പാളത്തിലെ വെള്ളക്കെട്ടിലൂടെ 'കൂളാ'യി കുതിച്ച് വന്ദേഭാരത്; അതിശയിപ്പിക്കുന്ന വീഡിയോ വൈറൽ

ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ചതിൽ ഏറെ ജനപ്രിയമായ ട്രെയിനുകളിലൊന്നാണ് വന്ദേഭാരത് എക്‌സ്പ്രസ്. ടിക്കറ്റ് വില അൽപ്പം കൂടുതലാണെങ്കിലും വിമാനങ്ങളോട് കിടപിടിക്കുന്ന യാത്രാനുഭവം സമ്മാനിക്കുന്ന വന്ദേഭാരതിനെ ഇന്ത്യക്കാർ നെഞ്ചേറ്റി. അത്തരത്തിൽ രാജ്യത്തിന്റെ പ്രിയപ്പെട്ട ട്രെയിനായി മാറിയ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. റെയിൽപാളത്തിലെ വെള്ളക്കെട്ടിനെ കീറിമുറിച്ചുകൊണ്ട് കുതിച്ചുപായുന്ന വന്ദേഭാരതാണ് വീഡിയോയിലുള്ളത്.
കനത്ത മഴയെ തുടർന്ന് വെള്ളത്തിനടിയിലായ മുംബൈയിൽ എവിടെയോ ഉള്ള റെയിൽവേ ട്രാക്കിലൂടെയാണ് വന്ദേഭാരത് കുതിക്കുന്നത്. കാഞ്ചുർമാർഗിൽ നിന്നുള്ള വീഡിയോയാണ് ഇതെന്നാണ് പലരും അഭിപ്രായപ്പെട്ടത്. അതിവേഗത്തിൽ വരുന്ന വന്ദേഭാരത് എക്‌സ്പ്രസ് ട്രാക്കിലെ വെള്ളക്കെട്ടിനെ വകഞ്ഞ് മാറ്റി മുമ്പോട്ട് കുതിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.
വെള്ളക്കെട്ടിലൂടെ വന്ദേഭാരത് കടന്നുപോകുമ്പോൾ അമ്യൂസ്‌മെന്റ് പാർക്കുകളിലെ 'ഷൂട്ട് ദി ച്യൂട്ട്' എന്ന വാട്ടർ റൈഡിലേത് പോലെ ഇരുവശത്തേക്കും വെള്ളം സ്പ്ലാഷ് ചെയ്യുന്നുമുണ്ട്. പിന്നാലെ വീതിയേറിയ മേൽപ്പാലത്തിനടിയിലൂടെയാണ് ട്രെയിൻ കടന്നുപോകുന്നത്. വന്ദേഭാരത് 'സ്‌പ്രേ' ചെയ്ത വെള്ളം പാലത്തിന് മുകൾഭാഗത്തേക്കും ചീറ്റിയെത്തുന്നത് വീഡിയോയിൽ കാണാം.
വന്ദേഭാരതിന്റെ വെള്ളത്തിലൂടെയുള്ള കുതിപ്പ് കണ്ട് അതിശയപ്പെട്ടതായി നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ കമന്റുകളിട്ടത്. ഇതൊരു സിനിമാ രംഗം പോലെയുണ്ട് എന്നാണ് ഒരാൾ പറഞ്ഞത്. 'മൺസൂണിനെതിരായ പ്രതിരോധം' എന്നാണ് മറ്റൊരാൾ കുറിച്ചത്. മുംബൈയെ തടഞ്ഞുനിർത്താൻ ഒന്നിനും കഴിയില്ല എന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ എന്ന് ഇനിയൊരാൾ അഭിപ്രായപ്പെട്ടു.
Content Highlights: A spectacular video showing the Vande Bharat Express effortlessly speeding across waterlogged tracks near Kanjurmarg in Mumbai has taken social media by storm. The train sent massive waves crashing onto an overhead bridge like an amusement ride.