ഹോളി ആശംസ പങ്കുവെച്ച് ആപ്പിള്‍ സിഇഒ, ഒപ്പം വര്‍ണാഭമായ ഐഫോണ്‍ ചിത്രവും

ഇന്ത്യയിലെ പ്രധാന ആഘോഷങ്ങളിലൊന്നായ ഹോളി വിവിധ സംസ്ഥാനങ്ങളില്‍ വെള്ളിയാഴ്ച വര്‍ണശഭബളമായി കൊണ്ടാടുകയാണ്. സാമൂഹികമാധ്യമത്തിലൂടെ ഹോളി ആശംസ നേര്‍ന്നിരിക്കുകയാണ് ആപ്പിള്‍ സിഇഒ ടിം കുക്ക്. ഐഫോണില്‍ പകര്‍ത്തിയ മനോഹരമായ ചിത്രമുള്‍പ്പെടെയാണ് ടിം കുക്കിന്റെ ഹൃദ്യമായ ആശംസ. ഓറഞ്ചും പിങ്കും നിറങ്ങളിലുള്ള വസ്ത്രം ധരിച്ച് വര്‍ണപ്പൊടികളും പൂവിതളുകളും നിറഞ്ഞ താലവും കയ്യിലേന്തി പൂക്കളുടേയും നിറങ്ങളുടേയും നിറവില്‍ ആഹ്‌ളാദത്തോടെ നില്‍ക്കുന്ന യുവതിയുടെ ചിത്രമാണ് ടിം കുക്ക് പങ്കുവെച്ചിരിക്കുന്നത്. താന്‍ പങ്കുവെച്ചിരിക്കുന്ന ചിത്രം കുശാഗ്ര തിവാരി ഐഫോണില്‍ പകര്‍ത്തിയതാണെന്നും ആശംസയോടൊപ്പം ആപ്പിള്‍ സിഇഒ കുറിച്ചിരിക്കുന്നു. ഇന്ത്യയിലെ പ്രമുഖ ടാലന്റ് മാനേജ്‌മെന്റ് ഏജന്‍സിയായ എക്‌സിഫ് മീഡിയ (exifmedia) യുടെ സഹസ്ഥാപകനും സിഇഒയുമാണ് കുശാഗ്ര തിവാരി.
കുക്കിന്റെ പോസ്റ്റിനോട് ഏറെ പേര്‍ പ്രതികരിച്ചു. മിക്കവരും ഹോളി ആഘോഷിക്കുന്നവര്‍ക്ക് ആശംസയറിയിച്ച് കമന്റ് ചെയ്തു. അതിമനോഹരമായ ചിത്രമെന്നും ചിലര്‍ കമന്റ് ചെയ്തു. വൈവിധ്യങ്ങളുടെ കൂടിച്ചേരല്‍ കൊണ്ട് എല്ലായ്‌പോഴും സുന്ദരമാണ് ഇന്ത്യയെന്ന് ഒരു എക്‌സ് ഉപയോക്താവ് കമന്റ് ചെയ്തു. യഥാര്‍ഥ ഇന്ത്യയുടെ പകര്‍പ്പ് എന്ന് ഫോട്ടോയെ കുറിച്ച് മറ്റൊരാള്‍ പ്രതികരിച്ചു.
കഴിഞ്ഞ കൊല്ലങ്ങളിലും ഇത്തരത്തില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ടിം കുക്ക് ഹോളി ദിനത്തില്‍ ആശംസ അറിയിച്ചിരുന്നു. ഇന്ത്യന്‍ ഫോട്ടോഗ്രാഫറായ ജോഷ്വ കാര്‍ത്തിക് പകര്‍ത്തിയ ചിത്രമാണ് കഴിഞ്ഞ കൊല്ലം കുക്ക് പങ്കുവെച്ചത്. അതിനുമുമ്പത്തെ കൊല്ലം ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍മാരായ അപേക്ഷ മെയ്ക്കര്‍, ഗുര്‍സിമ്രാന്‍ ബസ്ര എന്നിവരുടെ ചിത്രങ്ങളാണ് അദ്ദേഹം ഹോളി ആഘോഷവേളയില്‍ പങ്കുവെച്ചത്.
Content Highlights: Apple CEO Tim Cook shared a beautiful Holi photo, shot on iPhone