200 ഡിസൈനർ ബാഗുകൾ, 75 ആഡംബര വാച്ചുകൾ; ഈ പ്രധാനമന്ത്രിയുടെ ആസ്തി 400 മില്ല്യൺ ഡോളർ

ബാങ്കോക്ക്: രണ്ട് മില്ല്യൺ ഡോളർ വിലവരുന്ന 200 ഡിസൈനർ ഹാൻഡ് ബാഗുകൾ, അഞ്ച് മില്ല്യൺ ഡോളർ മൂല്യമുള്ള 75 അത്യാഡംബര വാച്ചുകൾ. ഇപ്പറഞ്ഞത് കോടികൾ പ്രതിഫലംപറ്റുന്ന ഏതെങ്കിലും സിനിമാ താരത്തിന്റെ ശേഖരത്തിലുള്ളതാണെന്ന് കരുതിയെങ്കിൽ തെറ്റി. തായ്ലൻഡ് പ്രധാനമന്ത്രി പേടോങ്ടാൺ ഷിനാവത്രയുടെ സമ്പാദ്യത്തിൽപ്പെടുന്ന വസ്തുവകകളാണിവ. 400 മില്ല്യൺ ഡോളർ (ഏകദേശം 3440 കോടി ഇന്ത്യൻ രൂപ) ആണ് അവരുടെ നിലവിലെ സമ്പാദ്യം.
രാജ്യത്തെ ടെലികോം രംഗത്തെ അതിസമ്പന്നനും മുൻ പ്രധാനമന്ത്രിയുമായിരുന്ന തക്സിൻ ഷിനാവത്രയുടെ ഇളയ മകൾകൂടിയാണ് പേടോങ്ടാൺ ഷിനാവത്ര. അവരുടെ പാർട്ടിയായ ഫ്യൂ തായ് ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ദേശീയ അഴിമതി വിരുദ്ധ കമ്മിഷനുമുമ്പാകെയാണ് അവർ സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തിയത്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് അവർ പ്രധാനമന്ത്രി സ്ഥാനമേൽക്കുന്നത്. കഴിഞ്ഞ 20 വർഷത്തിനിടെ തായ് സർക്കാരിന്റെ നേതൃസ്ഥാനത്തെത്തുന്ന നാലാമത്തെ ഷിനാവത്ര കുടുംബാംഗമാണ് പേടോങ്ടാൺ.
11 ബില്യൺ ബാത് ആണ് പ്രധാനമന്ത്രിയുടെ നിക്ഷേപത്തിന്റെ മൂല്യം കണക്കാക്കിയിരിക്കുന്നത്. ഇതിനുപുറമേ പണമായും മറ്റൊരു ബില്യൺ ബാത് ഉണ്ടെന്ന് അവരുടെ സത്യവാങ്മൂലത്തിൽ പറയുന്നു. വാച്ചുകൾക്കും ബാഗുകൾക്കും പുറമേ 39 ടൈംപീസുകൾ, 76 മില്ല്യൺ ബാത് വിലവരുന്ന 217 ഹാൻഡ് ബാഗുകൾ, ലണ്ടനിലും ജപ്പാനിലും ഭൂസ്വത്തുക്കൾ എന്നിവയും പേടോങ്ടാണിന് സ്വന്തമായുണ്ട്. പ്രധാനമന്ത്രിയുടെ സ്വത്തുവിവരങ്ങളേക്കുറിച്ച് പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ട വിവരങ്ങൾ കൃത്യമാണെന്ന് പേടോങ്ടാണിന്റെ പാർട്ടി എ.എഫ്.പിയോട് പ്രതികരിച്ചു.
പ്രധാനമന്ത്രിയുടെ പിതാവായ തക്സിൻ മുൻപ് മാഞ്ചസ്റ്റർ സിറ്റി ക്ലബിന്റെ ഉടമയായിരുന്നു. ഫോർബ്സിന്റെ കണക്കനുസരിച്ച് 2.1 ബില്ല്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. തായ്ലൻഡിലെ പത്താമത്തെ ഏറ്റവും വലിയ സമ്പന്നൻ കൂടിയാണ് തക്സിൻ. അട്ടിമറിയിലൂടെ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നെങ്കിലും അദ്ദേഹത്തിന്റെ കുടുംബം തായ്ലൻഡിൽ ഏറെ സ്വാധീനമുള്ളവരായി തുടർന്നു.
Content Highlights: Thailand's Prime Minister Paetongtarn Shinawatra declared more than $400 million in assets