'ആ ചിത്രം മോഹൻലാലിനെതിരാണെന്ന് അദ്ദേഹത്തിന്റെ കൂടെയുള്ളവർ പറഞ്ഞുപരത്തി, ഫാൻസ് ബാനർ വെച്ചു' -വിനയൻ

#Movie Desk
വിനയൻ, മോഹൻലാൽ | Photos: Facebook, Mathrubhumi
വിനയൻ, മോഹൻലാൽ | Photos: Facebook, Mathrubhumi

മലയാള സിനിമയിൽ ഒറ്റയാൾ പോരാട്ടം നടത്തി മുന്നേറിയ സംവിധായകനാണ് വിനയൻ. വിലക്കുകൾക്കിടയിലും സിനിമകൾ പുറത്തിറക്കുകയും നിയമവഴിയിൽ വിജയം നേടിയുമെല്ലാം വിനയൻ അതിശയിപ്പിച്ചിട്ടുണ്ട്. അത്ഭുതദ്വീപ് ഉൾപ്പെടെയുള്ള ഫാന്റസി ചിത്രങ്ങളും ആകാശഗംഗ പോലുള്ള ഹൊറർ ചിത്രങ്ങളും ഒട്ടേറെ കോമഡി ചിത്രങ്ങളുമെല്ലാം മലയാളികൾക്ക് സമ്മാനിച്ച വിനയൻ തന്റെ ആദ്യകാല ചിത്രമായ സൂപ്പർസ്റ്റാറിന്റെ പിറവിയെ കുറിച്ചും അതിനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങളെ കുറിച്ചും തുറന്നുപറയുകയാണ്.

1990-ലാണ് ചിത്രം പുറത്തിറങ്ങിയത്. മദൻലാൽ, ജഗദീഷ്, ജഗതി ശ്രീകുമാർ, കൽപ്പന തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിലെത്തിയത്. ഇന്ദ്രജാലം എന്ന നാടകത്തിൽ അഭിനയിച്ചിരുന്ന ശശികുമാർ എന്ന യുവാവിനുവേണ്ടി ഒരുക്കിയ കഥയാണ് സൂപ്പർസ്റ്റാറിന്റേത് എന്ന് വിനയൻ പറയുന്നു. മോഹൻലാലുമായി മുഖസാദൃശ്യമുള്ള നടനായിരുന്നു ശശികുമാർ. അതുകൊണ്ട് നാടകം സൂപ്പർഹിറ്റായി. ആ സമയത്ത് ലാവണ്യ ഫിലിംസിന്റെ ഉടമയായ ജോർജാണ് ഇദ്ദേഹത്തെ നായകനാക്കി സിനിമയെടുക്കണമെന്നും അതിനായി കഥയെഴുതണമെന്നും തന്നോട് പറഞ്ഞതെന്നും വിനയൻ പറയുന്നു.

Also Read: 'കഥയുണ്ടാക്കിയത് മമ്മൂക്ക പറഞ്ഞിട്ട്, ഷൂട്ടിങ് തുടങ്ങിയപ്പോൾ തിരക്കഥ പൂർത്തിയായിട്ടില്ലായിരുന്നു’ -’രാക്ഷസരാജാവി’ന്റെ കഥ പറഞ്ഞ് വിനയൻ

'നാളെ വൈകീട്ട് ബോംബെയ്ക്ക് പോകുകയാണ്, തിരിച്ചുവരുമ്പോഴേക്കും കഥ റെഡിയാക്കി വെക്കൂ എന്ന് പറഞ്ഞാണ് ജോർജ് പോയത്. പിറ്റേദിവസം രാവിലെ ഞാൻ ജോർജിന്റെ വീട്ടിലെത്തി കോളിങ് ബെൽ അടിച്ചു. ജോർജ് വാതിൽ തുറന്ന് എന്താണെന്ന് ചോദിച്ചപ്പോൾ കഥ റെഡിയാണെന്ന് ഞാൻ പറഞ്ഞു. പുള്ളി ഞെട്ടിപ്പോയി. ഓകെ, വരൂ എന്ന് പറഞ്ഞ് എന്നെ അകത്തിരുത്തി. ഞാൻ കഥപറഞ്ഞു. അതാണ് സൂപ്പർസ്റ്റാറിന്റെ മുഖമുള്ള ബാർബറുടെ കഥ.' -വിനയൻ തുടർന്നു.

'അന്ന് രാത്രിയിൽ ഞാനുണ്ടാക്കിയ കഥയാണ് അത്. രണ്ട് കട്ടിങ്ങും രണ്ട് ഷേവിങ്ങും മാത്രമുള്ള ബാർബറുടെ കഥ. ഇവൻ പട്ടിണിയാണ്. മൂന്നുനാല് മക്കളുണ്ട്. 'അണ്ണാ ഈ മുഖം തന്നിട്ട് എന്താണ് കാര്യം ഞാൻ ജീവിക്കുന്നത് പട്ടിണിയാണല്ലോ അണ്ണാ' എന്ന് പറഞ്ഞ് ബാർബർ ഷോപ്പ് മുഴുവൻ ഇയാളുടെ പോസ്റ്റർ ഒട്ടിച്ചു വെച്ചിരിക്കുന്ന ബാർബറും അവന്റെ ഈ മുഖം വെച്ചിട്ട് അത് വെച്ച് മുതലെടുക്കുന്ന, ഇവന്റെ സിനിമയോടുള്ള അഭിനിവേശം വെച്ച് മുതലെടുക്കുന്ന അവന്റെ കടയുടെ അടുത്ത് കടകൾ നടത്തുന്ന ജഗദീഷും ജഗതിയും ഇന്നസെന്റും ഒക്കെയുള്ള ഒരു ഹ്യൂമർ സംഭവമായിരുന്നു അത്.' -വിനയൻ പറഞ്ഞു.

Don’t Miss: 'എന്നെ പിന്തുണച്ചയാൾക്ക് പോലും വോട്ടുചെയ്യാനായില്ല'; നിർമാതാക്കളുടെ സംഘടനാ തിരഞ്ഞെടുപ്പിനെതിരെ വിനയൻ

'ഒടുവിൽ കളി കാര്യമായി. സിനിമാ മാസികയിലെ സൂപ്പർ സ്റ്റാറിന്റെ ഒപ്പ് നോക്കി പഠിച്ച് ബാങ്കിൽ ചെന്ന് റോബറി നടത്തുന്നതും അത് പ്രശ്‌നമാകുന്നതും അവസാനം സൂപ്പർസ്റ്റാർ വന്ന് ഇതെല്ലാം നിർത്തി എസി ബാർബർഷോപ്പ് തുടങ്ങാനായി ബ്ലാങ്ക് ചെക്ക് കൊടുക്കുന്നതുമാണ് അതിന്റെ ക്ലൈമാക്‌സ്. സത്യത്തിൽ ആ രണ്ട് സീനിൽ മോഹൻലാൽ അഭിനയിച്ചിരുന്നെങ്കിൽ ആ സിനിമയുടെ ഗതി മാറിയേനെ. ഇത് ഞാൻ മോഹൻലാലെന്ന നടനെതിരെ കൊണ്ടുവന്ന ചിത്രമാണെന്നായിരുന്നു ആരോപണം. പക്ഷേ അങ്ങനെയൊന്നുമല്ല. സിനിമ ചെയ്യാനുള്ള ആഗ്രഹം കൊണ്ട് ജോർജ് പറഞ്ഞതിന്റെ പേരിൽ ഉണ്ടാക്കിയ നല്ലൊരു കഥയായിരുന്നു അത്.' -വിനയൻ തുടർന്നു.

'മോഹൻലാൽ ഫാൻസുകാരെല്ലാം കൂടി തിയേറ്ററിന്റെ മുന്നിൽ ബാനർ വെച്ചു. ഞാൻ എന്തോ ലാലിനെതിരായിട്ടാണ് വന്നത് എന്നുള്ള രീതിയിൽ. ലാലിന്റെ കൂടെ നിൽക്കുന്നവരെല്ലാം കൂടി പറഞ്ഞു പരത്തി, ഫാൻസുകാരെ ഒക്കെ എതിരാക്കി. ലാലിനെ അടുത്ത കാലത്ത് കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു 'സാറേ എനിക്ക് ആ കാര്യത്തിലൊന്നും ഒരു പ്രശ്‌നവുമില്ല' എന്ന്. പക്ഷേ അതങ്ങനെ ഒരു ടോക് ആയിട്ട് മാറിയതിലൊന്നും അദ്ദേഹത്തിന് ഒരു ഉത്തരവാദിത്തവും ഇല്ലായിരുന്നു. എന്റെ മനസ്സിലും ലാൽ എന്ന് പറയുന്ന മഹാനടനെതിരായിട്ട് ഉണ്ടാക്കിയതൊന്നുമല്ല അത്. കാരണം, അന്ന് ഏത് പടത്തിനെതിരായിട്ടാ? ഹിസ് ഹൈനസ് അബ്ദുള്ള കളിക്കുമ്പോഴാണ് ഈ പടം ഓപ്പോസിറ്റ് വന്നത്. അങ്ങനെ സിനിമാ മേഖലയിൽ എത്തുമ്പോൾ തന്നെ, എന്താ പറയാ, ഒരു ബോംബ് പൊട്ടിച്ചുകൊണ്ടാണ് ഞാൻ വന്നത്.' -വിനയൻ പറഞ്ഞുനിർത്തി. 

തന്റെ യൂട്യൂബ് ചാനലായ വിനയൻ എന്റർടെയിൻമെന്റ്‌സിൽ പോസ്റ്റ് ചെയ്ത പുതിയ വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

Content Highlights: Director Vinayan clarified that his 1990 film 'Superstar' was not intended to mock Mohanlal. He revealed that despite rumors spread by those close to the superstar and protests by fans, the movie was a humorous take on a barber with a celebrity's face. Vinayan also shared that Mohanlal later told him he had no issues with the film.