ടൈറ്റാനിക്കിന്റെ ഓര്‍മ, 02:20-ന് നിലച്ച സ്വര്‍ണ വാച്ച്; ലേലത്തില്‍ പോയത് റെക്കോര്‍ഡ് തുകയ്ക്ക്

വര്‍ഷങ്ങള്‍ ഏറെക്കഴിഞ്ഞിട്ടും ടൈറ്റാനിക്കിനോടുള്ള കൗതുകം അവസാനിക്കുന്നില്ല. 113 വര്‍ഷങ്ങള്‍ക്ക് ശേഷവും ആ കപ്പല്‍ യാത്രയുടേയും ദുരന്തത്തിന്റെയും കഥകള്‍ വിസ്മരിക്കപ്പെടുന്നില്ല. ടൈറ്റാനിക്കിലെ ഏറ്റവും സമ്പന്നരായ യാത്രക്കാരില്‍ ഒരാളുടെ മൃതദേഹത്തില്‍ നിന്ന് കണ്ടെടുത്ത പോക്കറ്റ് വാച്ച് റെക്കോര്‍ഡ് തുകയായ 1.78 മില്യണ്‍ പൗണ്ടിന് (ഏകദേശം 20 കോടിയിലധികം രൂപ) ലേലത്തില്‍ പോയതും അതുകൊണ്ടുതന്നെ.
1912 ഏപ്രില്‍ 14-നാണ് സതാംപ്ടണില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് യാത്ര ചെയ്ത കപ്പല്‍ മഞ്ഞുമലയില്‍ ഇടിച്ച് തകര്‍ന്നത്. ദുരന്തത്തില്‍ മരിച്ച 1,500-ലധികം പേരില്‍ അമേരിക്കന്‍ വ്യവസായിയും രാഷ്ട്രീയക്കാരനും ആയിരുന്ന ഐസിഡോര്‍ സ്‌ട്രോസും ഭാര്യ ഐഡയും ഉള്‍പ്പെട്ടിരുന്നു. ദുരന്തം നടന്ന് ദിവസങ്ങള്‍ക്കുശേഷം സ്‌ട്രോസിന്റെ മൃതദേഹം അറ്റ്‌ലാന്റിക്കില്‍ നിന്ന് കണ്ടെടുത്തു. 18 കാരറ്റ് സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ജൂള്‍സ് ജര്‍ഗന്‍സന്‍ പോക്കറ്റ് വാച്ചും മൃതദേഹത്തില്‍നിന്ന് കണ്ടെത്തി.
സ്‌ട്രോസ് ദമ്പതികളുടെ കുടുംബം സൂക്ഷിച്ചിരുന്ന ഈ വാച്ച് ശനിയാഴ്ച ഹെന്റി ആല്‍ഡ്രിഡ്ജ് ആന്‍ഡ് സണ്‍സ് ആണ് ലേലം ചെയ്തത്. ബവേറിയയില്‍ ജനിച്ച അമേരിക്കന്‍ വ്യവസായിയും രാഷ്ട്രീയക്കാരനും ന്യൂയോര്‍ക്കിലെ മേസീസ് ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിന്റെ ഉടമകളില്‍ ഒരാളും ആയിരുന്നു സ്‌ട്രോസ്.
നടുക്കുന്ന ആ രാത്രിയുടെ ഓര്‍മ്മ
കപ്പല്‍ മുങ്ങിയ രാത്രിയില്‍ ഭര്‍ത്താവിനെ വിട്ടുപിരിയാന്‍ വിസമ്മതിച്ച സ്‌ട്രോസിന്റെ ഭാര്യ ഐഡ ലൈഫ് ബോട്ടില്‍ കയറി രക്ഷപ്പെടാന്‍ തയ്യാറായില്ല. അദ്ദേഹത്തോടൊപ്പം മരിക്കാനാണ് ആഗ്രഹിക്കുന്നത് എന്ന് അവര്‍ പറഞ്ഞുവെന്നാണ് കരുതപ്പെടുന്നത്. ഐഡ സ്‌ട്രോസിന്റെ മൃതദേഹം പിന്നീട് ഒരിക്കലും കണ്ടെത്താനായില്ല. മഞ്ഞുമലയില്‍ ഇടിച്ച് തകര്‍ന്ന ടൈറ്റാനിക് കടലില്‍ അപ്രത്യക്ഷമായ നിമിഷമായ 02:20-ന് ആ പോക്കറ്റ് വാച്ച് നിലച്ചു.
1888-ല്‍ ഐഡ സ്‌ട്രോസ് തന്റെ ഭര്‍ത്താവിന് 43-ാം ജന്മദിനത്തില്‍ നല്‍കിയ സമ്മാനമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. അതില്‍ സ്‌ട്രോസിന്റെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ കൊത്തിവെച്ചിട്ടുണ്ട്. മൃതദേഹത്തിനൊപ്പം കണ്ടെടുത്ത ഈ വാച്ച് പിന്നീട് സ്‌ട്രോസിന്റെ കുടുംബത്തിന് തിരികെ നല്‍കി. പിന്നീടത് തലമുറകളായി കൈമാറിവന്നു. സ്‌ട്രോസിന്റെ തലമുറയില്‍പ്പെട്ട കെന്നത്ത് ഹോളിസ്റ്റര്‍ സ്‌ട്രോസാണ് അതിന്റെ യന്ത്രഭാഗങ്ങള്‍ അറ്റകുറ്റപ്പണി നടത്തി പുനഃസ്ഥാപിച്ചത്.
വാച്ചിന് ലഭിച്ച റെക്കോര്‍ഡ് ലേലത്തുക ടൈറ്റാനിക് കഥയിലുള്ള നിലയ്ക്കാത്ത താത്പര്യത്തെയാണ് കാണിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ടൈറ്റാനിക്കിലെ 700-ല്‍ അധികം പേരെ രക്ഷിച്ച ആവിക്കപ്പലായ കാര്‍പാത്തിയയുടെ ക്യാപ്റ്റന് സമ്മാനിച്ച ഒരു സ്വര്‍ണ്ണ പോക്കറ്റ് വാച്ച് കഴിഞ്ഞ വര്‍ഷം അന്നത്തെ റെക്കോര്‍ഡ് തുകയായ 1.56 മില്യണ്‍ പൗണ്ടിന് വിറ്റിരുന്നു.
കപ്പലില്‍ യാത്ര ചെയ്യുന്നതിനിടെ ടൈറ്റാനിക്കിന്റെ കടലാസില്‍ മിസിസ് സ്‌ട്രോസ് എഴുതി പോസ്റ്റ് ചെയ്ത ഒരു കത്തും, ടൈറ്റാനിക്കിലെ യാത്രക്കാരുടെ പട്ടികയും രക്ഷപ്പെട്ട യാത്രക്കാര്‍ ആര്‍എംഎസ് കാര്‍പാത്തിയയിലെ ജീവനക്കാര്‍ക്ക് നല്‍കിയ ഒരു സ്വര്‍ണ്ണ മെഡലും വന്‍ തുകയ്ക്കാണ് ലേലത്തില്‍ പോയത്.
Content Highlights: A gold pocket watch recovered from a Titanic passenger, Isidor Straus, has achieved a record-breaking £1.78m at auction. Discover this extraordinary artifact and the poignant love story it represents.