'ലോകത്തിന്റെ നിധി'; താജ്മഹലും ആംബർ കോട്ടയും സന്ദർശിച്ച് US സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ

#Lifestyle Desk
മാർക്കോ റൂബിയോയും ഭാര്യയും താജ്മഹലും ആംബർ കോട്ടയും സന്ദർശിച്ചപ്പോൾ | Photos: x.com/USAmbIndia
മാർക്കോ റൂബിയോയും ഭാര്യയും താജ്മഹലും ആംബർ കോട്ടയും സന്ദർശിച്ചപ്പോൾ | Photos: x.com/USAmbIndia

ഇന്ത്യയിലെ ചരിത്രപ്രധാനമായ കേന്ദ്രങ്ങൾ സന്ദർശിച്ച് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയപ്പോഴാണ് റൂബിയോയും അദ്ദേഹത്തിന്റെ ഭാര്യ ജീനെറ്റ് റൂബിയോയും ഇവ സന്ദർശിച്ചത്. ആഗ്രയിലെ താജ്മഹൽ, ജയ്പുരിലെ ആംബർ കോട്ട എന്നിവിടങ്ങളിൽ കഴിഞ്ഞദിവസം റൂബിയോ പോയിരുന്നു. കൊൽക്കത്തയിലെ മിഷണറീസ് ഓഫ് ചാരിറ്റി സന്ദർശിക്കുകയും മദർ തെരേസയുടെ ശവകുടീരത്തിൽ ആദരരമർപ്പിക്കുകയും ചെയ്തിരുന്നു.

ക്വാഡ് ഉച്ചകോടിക്ക് മുന്നോടിയായാണ് മാർക്ക് റൂബിയോ ഈ സ്ഥലങ്ങൾ സന്ദർശിച്ചത്. താജ്മഹൽ സന്ദർശിച്ചശേഷം അവിടെ നിന്ന് നേരെ ജയ്പുരിലേക്കാണ് റൂബിയോയും സംഘവും തിരിച്ചത്. കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്ന ആംബർ കോട്ടയിലെത്തിയ മാർക്കോ റൂബിയോയെ പരമ്പരാഗത രാജസ്ഥാനി രീതിയിലാണ് വരവേറ്റത്. അദ്ദേഹത്തിനായി തദ്ദേശീയമായ കലാരൂപങ്ങളും അവിടെ അവതരിപ്പിച്ചു. ഗൈഡുകൾക്കൊപ്പമാണ് യുഎസ് സംഘം ആംബർ കോട്ട ചുറ്റിനടന്ന് കണ്ടത്. ആംബർ കോട്ടയുടെ വാസ്തുപരമായ പ്രത്യേകതകളും ചരിത്രപ്രാധാന്യവും സംഘത്തോട് ഗൈഡുകൾ വിശദീകരിച്ചു.

16-ാം നൂറ്റാണ്ടിൽ നിർമിച്ച ആംബർ കോട്ട യുനസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. രാജസ്ഥാന്റെ അഭിമാനമായി നിലകൊള്ളുന്ന ഈ കോട്ട മുഗൾ-രാജ്പുത് വാസ്തുവിദ്യകൾ സംയോജിപ്പിച്ച് നിർമിച്ചതാണ്.

മാർക്ക് റൂബിയോയ്‌ക്കൊപ്പം ഇന്ത്യയിലെ യുഎസ് അംബാസിഡർ സെർജിയോ ഗോറും ഉണ്ടായിരുന്നു. ജയ്പുരിൽ നിന്നുള്ള റൂബിയോയുടെ ചിത്രം അദ്ദേഹം എക്‌സിൽ പങ്കുവെച്ചു. 'ഓരോ സൂര്യാസ്തമയങ്ങളും കൊട്ടാരങ്ങളെ സ്വർണവർണത്താൽ മൂടുന്ന ജയ്പുർ എന്ന പിങ്ക് സിറ്റി. രാജസ്ഥാന്റെ ഹൃദയം.' എന്നാണ് ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചത്.

നേരത്തേ താജ്മഹലിലെത്തിയ മാർക്കോ റൂബിയോ ഭാര്യയ്‌ക്കൊപ്പം 90 മിനിറ്റോളം സമയം അവിടെ ചെലവഴിച്ചു. അംബാസിഡർ സെർജിയോ ഗോർ അവിടേയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. 'ലോകത്തെ യഥാർഥ നിധികളിലൊന്ന്' എന്നാണ് താജ്മഹലിലെ സന്ദർശക പുസ്തകത്തിൽ റൂബിയോ കുറിച്ചത്.

Content Highlights: US Secretary of State Marco Rubio, along with his wife Jeanette Rubio and US Ambassador to India Sergio Gor, visited prominent historic landmarks during a four-day official visit to India ahead of the Quad Summit. The high-level delegation spent 90 minutes marveling at the Taj Mahal in Agra, where Rubio signed the visitor's book calling it "one of the world's true treasures". The team also traveled to Jaipur's UNESCO heritage Amber Fort, receiving a traditional Rajasthani welcome, and paid respects at Mother Teresa's tomb at the Missionaries of Charity in Kolkata.