‘കുടുംബത്തേയും സുഹൃത്തുക്കളേയും വിട്ട് ദുബായിലേക്ക് പോയത് വേദനിപ്പിച്ചു’- മാധവന്റെ മകൻ വേദാന്ത്

വേദാന്ത് അച്ഛന്‍ മാധവനൊപ്പം | Photo: instagram/ madhavan
വേദാന്ത് അച്ഛന്‍ മാധവനൊപ്പം | Photo: instagram/ madhavan

ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള മാറ്റത്തെ കുറിച്ച് മനസ് തുറന്ന് നടൻ മാധവന്റെ മകനും നീന്തൽ താരവുമായ വേദാന്ത് മാധവൻ. ഫ്രീസ്റ്റൈൽ നീന്തൽ താരമായ വേദാന്ത് കോവിഡിന്റെ സമയത്ത് പരിശീലനത്തിൽ വഴിയില്ലാതായപ്പോഴാണ് ദുബായിലേക്ക് മാറിയത്. അന്ന് ഇന്ത്യയിലെ നീന്തൽക്കുളങ്ങളെല്ലാം അടഞ്ഞുകിടക്കുകയായിരുന്നു.

ദുബായിലേക്കുള്ള മാറ്റം വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും കംഫർട്ട് സോണിൽ നിന്ന് പുറത്തുകടന്നപ്പോഴുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും വേദാന്ത് പറയുന്നു. ഇത് കരിയറിലെ നിർണായക തീരുമാനമായിരുന്നുവെന്നും വേദാന്ത് വ്യക്തമാക്കി.

'എന്റെ കംഫർട്ട് സോണിൽ നിന്ന് മാറി മറ്റൊരു രാജ്യത്ത് സ്വന്തം സ്വപ്‌നങ്ങൾക്കായി പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയൊരു അവസരമായാണ് ഞാൻ കാണുന്നത്. ഇന്ത്യയിൽ കുടുംബത്തോടും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ജീവിതം വിട്ടുപോകുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. എന്നാലും ഞാൻ ഏറെ ഇഷ്ടപ്പെടുന്ന നീന്തലിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് സഹായിച്ചു. മാതാപിതാക്കളുടെ പൂർണ പിന്തുണയാണ് എന്റെ കരിയറിലെ വിജയങ്ങൾക്ക് കാരണം. അവരുടെ പിന്തുണയില്ലാതെ ഈ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമായിരുന്നില്ല.'-വേദാന്ത് വ്യക്തമാക്കി.

ദുബായിലേക്കുള്ള മാറ്റം കൊണ്ടാണ് ഡെൻമാർക്കിൽ നടന്ന മത്സരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത്. ഒരു നടന്റെ മകനായതുകൊണ്ട് ലഭിക്കുന്ന പരിഗണനകൾക്കപ്പുറം കഠിനമായ പരിശീലനത്തിലൂടെയാണ് താൻ മെഡലുകൾ നേടിയതെന്നും വേദാന്ത് കൂട്ടിച്ചേർത്തു. എട്ട് വർഷത്തെ പ്രണയത്തിനുശേഷം 1999-ലാണ് മാധവനും സരിതയും വിവാഹിതരായത്. 2005-ലായിരുന്നു വേദാന്തിന്റെ ജനനം.

Content Highlights: Vedaant Madhavan reflects on moving to Dubai for professional swimming, The move was a challenge to his comfort zone after living in India, Acknowledges parental support as crucial to his success, Transitioned to Dubai during the COVID-19 pandemic to continue training, Actor Madhavan to receive Padma Shri in 2026