പൊന്നോമനയുടെ പേര് പങ്കുവെച്ച് കത്രീനയും വിക്കി കൗശലും; 'ഉറി' ബന്ധത്തിന് സല്യൂട്ടെന്ന് സോഷ്യൽ മീഡിയ

#Lifestyle Desk
'ഉറി' പോസ്റ്റർ, കത്രീനാ കൈഫും വിക്കി കൗശലും
'ഉറി' പോസ്റ്റർ, കത്രീനാ കൈഫും വിക്കി കൗശലും

കഴിഞ്ഞ സെപ്റ്റംബറിലാണ് തങ്ങൾക്ക് കുഞ്ഞ് പിറക്കാൻ പോകുകയാണെന്ന സന്തോഷവാർത്ത ബോളിവുഡ് താരദമ്പതിമാരായ വിക്കി കൗശലും കത്രീനാ കൈഫും ആരാധകരുമായി പങ്കുവെച്ചത്. പിന്നാലെ നവംബറിൽ ഇരുവർക്കും ആൺകുഞ്ഞ് പിറന്നു. ഇപ്പോഴിതാ, കുഞ്ഞിന് രണ്ടുമാസം തികയുന്ന വേളയിൽ പൊന്നോമനയുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് താരങ്ങൾ.

ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും കുഞ്ഞിന്റെ പേര് ആരാധകരുമായി പങ്കുവെച്ചത്. കുഞ്ഞിന്റെ പേരിനൊപ്പം ഒരു സർപ്രൈസ് കൂടി ലഭിച്ചതോടെ ഇരട്ടി സന്തോഷത്തോടെയാണ് ആരാധകർ പോസ്റ്റ് ഏറ്റെടുത്തത്. ഇന്ത്യ പാകിസ്താനെതിരെ നടത്തിയ മിന്നലാക്രമണത്തെ ആസ്പദമാക്കി നിർമിച്ച ഉറി: ദി സർജിക്കൽ സ്‌ട്രൈക്ക് എന്ന ചിത്രത്തിലെ വിക്കി കൗശൽ അവതരിപ്പിച്ച പ്രധാനകഥാപാത്രത്തിന്റെ പേരാണ് കുഞ്ഞിന് നൽകിയത്.

വിഹാൻ കൗശൽ എന്നാണ് കുഞ്ഞിന്റെ പേര്. ഉറിയിൽ വിക്കി കൗശൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് മേജർ വിഹാൻ സിങ് ഷെർജിൽ എന്നായിരുന്നു. 'ഞങ്ങളുടെ പ്രകാശകിരണം' എന്നുപറഞ്ഞുകൊണ്ടാണ് വിക്കിയും കത്രീനയും കുഞ്ഞിന്റെ പേര് പങ്കുവെച്ചത്. 'പ്രാർഥനകൾക്ക് ഉത്തരമായി. ജീവിതം മനോഹരമാണ്. ഞങ്ങളുടെ ലോകം ഒരുനിമിഷം കൊണ്ട് മാറിമറിഞ്ഞു. വാക്കുകൾക്കതീതമായ നന്ദി.' -ഇത്രയും കൂടി പോസ്റ്റിൽ ഇരുവരും കുറിച്ചു. വിഹാന്റെ കുഞ്ഞിക്കൈ തങ്ങളുടെ കൈയിൽ വെച്ച ചിത്രവും പോസ്റ്റിനൊപ്പം ഇരുവരും ചേർത്തിരുന്നു.

സെലിബ്രിറ്റികളും ആരാധകരുമായി ആയിരക്കണക്കിന് പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. 'സ്വാഗതം വിഹാൻ. ദൈവം അനുഗ്രഹിക്കട്ടെ' എന്നാണ് ഹൃത്വിക് റോഷൻ കുറിച്ചത്. നടി പരിണീതി ചോപ്രയും വിഹാനോടുള്ള സ്‌നേഹം കമന്റിലൂടെ പങ്കുവെച്ചു. ആരാധകരിൽ പലരും കുഞ്ഞിന്റെ പേരിന് ഉറിയുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി.

Content Highlights: Katrina Kaif and Vicky Kaushal revealed their baby boy’s name, delighting fans with an emotional announcement. The name was shared through an Instagram post, drawing attention for its connection to Vicky Kaushal’s iconic role in the film Uri: The Surgical Strike.