ഈ സൗഹൃദത്തിന് രാഷ്ട്രീയമില്ല; വൈറലായി തിരുവില്വാമലയിലെ കോൺഗ്രസ്, ബിജെപി, സിപിഎം വനിതാ അംഗങ്ങളുടെ ഡാൻസ് | VIDEO

#സ്വന്തം ലേഖിക
തിരുവില്വാമല പഞ്ചായത്തിലെ വനിതാ അംഗങ്ങൾ പാർട്ടിഭേദമില്ലാതെ ഒന്നിച്ച് ചുവടുവെക്കുന്നു
തിരുവില്വാമല പഞ്ചായത്തിലെ വനിതാ അംഗങ്ങൾ പാർട്ടിഭേദമില്ലാതെ ഒന്നിച്ച് ചുവടുവെക്കുന്നു

തിരുവില്വാമല: പരസ്പരം വാഗ്വാദങ്ങളിൽ ഏർപ്പെട്ടിരുന്ന വിവിധ പാർട്ടികളിലെ വനിതാ പഞ്ചായത്തംഗങ്ങൾ ഒരുമിച്ച് ഒരേ പാട്ടിന് ചുവടുകൾവെച്ചു. വ്യാഴാഴ്ച ഭരണസമിതിയുടെ അവസാനയോഗം കഴിഞ്ഞാണ് ഇവർ റീൽ ചിത്രീകരിച്ചത്.

അതുവരെ വാശിയോടെ വാദിച്ചിരുന്നവരുടെ, കൂടുതൽ കരുത്തോടെ വാദിക്കാൻ ഒരുങ്ങുന്നവരുടെ ഒത്തൊരുമ ഈ റീലിൽ തിളങ്ങി. തിരുവില്വാമല പഞ്ചായത്തിലെ കോൺഗ്രസ്, ബിജെപി, സിപിഎം വനിതാ പഞ്ചായത്തംഗങ്ങളാണ് പോരാട്ടങ്ങൾക്കിടയിലെ സൗഹൃദത്തിളക്കം സൃഷ്ടിച്ചത്.

തിരുവില്വാമല പഞ്ചായത്ത് പ്രസിഡൻറ് കെ. പദ്‌മജ (കോൺഗ്രസ്), സ്ഥിരംസമിതി അധ്യക്ഷരായ സ്മിതാ സുകുമാരൻ (ബിജെപി), വിനി ഉണ്ണികൃഷ്ണൻ (സിപിഎം), പഞ്ചായത്തംഗങ്ങളായ കെ.എ. ഷബ്ന, യു. ദേവി, എം. ഗിരിജ (കോൺഗ്രസ്), പ്രശാന്തി രാമരാജൻ, കെ.ടി. സുമതി (സിപിഎം), ബേബി രജിത (ബിജെപി) എന്നിവരാണ് ഒരുമിച്ചു ചുവടുവെച്ചത്. കാട്ടുകുളം ആനമലയിലാണ് നൃത്തം ചിത്രീകരിച്ചത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പഞ്ചായത്തിൽ ഒറ്റയ്ക്ക് ഭരണസമിതി രൂപവത്കരിക്കാൻ ആർക്കും ഭൂരിപക്ഷമില്ലായിരുന്നു. ബിജെപി (ആറ്), കോൺഗ്രസ് (ആറ്), സിപിഎം (അഞ്ച്) എന്നിങ്ങനെയായിരുന്നു കക്ഷിനില.

നറുക്കെടുപ്പിലൂടെ പ്രസിഡന്റായി ബിജെപിയിലെ സ്മിതാ സുകുമാരനെ തിരഞ്ഞെടുത്തു. ഒരുവർഷമായപ്പോൾ സിപിഎം, കോൺഗ്രസ് അംഗങ്ങൾ ചേർന്ന് അവിശ്വാസപ്രമേയത്തിലൂടെ ഭരണം താഴെയിട്ടു. പിന്നീട് നടന്ന നറുക്കെടുപ്പിൽ കോൺഗ്രസിലെ കെ. പദ്‌മജ പ്രസിഡന്റായി.

ഈ നൃത്തച്ചുവടുകൾ നാട്ടുകാർ ആവേശത്തോടെ സ്വീകരിച്ചു. ഭരണസമിതിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ കെ.എ. ഷബ്നയാണ് റീൽ ചിത്രീകരണത്തിന് നേതൃത്വം കൊടുത്തത്.

Content Highlights: Putting political rivalry aside: Women Panchayat members from Congress, BJP, and CPM in Thiruvilwamala dance together for a viral reel after the final council meeting