പ്രിയതമയേയും മക്കളേയും കാണണം; വിജയാഘോഷത്തിന് പിന്നാലെ രാത്രിതന്നെ ലണ്ടനിലേക്ക് പറന്ന് കോലി

ഇന്ത്യന്‍ ടീമിന്റെ മുംബൈയിലെ വിജയാഘോഷത്തിന് പിന്നാലെ ലണ്ടനിലേക്ക് വിമാനം കയറി വിരാട് കോലി. ഭാര്യ അനുഷ്‌ക ശര്‍മയേയും മക്കളേയും കാണാനാണ് കോലി ലണ്ടനിലേക്ക് പറന്നത്.
വ്യാഴാഴ്ച്ച രാത്രി മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള കോലിയുടെ വീഡിയോയാണ് പുറത്തുവന്നത്. കറുപ്പ് എസ്‌യുവിയില്‍ വന്നിറങ്ങിയ കോലി വെള്ള ടി ഷര്‍ട്ടും ക്രീം പാന്റ്‌സും ഒലീവ് ഗ്രീന്‍ ജാക്കറ്റുമാണ് ധരിച്ചിരുന്നത്. താരം തിരക്കിട്ട് വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതും വീഡിയോയില്‍ കാണാം.
ട്വന്റി-20 ലോകകപ്പില്‍ കിരീടം നേടിയ ശേഷം ബാര്‍ബാര്‍ബഡോസില്‍ നിന്ന് ന്യൂഡല്‍ഹിയിലെത്തിയ കോലി പ്രധാനമന്ത്രിയുടെ ബ്രേക്ക്ഫാസ്റ്റ് വിരുന്നില്‍ പങ്കെടുത്തിരുന്നു. അതിനുശേഷം മുംബൈ വാംഖഡെ സ്റ്റേഡിയത്തിലേക്ക് തുറന്ന ബസില്‍ നടത്തിയ വിക്ടറി പരേഡിലും കോലി ഭാഗമായി. ഇതിന് പിന്നാലെയാണ് പ്രിയതമയെ കാണാന്‍ കോലി തിരിച്ചത്.
നേരത്തെ ബെറില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീം ബാര്‍ബഡോസില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നത് വൈകിയിരുന്നു. ആ സമയത്ത് ഹോട്ടലില്‍ തങ്ങിയ കോലി അനുഷ്‌കയെ വീഡിയോകോള്‍ ചെയ്ത് ചുഴലിക്കാറ്റ് കാണിച്ചുകൊടുക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇന്ത്യന്‍ ടീമിന്റെ വിജയത്തിന് പിന്നാലെ കോലിയെ അഭിനന്ദിച്ച് അനുഷ്‌ക പോസ്റ്റ് പങ്കുവെച്ചിരുന്നു. തന്റെ വിജയത്തിന്റെ ക്രെഡിറ്റ് അനുഷ്‌കയ്ക്ക് നല്‍കി കോലിയും ഇന്‍സ്റ്റഗ്രാമില്‍ മനോഹര ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ കാണാന്‍ ഗാലറിയിലെത്തിയിരുന്ന അനുഷ്‌ക പിന്നീട് ലണ്ടനിലേക്ക് തിരിച്ചുപോകുകയായിരുന്നു. ബാര്‍ബഡോസിലെ ഫൈനല്‍ കാണാന്‍ അവര്‍ എത്തിയിരുന്നില്ല.
കിരീട വിജയത്തിനുശേഷം ഗ്രൗണ്ടിലിരുന്ന് കോലി അനുഷ്‌കയെ വീഡിയോകോള്‍ ചെയ്താണ് സന്തോഷം പങ്കുവെച്ചത്. മക്കളായ വാമികയേയും അകായ്‌യേയും കോലി കളിപ്പിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചതുമുതല്‍ അനുഷ്‌ക കോലിക്കും വാമികയ്ക്കുമൊപ്പം ലണ്ടനിലാണ് താമസം. തങ്ങളുടേയും കുഞ്ഞുങ്ങളുടേയും സ്വകാര്യത കണക്കിലെടുത്താണ് ഇരുവരും മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് താമസം മാറിയത്.
Content Highlights: virat Kohli jets off to london immediately after mumbai celebration to meet anushka sharma and kids