'ഈ വിജയം എന്റേതുപോലെ നിന്റേതുമാണ്';ഷാംപെയ്ന്‍ ഗ്ലാസുമായി അനുഷ്‌കയ്‌ക്കൊപ്പം സായാഹ്നം ആസ്വദിച്ച് കോലി

ഫൈനലിന് ശേഷം അനുഷ്‌കയേയും മക്കളേയും വീഡിയോകോള്‍ ചെയ്യുന്ന കോലി/  അനുഷ്‌കയ്‌ക്കൊപ്പമുള്ള വിജയാഘോഷം | Photo: instagram/ icc/ virat kohli
ഫൈനലിന് ശേഷം അനുഷ്‌കയേയും മക്കളേയും വീഡിയോകോള്‍ ചെയ്യുന്ന കോലി/ അനുഷ്‌കയ്‌ക്കൊപ്പമുള്ള വിജയാഘോഷം | Photo: instagram/ icc/ virat kohli

ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് വിജയത്തിന് പിന്നാലെ ബോളിവുഡ് താരം അനുഷ്‌ക ശര്‍മ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഭര്‍ത്താവുമായ വിരാട് കോലിയോടുള്ള തന്റെ സ്‌നേഹം വെളിപ്പെടുത്തിയും മകള്‍ വാമികയുടെ ആശങ്ക പങ്കുവെച്ചുമാണ് അനുഷ്‌ക കുറിപ്പെഴുതിയത്. മത്സരശേഷം ഗ്രൗണ്ടില്‍ സന്തോഷക്കണ്ണീരണിഞ്ഞ ഇന്ത്യന്‍ താരങ്ങളെ ആര് കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുമെന്നായിരുന്നു വാമികയുടെ ആശങ്ക. 

ഇപ്പോഴിതാ തന്റെ വിജയത്തിന്റെ ക്രെഡിറ്റ് അനുഷ്‌കയ്ക്ക് നല്‍കിയുള്ള കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ് കോലി. അനുഷ്‌കയില്ലാതെ ഇതൊന്നും സാധ്യമാകുമായിരുന്നില്ലെന്നും കുറിപ്പില്‍ കോലി പറയുന്നു. 

'നീയില്ലാതെ ഇതൊന്നും സാധ്യമാകുമായിരുന്നില്ല.നീയെന്നെ എളിമയുള്ളവനും താഴ്മയുള്ളവനുമാക്കി നിലനിര്‍ത്തുന്നു. തീര്‍ത്തും സത്യസന്ധമായി ഇരിക്കേണ്ടതിനെക്കുറിച്ച് എപ്പോഴും പറഞ്ഞുകൊണ്ടേയിരുന്നു. ഈ വിജയം എന്റേതുപോലെ നിന്റേതുമാണ്. നീ നീയായിരിക്കുന്നതിന് നന്ദി. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.' കോലി കുറിപ്പില്‍ പറയുന്നു. അനുഷ്‌കയ്‌ക്കൊപ്പം ഷാംപെയ്ന്‍ ഗ്ലാസുമായി സായാഹ്നം ആസ്വദിക്കുന്ന ഒരു ചിത്രവും കോലി പോസ്റ്റ് ചെയ്തിട്ടുണ്ട്.

കോലിയുടെ മത്സരങ്ങളെല്ലാം കാണാന്‍ ഗാലറിയിലെത്താറുള്ള അനുഷ്‌ക ഇത്തവണ ഫൈനല്‍ കാണാന്‍ ബാര്‍ബഡോസിലെത്തിയിരുന്നില്ല. മക്കളായ വാമികയ്ക്കും അകായ്ക്കുമൊപ്പം വീട്ടിലിരുന്നാണ് മത്സരം കണ്ടത്. ദക്ഷിണാഫ്രിക്കയുടെ ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെട്ടപ്പോള്‍ അതിന്റെ ടിവി സ്‌ക്രീന്‍ ഷോട്ട് താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായും പങ്കുവെച്ചിരുന്നു. വിജയശേഷം അനുഷ്‌കയേയും മക്കളേയും വീഡിയോ കോള്‍ ചെയ്യാന്‍ കോലിയും മറന്നില്ല. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.


 

Content Highlights: virat kohli celebrates t20 world cup win with wife anushka sharma