സ്‌ട്രോക്ക് വന്നു, നടക്കാന്‍ പരസഹായം വേണം, ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണെന്ന് ഉല്ലാസ് പന്തളം

ഉല്ലാസ് പന്തളം/ ഉദ്ഘാടന പരിപാടിക്കെത്തിയപ്പോൾ ഉല്ലാസ് പന്തളത്തെ നടക്കാൻ സഹായിക്കുന്ന ലക്ഷ്മി നക്ഷത്ര | Photo: facebook/ ullas pandalam/ youtube screengrab
ഉല്ലാസ് പന്തളം/ ഉദ്ഘാടന പരിപാടിക്കെത്തിയപ്പോൾ ഉല്ലാസ് പന്തളത്തെ നടക്കാൻ സഹായിക്കുന്ന ലക്ഷ്മി നക്ഷത്ര | Photo: facebook/ ullas pandalam/ youtube screengrab

നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളം മലയാളികള്‍ക്ക് സുപരിചിതനാണ്. മിമിക്രി, കോമഡി വേദികളിലൂടെ സിനിമയിലെത്തിയ താരത്തിന് ഒരുപാട് ആരാധകരുമുണ്ട്. എന്നാല്‍ അടുത്തിടെ പുറത്തുവന്ന അദ്ദേഹത്തിന്റെ ഒരു വീഡിയോ എല്ലാവരുടേയും കണ്ണ് നനയിച്ചിരിക്കുകയാണ്.

ഒരു ഉദ്ഘാടന പരിപാടിക്കെത്തിയപ്പോള്‍ എടുത്ത അദ്ദേഹത്തിന്റെ വീഡിയോയാണ് ചര്‍ച്ചയായത്. ഊന്നുവടിയുടെ സഹായത്തോടെയാണ് അദ്ദേഹം നടക്കുന്നത്. മുഖത്തിന്റെ ഒരു വശം കോടിയിട്ടുണ്ട്. ഒരു കൈയ്ക്ക് ചെറിയ സ്വാധീനക്കുറവുമുണ്ട്.

തനിക്ക് സ്‌ട്രോക്ക് ആയിരുന്നുവെന്നും ആരോഗ്യം വീണ്ടെടുത്തു കൊണ്ടിരിക്കുകയാണെന്നും താരംതന്നെ ചടങ്ങില്‍ വ്യക്തമാക്കി. ഇക്കാര്യം അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമേ അറിയാമായിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

പരിപാടി കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ കാറിലിരുന്ന അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരുന്നു. ഇതുകണ്ട് 'ചിരിച്ചുകൊണ്ട് പോകൂ' എന്ന് പരിപാടിക്കെത്തിയ അവതാരക ലക്ഷ്മി നക്ഷത്രള അദ്ദേഹത്തോട് പറയുന്നുണ്ട്. ഇതും വീഡിയോയില്‍ കാണാം.

പന്തളം ബാലന്‌റെ തിരുവനന്തപുരത്തുള്ള ഹാസ്യ എന്ന ട്രൂപ്പില്‍ അംഗമായിരുന്ന ഉല്ലാസ് അവിടെ നിന്നാണ് മിമിക്രി വേദികളിലേക്കെത്തുന്നത്. പിന്നാലെ ഒരുപിടി സിനിമകളുടേയും ഭാഗമായി.

ആദ്യ ഭാര്യയുടെ മരണശേഷം അടുത്തിടെയാണ് ഉല്ലാസ് പന്തളം രണ്ടാമതും വിവാഹം ചെയ്തത്. അഭിഭാഷകയും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ദിവ്യയാണ് ഭാര്യ. ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

Content Highlights: ullas pandalam stroke health update