ആരാധികയായെത്തി, ജീവിതപങ്കാളിയായി, നിർണായകമായത് ആ സിനിമ; വിജയ്‌യുടേയും സംഗീതയുടേയും പ്രണയകഥ

തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌യുടെ ഭാര്യ സംഗീതാ സ്വർണലിംഗം വിവാഹമോചന ഹർജി ഫയൽ ചെയ്തു എന്ന വാർത്തയുടെ ഞെട്ടലിലാണ് ആരാധകർ. 25 വർഷത്തിലേറെ നീണ്ട വിവാഹബന്ധത്തിനാണ് ഇതോടെ നിയമപരമായി തിരശ്ശീല വീഴുന്നത്. മനോഹരമായ പ്രണയത്തിലൂടെ ആരംഭിച്ച ഇരുവരുടേയും യാത്രയാണ് ഇങ്ങനെയൊരു ആന്റി-ക്ലൈമാക്‌സിലേക്ക് അടുക്കുന്നത്. ഈ സാഹചര്യത്തിലാണ് സിനിമാക്കഥയെ വെല്ലുന്ന വിജയ്-സംഗീത പ്രണയവും വീണ്ടും ചർച്ചയാകുന്നത്.
തന്റെ പത്താം വയസിൽ തന്നെ ക്യാമറയ്ക്ക് മുന്നിലെത്തിയ വിജയ് പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. എന്നാൽ ഒരു ഹിറ്റ് ചിത്രത്തിനായി അദ്ദേഹത്തിന് വർഷങ്ങളോളം കാത്തിരിക്കേണ്ടിവന്നു. ഒടുവിൽ 1996-ൽ പുറത്തിറങ്ങിയ പൂവേ ഉനക്കാഗ എന്ന ചിത്രമാണ് വിജയ്‌യുടെ സിനിമാ കരിയറിൽ നാഴികക്കല്ലായത്. എന്നാൽ പേരും പ്രശസ്തിയും ആരാധകരുടെ സ്‌നേഹവും മാത്രമല്ല ആ ചിത്രം വിജയ്ക്ക് സമ്മാനിച്ചത്; പിന്നീട് തന്റെ ജീവിതപങ്കാളിയായി മാറിയ സംഗീതയെ കൂടിയായിരുന്നു.
Related News: 'നടിയുമായി വിവാഹേതരബന്ധം'; വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചനത്തിന് കോടതിയെ സമീപിച്ചതായി റിപ്പോർട്ട്
പൂവേ ഉനക്കാഗയുടെ വൻവിജയത്തിന് ശേഷം ചെന്നൈയിലെ ഫിലിം സിറ്റിയിൽ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു വിജയ്. ഈ സമയം ആരാധികയായ ഒരു യുവതി വിജയ്‌യുടെ അടുത്ത് വന്ന് പൂവേ ഉനക്കാഗയിലെ പ്രകടനത്തെ അഭിനന്ദിച്ചു. യുകെയിൽ താമസമാക്കിയ ശ്രീലങ്കൻ തമിഴ് വ്യവസായി സ്വർണലിംഗത്തിന്റെ മകൾ സംഗീതാ സ്വർണലിംഗമായിരുന്നു അത്. വിജയ്‌യുടെ അഭിനയശേഷിയിൽ മതിമറന്ന സംഗീത അദ്ദേഹത്തെ നേരിൽ കണ്ട് അഭിനന്ദിക്കാനായി ചെന്നൈയിലെത്തുകയായിരുന്നു. തുടർന്ന് വിജയ്, തന്റെ ആരാധികയായ സംഗീതയെ ഡിന്നറിനായും മാതാപിതാക്കളെ പരിചയപ്പെടാനുമായി വീട്ടിലേക്ക് ക്ഷണിച്ചു.
വിജയ്‌യുടെ ക്ഷണം സ്വീകരിക്കാൻ സംഗീതയ്ക്ക് ഒരുനിമിഷം പോലും ചിന്തിക്കേണ്ടിവന്നില്ല. അങ്ങനെ ഒടുവിൽ ആ ദിവസം വന്നെത്തി. സംഗീത വിജയ്‌യുടെ വീട്ടിലെത്തി മാതാപിതാക്കളെ പരിചയപ്പെടുകയും ഒരുപാട് സമയം ചെലവഴിക്കുകയും ചെയ്തു. ഒരിക്കൽ ഒരു അഭിമുഖത്തിൽ വിജയ്‌യുടെ അമ്മ ശോഭ ഈ കൂടിക്കാഴ്ച ഓർമ്മിക്കുന്നുണ്ട്. അന്ന് വീട്ടിലെത്തിയ വിജയ്‌യുടെ ആരാധികയായ ആ പെൺകുട്ടി ഭാവിയിൽ തങ്ങളുടെ മരുമകളാകുമെന്ന് താനോ ഭർത്താവ് എസ്.എ. ചന്ദ്രശേഖറോ ഒരിക്കലും കരുതിയിരുന്നില്ല എന്നാണ് ശോഭ പറഞ്ഞത്. വിജയ്‌യുടെ മനസിൽ വിരിഞ്ഞ, സംഗീതയോടുള്ള പ്രണയം കാണാതിരുന്ന അവർക്ക് അത് സാധാരണ കൂടിക്കാഴ്ച മാത്രമായിരുന്നു.
വിജയ്‌യുടെ മാതാപിതാക്കളെ സന്ദർശിച്ച ശേഷം പിന്നീട് മാസങ്ങളോളം സംഗീത ചെന്നൈയിലായിരുന്നു താമസം. പിന്നീട് വിജയ് സംഗീതയെ വീണ്ടും വീട്ടിലേക്ക് വിളിച്ചു. സ്വാഭാവികമായി ആ ക്ഷണവും സംഗീത നിറഞ്ഞ മനസോടെ സ്വീകരിച്ചു. അപ്പോഴേക്ക് വിജയ്‌യിന്റെ മനസിലുള്ളത് മാതാപിതാക്കൾ മനസിലാക്കിയിരുന്നു. തങ്ങളുടെ മരുമകളായെത്താൻ എല്ലാംകൊണ്ടും യോഗ്യയാണ് സംഗീതയെന്നായിരുന്നു ശോഭയുടേയും ചന്ദ്രശേഖറിന്റേയും തീരുമാനം.
വിജയ്‌യുടെ വീട്ടിലേക്കുള്ള സംഗീതയുടെ രണ്ടാം വരവിൽ മുഖവുരയില്ലാതെ ചന്ദ്രശേഖർ, സംഗീതയോട് കാര്യം പറഞ്ഞു. വിജയ്‌യുടെ ജീവിതപങ്കാളിയായും തങ്ങളുടെ മരുമകളായും വരുമോ എന്ന ചോദ്യത്തിന് സംഗീത സമ്മതം മൂളി. സംഗീതയെ വിവാഹം ചെയ്യാൻ സമ്മതമാണോ എന്ന് വിജയ്‌യോടും അവർ ചോദിച്ചു. തന്റെ മനസ് മനസിലാക്കിയ മാതാപിതാക്കളോട് വിജയ് സമ്മതമറിയിച്ചതോടെ കല്യാണത്തിന് വഴിതുറന്നു.
വീട്ടിലെ 'മനസമ്മത'ത്തിന് ശേഷം ചന്ദ്രശേഖറും ശോഭയും ലണ്ടനിലേക്ക് പറന്നു. സംഗീതയുടെ മാതാപിതാക്കളെ കാണാനായിരുന്നു യാത്ര. വിജയ്‌യെ മരുമകനായി ലഭിക്കുന്നതിൽ സംഗീതയുടെ മാതാപിതാക്കൾക്കും വലിയ സന്തോഷമായിരുന്നു. വിജയ് ക്രിസ്തുമതത്തിലും സംഗീത ഹിന്ദുമതത്തിലുമാണെന്നത് ബന്ധത്തിന് തടസമായതേ ഇല്ല. അങ്ങനെ 1999 ഓഗസ്റ്റ് 25-ന് ഇരുവരും വിവാഹിതരായി. വ്യത്യസ്ത മതങ്ങളിൽപെട്ടവരായതിനാൽ 1954-ലെ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം രജിസ്റ്റർ ചെയ്തത്. കൂടാതെ വിവാഹത്തിന് ഇരുമതങ്ങളിലേയും ആചാരപ്രകാരമുള്ള ചടങ്ങുകളുമുണ്ടായിരുന്നു.
വിജയ്ക്കും സംഗീതയ്ക്കും 2000-ത്തിലാണ് ആദ്യ കുഞ്ഞ് ജനിക്കുന്നത്. ജേസൺ സഞ്ജയ് വിജയ് എന്ന് പേരിട്ട ആ കുഞ്ഞ് ഓഗസ്റ്റ് 26-നാണ് പിറന്നത്. പിന്നീട് ഇരുവർക്കും ദിവ്യ സാഷ എന്ന മകളും പിറന്നു.
Content Highlights: Amidst divorce reports, the story of Vijay and Sangeetha's fairy-tale romance is back in focus. Sangeetha, a UK-based fan, met Vijay after being impressed by 'Poove Unakkaga' (1996). Their chance meeting in Chennai turned into a 27-year marriage.