വി.ഡി. സതീശന് ഇഷ്ടം മാമ്പഴ പുളിശ്ശേരിയും മത്സ്യവിഭവങ്ങളും; 25 വർഷമായി ഒരേ ശരീരഭാരം, ജീവിതശൈലി ഇങ്ങനെ

#Lifestyle Desk
വി.ഡി. സതീശൻ | Photos: Mathrubhumi
വി.ഡി. സതീശൻ | Photos: Mathrubhumi

അടുത്ത അഞ്ച് വർഷം കേരളത്തെ നയിക്കാൻ നിയോഗിക്കപ്പെട്ട കോൺഗ്രസ് നേതാവ് വി.ഡി. സതീശനാണ് ഇപ്പോഴത്തെ വാർത്താതാരം. നിയുക്ത മുഖ്യമന്ത്രിയുടെ ജീവിതശൈലിയും ഇഷ്ടഭക്ഷണവുമെല്ലാം ചർച്ചയാകുകയാണ്. പല അഭിമുഖങ്ങളിലും വി.ഡി. സതീശൻ തന്റെ ഭക്ഷണശീലങ്ങളെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.

കഴിഞ്ഞ 25 വർഷമായി താൻ ഒരേ ശരീരഭാരം കാത്തുസൂക്ഷിക്കുകയാണെന്ന് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സതീശൻ പറഞ്ഞിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് കടന്നതോടെ സമ്മർദം കാരണം നാല് കിലോ ഭാരം കുറഞ്ഞു. സാധാരണയായി എല്ലാ ദിവസവും 40 മിനിറ്റ് സമയം മൂന്നോ നാലോ കിലോമീറ്റർ നടക്കാറുണ്ടെന്നും വി.ഡി. സതീശൻ പറയുന്നു. രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് സതീശൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

Also Read: വി.ഡി. മുഖ്യമന്ത്രിയാകുന്നതിൽ വൂഡി അലൻ സന്തോഷിക്കുമെന്ന് അനൂപ് മേനോൻ; സതീശന് ആശംസകളുമായി താരങ്ങൾ

കഴിഞ്ഞ ആറ് മാസമായി വലിയ തിരക്കിലായതിനാൽ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണത്തേക്കാൾ പ്രശ്‌നം ഉറക്കമില്ലായ്മയാണ്. തനിക്ക് ഉറക്കം വളരെ കുറവാണ്. രാവിലെ നേരത്തേ ഏഴുന്നേൽക്കുകയും രാത്രി വൈകി ഉറങ്ങുകയും ചെയ്യേണ്ടിവരുന്നത് പതിവാണ്. ചിലപ്പോൾ രണ്ട് മണിക്കൂർ ചിലപ്പോൾ മൂന്ന് മണിക്കൂർ അല്ലെങ്കിൽ നാല് മണിക്കൂർ. അഞ്ച് മണിക്കൂർ ഉറങ്ങാൻ കഴിഞ്ഞാൽ വളരെ സന്തോഷമാണെന്നും വി.ഡി. സതീശൻ പറയുന്നു.

കഴിക്കണമെന്ന് തോന്നുന്ന അളവിന്റെ പകുതി മാത്രമാണ് ഭക്ഷണം കഴിക്കാറെന്നും വി.ഡി. സതീശൻ പറയുന്നു. തനിക്ക് ഏറ്റവും ഇഷ്ടമുള്ള വിഭവം മാമ്പഴ പുളിശ്ശേരിയാണ്. പിന്നെ മത്സ്യവിഭവങ്ങളും. എല്ലാതരം ഭക്ഷണവും കഴിക്കുമെങ്കിലും കുറഞ്ഞ അളവിലാണ് കഴിക്കുക. മാംസവിഭവങ്ങളും കുറച്ചേ കഴിക്കൂ എന്നും നിയുക്ത മുഖ്യമന്ത്രി പറയുന്നു. ചായയും കാപ്പിയും ഒരുപോലെ ഇഷ്ടമാണ്. രാഷ്ട്രീയത്തിൽ ശബ്ദം പ്രധാനമായതിനാൽ തൊണ്ടയുടെ സംരക്ഷണത്തിനായി തണുത്ത വിഭവങ്ങളേക്കാൾ ചൂടുള്ളവയാണ് ഇഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Kerala's Chief Minister designate VD Satheesan has maintained the same body weight for 25 years. He prefers Mambazha Pulissery and fish dishes but consumes only half the portion he feels like eating to stay fit.