വീട്ടിലേയ്ക്ക് ഒരു കുഞ്ഞ് അതിഥി കൂടി; സന്തോഷം പങ്കുവച്ച് ടോഷും ചന്ദ്രയും

ടോഷ് ക്രിസ്റ്റി, ചന്ദ്ര ലക്ഷ്മണ്‍
ടോഷ് ക്രിസ്റ്റി, ചന്ദ്ര ലക്ഷ്മണ്‍

സീരിയല്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. ഇപ്പോഴിതാ ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നിരിക്കുകയാണ്. ഇരുവരുടെയും കൈയില്‍ കുഞ്ഞിന്റെ കൈ വച്ചിരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് ടോഷ് ക്രിസ്റ്റിയാണ് സന്തോഷ വാര്‍ത്ത പങ്കുവെച്ചത്. 

തങ്ങള്‍ക്കും കുഞ്ഞിനും സ്നേഹവും അനുഗ്രഹവും പ്രാര്‍ഥനയുമേകിയ ദൈവത്തിനും മാതാപിതാക്കള്‍ക്കും അഭ്യൂദയകാംക്ഷികള്‍ക്കും നന്ദിയും താരം അറിയിച്ചു. നേരത്തെ അമ്മയാകാന്‍ പോകുന്ന സന്തോഷം ഇന്‍സ്റ്റഗ്രാമിലൂടെ ചന്ദ്ര ലക്ഷ്മണ്‍ ആരാധകരെ അറിയിച്ചിരുന്നു. 

'ഞങ്ങളുടെ ജീവിതത്തിന്റെ ഈ മനോഹരമായ ഘട്ടത്തില്‍ മാതാപിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും നന്ദി പറയുന്നു. ഞങ്ങള്‍ അച്ഛനും അമ്മയുമാകാന്‍ പോകുന്നു. എല്ലാവരോടും ഈ സന്തോഷ വാര്‍ത്ത പങ്കുവെയ്ക്കുന്നു.' ചന്ദ്ര ലക്ഷ്മണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

ഇരുവരും പങ്കുവെക്കാറുള്ള കുടുംബവിശേഷങ്ങള്‍ക്ക് ആരാധക പിന്തുണ ഏറെയാണ്. 2021 നവംബര്‍ 11-ന് കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടിലായിരുന്നു താരദമ്പതികളുടെ വിവാഹം. സീരിയലില്‍ ഒരുമിച്ചു അഭിനയിക്കുമ്പോള്‍ തുടങ്ങിയ പ്രണയം വിവാഹത്തില്‍ എത്തുകയായിരുന്നു. 

ചുരുങ്ങിയ കാലം സിനിമയിലും പിന്നീടങ്ങോട്ടു സീരിയലിലുമായിരുന്നു ചന്ദ്രയുടെ അഭിനയജീവിതം. 2002ല്‍ മനസ്സെല്ലാം എന്ന തമിഴ ചിത്രത്തിലൂടെയാണ് ചന്ദ്ര സിനിമയിലെത്തിയത്. ചക്രം, ബോയ്ഫ്രണ്ട്, പച്ചക്കുതിര തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച നടി പിന്നീട് ടെലിവിഷന്‍ സീരിയലുകളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു.

Content Highlights: tv couple tosh and chandra lakshman blessed with a baby