പൂർണനഗ്നനായി മരത്തിൽ കയറി വിദ്യുത് ജാംവാൾ; വീഡിയോ പങ്കുവെച്ച് താരം, ഞെട്ടി സോഷ്യൽ മീഡിയ | VIDEO

#Lifestyle Desk
വിദ്യുത് ജാംവാൾ നഗ്നനായി മരത്തിൽ കയറുന്നു, വിദ്യുത് ജാംവാൾ | Photos: instagram, PTI
വിദ്യുത് ജാംവാൾ നഗ്നനായി മരത്തിൽ കയറുന്നു, വിദ്യുത് ജാംവാൾ | Photos: instagram, PTI

സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന വീഡിയോകളിലൂടെ പലപ്പോഴും ആരാധകരെ അമ്പരപ്പിക്കുന്ന താരമാണ് നടൻ വിദ്യുത് ജാംവാൾ. കണ്ണിലേക്ക് ഉരുകിയ മെഴുക് ഒഴിക്കുന്നത് ഉൾപ്പെടെയുള്ള സാഹസികതകളുള്ള അദ്ദേഹത്തിന്റെ വീഡിയോകൾ വൈറലായിരുന്നു. ഇപ്പോഴിതാ മറ്റൊരു ‘ഷോക്കിങ്’ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് വിദ്യുത് ജാംവാൾ. അദ്ദേഹം പങ്കുവെച്ച ദൃശ്യങ്ങൾ കണ്ട് ആരാധകർ അക്ഷരാർഥത്തിൽ ഞെട്ടിയിരിക്കുകയാണ്.

പൂർണ നഗ്നനായി മരത്തിൽ കയറുന്ന വീഡിയോയാണ് വിദ്യുത് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഇമോജി കൊണ്ട് സ്വകാര്യഭാഗം മറയ്ക്കുന്ന രീതിയിൽ എഡിറ്റ് ചെയ്ത വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചത്. വീഡിയോയെ കുറിച്ചുള്ള വിശദീകരണം അദ്ദേഹം ക്യാപ്ഷനായി നൽകിയിട്ടുണ്ട്.

Also Read: ഹൃത്വിക് റോഷന് പിറന്നാളാശംസിച്ച് മുൻ ഭാര്യയുടെ പിതാവ്; 'അവരുടെ വേർപിരിയൽ കയ്‌പ്പേറിയതായിരുന്നില്ല'

'കളരിപ്പയറ്റ് അഭ്യാസി എന്ന നിലയിൽ വർഷത്തിൽ ഒരിക്കൽ ഞാൻ 'സഹജ' എന്ന യോഗാഭ്യാസത്തിൽ മുഴുകാറുണ്ട്. സഹജ എന്നാൽ സ്വാഭാവികമായ വിശ്രമത്തിലേക്കും സഹജവാസനകളിലേക്കും മടങ്ങുകയും പ്രകൃതിയുമായും ആന്തരിക അവബോധവുമായും ആഴത്തിലുള്ള ബന്ധമുണ്ടാക്കുകയുമാണ്.' -വിദ്യുത് ജാംവാൾ കുറിച്ചു.

'ശാസ്ത്രീയമായി പറയുമ്പോൾ ഇത് നിരവധി ന്യൂറോ റിസപ്റ്ററുകളേയും പ്രോപ്രിയോസെപ്റ്ററുകളേയും സജീവമാക്കുന്നു. ഇത് സെൻസറി ഫീഡ്ബാക്കിനെ വർധിപ്പിക്കുകയും സന്തുലിതാവസ്ഥയേയും ഏകോപനത്തേയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് ശരീരത്തെ കുറിച്ചുള്ള അവബോധവും ഏകാഗ്രതയും വർധിപ്പിക്കുകയും ചെയ്യും.' -വിദ്യുത് തുടർന്നു.

വിദ്യുത് ജാംവാൾ പങ്കുവെച്ച വീഡിയോ 55 ലക്ഷത്തിലേറെ പേരാണ് ഇതിനകം കണ്ടത്. നിരവധി പേർ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു. 'ടാർസൻ പോലും ഒരു കഷ്ണം തുണി ഉടുക്കാറുണ്ട്. നിങ്ങൾ മറ്റൊരു ലോകത്താണ്‌' എന്നാണ് ഒരാൾ കുറിച്ചത്. 'മരത്തിൽ കയറാൻ പൂർണനഗ്നനാകേണ്ട ആവശ്യം ഉണ്ടായിരുന്നോ?' എന്ന് മറ്റൊരാൾ ചോദിച്ചു. 'നിങ്ങളുടെ ആത്മവിശ്വാസം പ്രചോദനമാണ്' എന്നാണ് വേറൊരാൾ കുറിച്ചത്.

Content Highlights: Bollywood actor Vidyut Jammwal sparked a social media frenzy by sharing a video of himself climbing a tree completely naked. The Kalaripayattu practitioner explained the act as part of Sahaja, a yogic practice intended to reconnect with nature.