തെളിവാര്‍ന്ന മലയാളത്തില്‍ ചടുലമായ സംഭാഷണം; കേരളോത്സവത്തില്‍ മികച്ച നടിയായി ഉത്തര്‍പ്രദേശ് സ്വദേശിനി

കാഞ്ഞങ്ങാട്: 'നെല്ല് ഒരിക്കലും ചതിച്ചിട്ടില്ല. എത്ര മഴപെയ്ത് ഒലിച്ചുപോയാലും വെയിലേറ്റ് കരിഞ്ഞാലും ജീവിക്കാനുള്ളത് ഈ പാടം നമുക്ക് തരും'. ഉശിരന്‍ സംഭാഷണവും അഭിനയവും ഒടുവില്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും. മലയാള നാടകത്തില്‍ കസറിയ ഈ നായിക പക്ഷെ, ഉത്തര്‍പ്രദേശുകാരിയാണ്, കാശിഷ് മുകേഷ്.
വെള്ളിക്കോത്ത് സ്ഥിരതാമസമാക്കിയ ഉത്തര്‍പ്രദേശുകാരി പൂജയുടെയും രാജസ്ഥാന്‍ സ്വദേശി മുകേഷ് സിങ്ങിന്റെയും ഏഴുമക്കളിലൊരാള്‍. കോട്ടപ്പാറ സനാതന കോളേജ് ബികോം വിദ്യാര്‍ഥിനി.
വീട്ടില്‍ ഹിന്ദിയും നാട്ടില്‍ മലയാളവും പറഞ്ഞ് വളര്‍ന്ന പെണ്‍കുട്ടി പിന്നീട്, മികച്ച പ്രാസിംഗകയായി. നെഹ്രു യുവകേന്ദ്രവഴി കേരളത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട് പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ 'ഇന്ത്യയുടെ സുസ്ഥിരവികസന'ത്തെപ്പറ്റി സംസാരിച്ചു.
കരള്‍രോഗംബാധിച്ച് മുകേഷ് സിങ് അഞ്ചുവര്‍ഷം മുന്‍പ് നാട്ടിലേക്കു മടങ്ങിയതില്‍പ്പിന്നെ തയ്യല്‍പ്പണിയെടുത്താണ് പൂജ കുടുംബം പുലര്‍ത്തുന്നത്.
തെലങ്കാനയിലെ കര്‍ഷകആത്മഹത്യ ഇതിവൃത്തമാക്കി ഇ.വി. ഹരിദാസ് രചിച്ച്, ചന്ദ്രന്‍ കരുവാക്കോട് സംവിധാനംചെയ്ത 'നൂലുകൊണ്ട് മുറിവേറ്റവര്‍' എന്ന നാടകത്തിലെ രേവമ്മ എന്ന കഥാപത്രത്തെയാണ് സംസ്ഥാന കേരളോത്സവത്തില്‍ കാശിഷ് അവതരിപ്പിച്ചത്. ''ഈ നാടകവും ജീവിതവും എനിക്ക് രണ്ടല്ല. കേരളമാണ് എന്റെ ജന്മനാട്. കഷ്ടപ്പാടറിഞ്ഞും സ്‌നേഹിച്ചും വെള്ളിക്കോത്ത് ഗ്രാമംനല്‍കുന്ന കരുതലാണ് ഞങ്ങളുടെ കരുത്ത്''.- കാശിഷ് പറയുന്നു.
പുരസ്‌കാരനിറവില്‍ 'നൂലുകൊണ്ട് മുറിവേറ്റവര്‍'
കേരളോത്സവ സംസ്ഥാനതല മത്സരത്തില്‍ വെള്ളിക്കോത്തിന്റെ 'നൂലുകൊണ്ട് മുറിവേറ്റവര്‍' എന്ന നാടകം സ്വന്തമാക്കിയത് നാല് പുരസ്‌കാരം. മികച്ച നാടകം, മികച്ച നടന്‍, മികച്ച നടിമാര്‍ എന്നീ പുരസ്‌കാരങ്ങളാണ് വെള്ളിക്കോത്തെ നാടക ടീം ജില്ലയ്ക്ക് സമ്മാനിച്ചത്.
തെലങ്കാനയിലെ കര്‍ഷകരുടെ കണ്ണീരും വിലാപവുമായി അരങ്ങിലെത്തിയ നാടകം പുതിയ കാലത്തെ ജീവിതപ്രതിസന്ധികളിലേക്കും വിരല്‍ ചൂണ്ടുന്നു. തൊണ്ണൂറുകളില്‍ തെലങ്കാനയില്‍ നടന്ന കര്‍ഷക ആത്മഹത്യയാണ് പ്രമേയമെങ്കിലും പുതിയ കാലത്തെ കര്‍ഷകന്റെ നിലയ്ക്കാത്ത കണ്ണീര് കൂടി ഇഴുകിച്ചേരുന്നു പ്രേഷക മനസ്സില്‍.
വെള്ളിക്കോത്ത് സ്വദേശി വിനീഷ് ബാബുവാണ് മികച്ച നടന്‍. നിരവധി നാടകങ്ങളില്‍ വേഷമിട്ട വിനീഷ് ബാബു സാംബയ്യ എന്ന കര്‍ഷകനായാണ് 'നൂലുകൊണ്ട് മുറിവേറ്റവര്‍' നാടകത്തില്‍ അരങ്ങിലെത്തുന്നത്. സാംബയ്യയുടെ ഭാര്യയായ രേവമ്മ എന്ന കഥാപത്രത്തെയാണ് കാശിഷ് മുകേഷ് അവതരിപ്പിച്ചത്. രേവമ്മയുടെ മകളായി വെള്ളിക്കോത്തെ ഗായത്രി ഗോപാലാണ് വേഷമിട്ടത്. കാശിഷും ഗായത്രിയും മികച്ച നടിമാര്‍ക്കുള്ള പുരസ്‌കാരം പങ്കിട്ടു. കാശിഷ് കോട്ടപ്പാറ സനാതന കോളേജിലെ അവസാന വര്‍ഷ ബികോം വിദ്യാര്‍ഥിനിയും ഗായത്രി കേന്ദ്രസര്‍വകലാശാലയിലെ ബിഎഡ് വിദ്യാര്‍ഥിനിയുമാണ്.
ഉദിനൂര്‍ സ്വദേശിയും നാടകപ്രവര്‍ത്തകനുമായ ഇ.വി.ഹരിദാസിന്റെതാണ് രചന. ചന്ദ്രന്‍ കരുവാക്കോടാണ് സംവിധാനം ചെയ്തത്. വെള്ളിക്കോത്ത് ബാലവേദി സര്‍ഗവേദിയാണ് നാടകം അരങ്ങിലെത്തിക്കുന്നത്.
ലൈബ്രറി കൗണ്‍സില്‍ നടത്തിയ സംസ്ഥാനതല നാടകോത്സവത്തില്‍ മികച്ച രണ്ടാമത്തെ നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുള്ള പുരസ്‌കാരവും മികച്ച ദീപവിതാനത്തിനുള്ള പുസ്‌കാരവും മികച്ച സംവിധായകനുള്ള ജൂറി പുരസ്‌കാരവും ലഭിച്ചു. പെരളശ്ശേരി എകെജി നാടകോത്സവത്തില്‍ മികച്ച നാടകം, മികച്ച നടന്‍, മികച്ച രചയിതാവ് എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.നടനും നടിമാരും നാടകവും;മികച്ച പുരസ്‌കാരങ്ങളെല്ലാം കാസര്‍കോടിന്
Content Highlights: Kashish Mukesh, a UP native girl becomes best actress in Keralolsavam drama competition