ടൈം വാരികയുടെ 2023ലെ വ്യക്തിയായി ടെയ്‌ലർ സ്വിഫ്റ്റ്; പൂച്ചയെ കൂടെക്കൂട്ടാൻ പറ്റുമോയെന്ന് ഗായിക

ടൈം വാരികയുടെ 2023-ലെ വ്യക്തിയായി യു.എസ്. പോപ്പ് ഗായിക ടെയ്ലർ സ്വിഫ്റ്റിനെ കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുത്തത്. പാട്ടെഴുത്തുകാരിയും സ്വന്തം കഥയിലെ ഹീറോയുമായ അപൂർവവ്യക്തിയാണ് സ്വിഫ്‌റ്റെന്നാണ് ടൈം എഡിറ്റർ ഇൻ ചീഫ് സാം ജേക്കബ്‌സ് പറഞ്ഞത്. ഓപ്പൺ എ.ഐ. സഹസ്ഥാപകൻ സാം ഓൾട്ട്മാനേയും ചാൾസ് മൂന്നാമൻ രാജാവിനേയും പിന്നിലാക്കിയാണ് സ്വിഫ്റ്റിന്റെ നേട്ടം.
ഇതിന് പിന്നാലെ ടെയ്‌ലർ സ്വിഫ്റ്റ് എക്‌സിൽ പങ്കുവെച്ച ഒരു ചോദ്യം ആരാധകർക്കിടയിൽ ചർച്ചയാകുകയാണ്. ടെയ്‌ലർ സ്വിഫ്റ്റിന്റെ മുഖചിത്രമുള്ള വാരികയുടെ കവർ ടൈം എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു. തന്റെ വളർത്തുപൂച്ച ബെഞ്ചമിൻ ബട്ടനെ തോളിലേറ്റിയാണ് ഈ ചിത്രത്തിൽ ടെയ്‌ലർ സ്വിഫ്റ്റ് പോസ് ചെയ്തിരിക്കുന്നത്.
ഈ പോസ്റ്റ് റീഷെയർ ചെയ്ത് ടെയ്‌ലർ സ്വിഫ്റ്റ് പങ്കുവെച്ച രസകരമായ ചോദ്യവും ഉത്തരവുമാണ് ആരാധകർ ഏറ്റെടുത്തത്. 'ടൈം മാഗസിൻ: ടൈം വാരികയുടെ ഈ വർഷത്തെ വ്യക്തിയായി നിങ്ങളെ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നു. ഞാൻ: എന്റെ പൂച്ചയെ കൂടെ കൊണ്ടുവരാൻ പറ്റുമോ?'- ഇതായിരുന്നു ടെയ്‌ലർ സ്വിഫ്റ്റ് എക്‌സിൽ പങ്കുവെച്ചത്.
ഈ പോസ്റ്റ് 9.8 മില്ല്യൺ ആളുകളാണ് കണ്ടത്. മൂന്ന് ലക്ഷം ആളുകൾ ലൈക്കും ചെയ്തു. നിരവധി പേർ താരത്തെ അഭിനന്ദിച്ച് കമന്റും പങ്കുവെച്ചു. ടെയ്‌ലർ സ്വിഫ്റ്റ് എത്രത്തോളം വിനയമുള്ള വ്യക്തിയാണെന്നതിനുള്ള തെളിവാണ് ഇതെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. നിങ്ങൾ ഇഷ്ടമുള്ളത് ചെയ്‌തോളൂ എന്നും കമന്റുകളുണ്ട്. അവർ തന്നെപ്പോലെയാണെന്നും താനും എല്ലാ സ്ഥലത്തും പൂച്ചയെ കൊണ്ടുപോകാറുണ്ടെന്നുമായിരുന്നു ഒരു പൂച്ചസ്‌നേഹിയുടെ കമന്റ്.
സംഗീതവുമായുള്ള സ്വിഫ്റ്റിന്റെ ഇക്കൊല്ലത്തെ ലോകപര്യടനങ്ങൾ 200 കോടി ഡോളറാണ് നേടിക്കൊടുത്തത്. സ്വിഫ്റ്റിന്റെ ആരാധകരെ വിളിക്കുന്ന 'സ്വിഫ്റ്റീസ്' എന്ന വാക്ക് ഓക്‌സ്‌ഫെഡ് നിഘണ്ടുവിന്റെ ഇക്കൊല്ലത്തെ പദങ്ങളുടെ മത്സരത്തിൽ അവസാന അഞ്ചിൽ ഇടംപിടിച്ചിരുന്നു.
യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കിയും അവിടത്തെ ജനങ്ങളുമായിരുന്നു കഴിഞ്ഞവർഷം ടൈം വാരികയുടെ വ്യക്തി.
Content Highlights: taylor swift reacts after being named time magazines person of the year