുന്നുണ്ട്. ചെറിയ അളവിൽ വിഷം നൽകി തെഹ്‌ലാൻ ബലിനെ കൊല്ലുകയായിരുന്നുവെന്ന് ഫാഷൻ ഡിസൈനറായ രോഹിത് ഗാന്ധിയടക്കം പലരും ആരോപണമുന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുവർഷമായി ബലിനെ കാണാൻ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെപ്പോലും തെഹ്‌ലാൻ അനുവദിച്ചിരുന്നില്ലെന്നും പറയുന്നു. 37-കാരനായ തെഹ്‌ലാൻ, 17-ാം വയസ്സിൽ മോഡലിങ് രംഗത്തേക്ക് എത്തിയതോടെയാണ് ബലുമായി അടുക്കുന്നതും പിന്നീട് ആ സൗഹൃദം വളരുന്നതും.
1986-ൽ തന്റെ സഹോദരൻ രാജീവിനൊപ്പമാണ് ബല്‍, ഫാഷൻരംഗത്തേക്ക് വന്നത്. നാലുവർഷത്തിനുശേഷം സ്വന്തംവസ്ത്രങ്ങളുമായി വിപണിയിലിറങ്ങി. സഹപ്രവർത്തകരും സുഹൃത്തുക്കളും സ്നേഹപൂർവം ‘ഗുഡ്ഡ’ എന്നുവിളിച്ചിരുന്ന ബല്‍ പുതിയതലമുറയ്ക്ക് എന്നും പ്രചോദനമായിരുന്നു. വെളുപ്പിനെയും കറുപ്പിനെയും അതിന്റെ വകഭേദങ്ങളെയും കൂടുതൽ സ്നേഹിച്ച അദ്ദേഹം തന്റെ വസ്ത്രങ്ങളിലും ഇവയ്ക്ക് പ്രാധാന്യം നൽകി. താമര, റോസാപ്പൂ, മയിൽ തുടങ്ങിയ ഇന്ത്യൻ ബിംബങ്ങളും അദ്ദേഹത്തിന്റെ വസ്ത്രങ്ങളെ വർണാഭമാക്കി. 2018-ൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് സുപ്രീംകോടതി കുറ്റകരമല്ലാതാക്കിയ സംഭവത്തിൽ അദ്ദേഹമതിനെ സ്വാഗതംചെയ്തത് ‘377’ എന്ന് തുന്നിച്ചേർത്ത ജാക്കറ്റിട്ട് വേദിയിലെത്തിയായിരുന്നു.
Content Highlights: Visibly unwell Rohit Bals spirited dance at final fashion show