കടുത്ത വ്യായാമവും മിതമായ ഭക്ഷണവും, അവസരങ്ങള്‍ക്ക് വേണ്ടി ശരീരഭാരം കുറച്ചു- വിദ്യാ ബാലന്‍

വിദ്യാ ബാലന്‍.|Photo credit:AFP
വിദ്യാ ബാലന്‍.|Photo credit:AFP

പരമ്പരാഗതമായ സൗന്ദര്യ സങ്കല്‍പ്പങ്ങളെ എതിര്‍ത്ത് ബോഡി പോസിറ്റിവിറ്റി ഉയര്‍ത്തിപ്പിടിക്കുന്ന അഭിനേതാവാണ് വിദ്യാ ബാലന്‍. സിനിമാരംഗത്തുള്ള സൗന്ദര്യ മാനദണ്ഡങ്ങള്‍ക്കെതിരെ പ്രതികരിക്കാനും താരം മടി കാണിക്കാറില്ല. അടുത്തിടെ ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി ശരീരഭാരം കുറച്ച ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് വിദ്യ. 

2008-ലെ 'കിസ്മത് കണക്ഷന്‍'  എന്ന സിനിമയില്‍ ഷാഹിദ് കപൂറിന്റെ നായികയായിട്ടാണ് വിദ്യ വേഷമിട്ടത്. ചില നടന്മാരുടെ കൂടെ അഭിനയിക്കുമ്പോള്‍ ചെറുപ്പമായിരിക്കണം എന്ന ധാരണ അന്നുണ്ടായിരുന്നു. തന്നേക്കാള്‍ രണ്ട് വയസ് കുറവുള്ള ഷാഹിദിന്റെ കൂടെ അഭിനയിക്കുമ്പോള്‍ ശരീരഭാരം കുറയ്ക്കാനും ചെറുപ്പമാവാനും ചിലര്‍ നിര്‍ദേശിച്ചതായി വിദ്യ ബാലന്‍ ഓര്‍ത്തു. ശരീരഭാരം കുറയ്ക്കുമോ എന്ന ചോദ്യത്തിനൊപ്പമാണ് 2019 വരെയുള്ള മിക്ക സിനിമകളുടെ വാഗ്ദാനങ്ങളും വിദ്യയെ തേടിയെത്തിയത്.

നിരന്തരമായ കുറ്റപ്പെടുത്തലുകള്‍ വിദ്യയുടെ ശാരീരിക- മാനസിക ആരോഗ്യത്തിനെ മോശമായി ബാധിച്ചു. സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ചുള്ള ശരീരത്തിനായി ഭ്രാന്തമായി വ്യായാമം ചെയ്ത് ഭക്ഷണം കുറച്ച സമയം ഉണ്ടായിരുന്നുവെന്ന് താരം പറയുന്നു. വിട്ടുമാറാത്ത ശരീര വേദനയ്ക്കും വീക്കത്തിനും ഇത് കാരണമായെങ്കിലും വിദ്യ അവ തുടര്‍ന്നും ചെയ്തു. ഹോര്‍മോണിന്റെ പ്രശനമാണ് ശരീരത്തിലുണ്ടായ മാറ്റങ്ങള്‍ക്ക് കാരണം എന്ന് പിന്നീടാണ് താരത്തിന് മനസിലായത്.

ഒടുവില്‍ ബോഡി- ഷെയിമിങ് നടത്തുന്നവര്‍ക്കെതിരെ ശക്തമായി വിദ്യ പ്രതികരിക്കാന്‍ തുടങ്ങി. കഥാപാത്രത്തിന് വേണ്ടി ശരീര ഭാരം കുറയ്ക്കാന്‍ ആവശ്യപ്പെടുന്നവരോട് 'എന്നെ ഞാനായി സ്വീകരിക്കൂ'  എന്നാണ് വിദ്യ പറയുന്നത്. 

ഒരു വര്‍ഷത്തിന് മുന്‍പ് ഗലാട്ട ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ വെയിറ്റ് ലോസ്സ് യാത്രയെ കുറിച്ച് വിദ്യ വിശദീകരിച്ചിരുന്നു. ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യാതെ തന്നെ ഭാരം കുറച്ചതിനെ കുറിച്ചാണ് അന്ന് വിദ്യ പങ്കുവെച്ചത്. ചെന്നൈയില്‍ നിന്നുള്ള അമുറ എന്ന ഗ്രൂപ്പിനെ പരിചയപ്പെട്ട ശേഷമാണ് ശരീരത്തെക്കുറിച്ചുള്ള  താരത്തിന്റെ എല്ലാ സങ്കല്‍പ്പങ്ങളും മാറിയത്. 

തന്റേത് ഇന്‍ഫ്‌ലമേഷനാണ് വണ്ണമല്ലെന്ന് മസിലായതോടെ അതിനനുസരിച്ചുള്ള ഡയറ്റ് വിദ്യ തിരഞ്ഞെടുത്തു. ശരീരത്തിന് ചേരാത്ത തരത്തിലുള്ള ഭക്ഷണമൊഴിവാക്കിയതോടെ ആ ഡയറ്റ് വളരെ മനോഹരമായി വിദ്യയുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുകയും ആരോഗ്യപരമായി ഭാരം കുറച്ച് സര്‍പ്രൈസ് ലുക്കിലെത്തി ആരാധകരെ ഞെട്ടിക്കാനും താരത്തിന് സാധിച്ചു.


 

Content Highlights: Vidya Balan opens up about the pressure to conform to beauty standards in Bollywood.