വിരാടിന്റെയും അനുഷ്‌കയുടെയും ലണ്ടനിലേക്കുള്ള മാറ്റം; കാരണം ഇതാണെന്ന് മാധുരി ദീക്ഷിതിന്റെ ഭര്‍ത്താവ്

അനുഷ്ക ശർമ്മയും വിരാട് കോലിയും, മാധുരി ദീക്ഷിതും ഡോ. ശ്രീറാം നെനെയും
അനുഷ്ക ശർമ്മയും വിരാട് കോലിയും, മാധുരി ദീക്ഷിതും ഡോ. ശ്രീറാം നെനെയും

സെലിബ്രിറ്റി ദമ്പതിമാരായ വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയും ലണ്ടനിലേക്ക് താമസം മാറ്റാന്‍ സാധ്യതയുണ്ടെന്നുള്ള ഊഹാപോഹങ്ങള്‍ കഴിഞ്ഞ വര്‍ഷം മുതല്‍തന്നെ ശക്തമായിരുന്നു. പിന്നാലെ പലതവണ ഇവര്‍ ലണ്ടനില്‍ പ്രത്യക്ഷപ്പെട്ടു. വിരുഷ്‌ക എന്ന ഓമനപ്പേരിലറിയപ്പെടുന്ന താരദമ്പതിമാര്‍ യുകെയിലേക്ക് താമസം മാറിയെന്ന് ചില പരിചയക്കാര്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ലണ്ടനിലേക്ക് താമസം മാറ്റാനുള്ള ഇവരുടെ തീരുമാനത്തിന് പിന്നിലെന്താണെന്ന ചര്‍ച്ച ഇപ്പോഴും സജീവമായി തുടരുകയാണ്. 

ഇതിനിടെയാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തലുകളുമായി ബോളിവുഡ് നടി മാധുരി ദീക്ഷിതിന്റെ ഭര്‍ത്താവ് ഡോ. ശ്രീറാം നെനെ രംഗത്തെത്തിയിരിക്കുന്നത്. അനുഷ്‌കയുമായി നടത്തിയ ഒരു സംഭാഷണം ഓര്‍ത്തെടുത്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ജീവിതം ആസ്വദിക്കാനും കുട്ടികളെ സാധാരണ രീതിയില്‍ വളര്‍ത്താനും വേണ്ടിയാണ് വിരാടും അനുഷ്‌കയും ലണ്ടനിലേക്ക് താമസം മാറാന്‍ തീരുമാനിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. 

'അവര്‍ സാധാരണ മനുഷ്യരെപ്പോലെയാണ്. ഞങ്ങള്‍ ഒരു ദിവസം അനുഷ്‌കയുമായി സംസാരിച്ചു. അത് വളരെ രസകരമായിരുന്നു. അവര്‍ക്ക് ഇവിടെ അവരുടെ ജീവിതം ആസ്വദിക്കാന്‍ കഴിയാത്തതുകൊണ്ട് ലണ്ടനിലേക്ക് മാറുന്നതിനെക്കുറിച്ച് അവര്‍ ആലോചിക്കുകയായിരുന്നു. അവര്‍ കടന്നുപോകുന്ന അവസ്ഥ ഞങ്ങള്‍ക്ക് മനസിലാകും. അവര്‍ എന്തു ചെയ്താലും അത് ശ്രദ്ധനേടും. അതിനാല്‍ അവര്‍ ഏതാണ്ട് ഒറ്റപ്പെട്ടവരായി മാറുകയാണ്.' -ശ്രീറാം നെനെ പറഞ്ഞു.

'എല്ലായ്പ്പോഴും അവരുടെയടുത്ത് ആളുകള്‍ സെല്‍ഫിയെടുക്കാനെത്തും. അത് മോശം കാര്യമാണെന്നല്ല. പക്ഷേ ചില സമയങ്ങളില്‍ അത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകും. നിങ്ങള്‍ ഉച്ചഭക്ഷണം കഴിക്കുമ്പോഴോ അത്താഴം കഴിക്കുമ്പോഴോ ഒക്കെ. അപ്പോള്‍ മര്യാദയോടെ പെരുമാറേണ്ടിവരും. എന്റെ ഭാര്യയ്ക്ക് (മാധുരി ദീക്ഷിതിന്) അതൊരു പ്രശ്നമാകാറുണ്ട്. എന്നാല്‍ അനുഷ്‌കയും വിരാടും നല്ല മനുഷ്യരാണ്. അവര്‍ക്ക് തങ്ങളുടെ കുട്ടികളെ സാധാരണ രീതിയില്‍ വളര്‍ത്തണമെന്നേയുള്ളൂ.' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Virat Kohli-Anushka Sharma's Reason Behind Moving Out Of India Revealed by Dr Sriram Nene?