ബോണ്‍ നത്താലെയില്‍ നൃത്തം ചെയ്ത് തൃശൂര്‍ കളക്ടര്‍ ഹരിത വി.കുമാര്‍ ; കൈയ്യടി നേടി വീഡിയോ

.
.

ഡിസംബറിനെ ചുവപ്പിച്ച് കൊണ്ട് പാപ്പാമാർ അണിനിരക്കുന്ന ബോണ്‍ നത്താലെ തൃശൂരിനെ ആഘോഷലഹരിയിലെത്തിക്കും. സിറോ-മലബാര്‍ കത്തോലിക്കാ സഭയുടെ കീഴിലുള്ള തൃശ്ശൂര്‍ അതിരൂപതയും തൃശൂര്‍ പൗരാവലിയും ചേര്‍ന്ന് തൃശ്ശൂര്‍ നഗരത്തില്‍ ക്രിസ്തുമസിനോട് അനുബന്ധിച്ച് ഡിസംബറില്‍ നടത്തുന്ന ക്രിസ്തുമസ് കരോളാണ് ബോണ്‍ നത്താലെ .

'ബോണ്‍ നത്താലെ' എന്ന ഇറ്റാലിയന്‍ വാക്കിന് 'മെറി ക്രിസ്മസ്'എന്നാണര്‍ത്ഥം. അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആഡ്രൂസ് താഴത്തിന്റെ ആശയമായാണ് 2013-ല്‍ ബോണ്‍ നത്താലെ ആരംഭിച്ചത്. കോവിഡിന് ശേഷം ഇക്കൊല്ലം വമ്പിച്ച ആഘോഷമായാണ് ബോണ്‍ നത്താലെ നഗരം കൊണ്ടാടിയത്.

ആയിരക്കണക്കിന് പാപ്പാമാരുടെ ആഹ്‌ളാദനൃത്തത്തിനൊപ്പം തൃശൂര്‍ ജില്ലാകളക്ടര്‍ ഹരിത വി.നായരും നൃത്തച്ചുവടുകളുമായെത്തിയതാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പാപ്പാവേഷധാരികളായ കുട്ടികളോടൊപ്പം ചുവന്ന തൊപ്പിയണിഞ്ഞാണ് കരോള്‍ ഗാനത്തിന് കളക്ടര്‍ ചുവടുവെക്കുന്നത്. 

കുട്ടികളോട് ചിരിച്ചുല്ലസിച്ച് മനോഹരമായാണ് തൃശൂരിന്റെ സ്വന്തം കളക്ടര്‍ ചുവടുവെയ്ക്കുന്നത്. ചടങ്ങിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിച്ച കേന്ദ്രമന്ത്രി ജോണ്‍ ബെര്‍ലയേയും വീഡിയോയില്‍ കാണാം. കുട്ടികളോടൊപ്പം അദ്ദേഹവും ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

കുട്ടികളും യുവതീയുവാക്കളും പാപ്പാവേഷാധാരികളായെത്തുന്ന ബോണ്‍ നത്താലെ ഇത്തവണയും തൃശൂരിന് പാപ്പാനഗരിയാക്കി മാറ്റി. മാലാഖക്കുട്ടികളും ചലിക്കുന്ന ക്രിസ്മസ് പുല്‍ക്കൂടുകളും കലാപ്രകടനങ്ങളും ദൃശ്യവിസ്മയം തീര്‍ത്തു. ജിബിന്‍ ജോസ് എന്ന ഫോട്ടോഗ്രാഫറാണ് വീഡിയോയും ചിത്രങ്ങളും പകര്‍ത്തിയത്. കളക്ടര്‍ നൃത്തം ചെയ്യുന്ന വീഡിയോയ്ക്ക് താഴെ നിരവധിപ്പേര്‍ കമന്റുകളിടുകയും ചെയ്തു.

Content Highlights: thrissur christmas celebration, buon natale,Haritha V. Kumar, trissur collector