ആദ്യചിത്രത്തിനിടെ കാറപകടം, തലയ്ക്ക് ഗുരുതര പരിക്ക്, ഓർമശക്തി നഷ്ടപ്പെട്ടു; അനുഭവം ഓര്‍ത്ത് നടി

ഹിന്ദി സിനിമാ ലോകത്തെ പ്രമുഖ നടിയാണ് തനിഷാ മുഖര്‍ജി. ഒട്ടേറെ മികച്ച ചിത്രങ്ങളില്‍ വേഷമിട്ട തനിഷ ടെലിവിഷന്‍ താരം കൂടിയാണ്. ബിഗ് ബോസ് ഉള്‍പ്പെടെയുള്ള റിയാലിറ്റി ഷോകളിലാണ് തനിഷ തിളങ്ങിയത്. ബിഗ് ബോസിന്റെ ഏഴാം പതിപ്പിലെ റണ്ണര്‍ അപ്പ് കൂടിയാണ് തനിഷ. തന്റെ ജീവിതത്തിലുണ്ടായ അപകടത്തിന്റെ ഭീതിപ്പെടുത്തുന്ന ഓര്‍മകള്‍ പങ്കുവെക്കുകയാണ് തനിഷാ മുഖര്‍ജി ഇപ്പോള്‍.
2003-ല്‍ പുറത്തിറങ്ങിയ 'ശ്...' എന്ന സിനിമയിലൂടെയാണ് തനിഷ വെള്ളിത്തിരയിലെത്തുന്നത്. ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് തനിക്ക് അപകടം സംഭവിച്ചതെന്ന് തനിഷ പറയുന്നു. ദിനോ മോറിയ, ഗൗരവ് കപൂര്‍ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. മണാലിയില്‍ നടന്ന ചിത്രീകരണത്തിനിടെയാണ് കാറപകടമുണ്ടായത്. അന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് തനിക്ക് ഓര്‍മശക്തി നഷ്ടപ്പെട്ടെന്നും തനിഷാ മുഖര്‍ജി പറഞ്ഞു. വിക്കി ലാല്‍വാനിയുമായി നടത്തിയ സംഭാഷണത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
'അത് വളരെ നല്ലൊരു ചിത്രമായിരുന്നു. ഞങ്ങള്‍ വളരെ ആസ്വദിച്ചാണ് ആ ചിത്രം ചെയ്തത്. അപകടസമയത്ത് സംവിധായകനായിരുന്നു കാര്‍ ഓടിച്ചിരുന്നത്. ഗൗരവ് കപൂറും ദിനോ മോറിയയും ഞാനും കാറിലുണ്ടായിരുന്നു. പൊടുന്നനെ റോഡിലുണ്ടായിരുന്ന ഐസില്‍ (ബ്ലാക്ക് ഐസ്) തെന്നി വശത്തുണ്ടായിരുന്ന തോടിലേക്ക് മറിഞ്ഞു.' -തനിഷ പറഞ്ഞു.
'ഗൗരവിന് കൈയില്‍ മൂന്നിടത്ത് എല്ല് പൊട്ടി. ദിനോയ്ക്ക് ഒരു ഫ്രാക്ചറും. എന്നാല്‍ എനിക്ക് തലയ്ക്ക് വളരെ ഗുരുതരമായി പരിക്കേറ്റു. എന്റെ മസ്തിഷ്‌കം തലയോട്ടിയുടെ ഒരു വശത്തേക്ക് നീങ്ങിയശേഷം തിരികെവന്നുവെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഒരുവര്‍ഷത്തിലേറെ സമയമെടുത്താണ് എന്റെ പരിക്കുകള്‍ ഭേദമായത്.' -തനിഷ തുടര്‍ന്നു.
'അപകടത്തിന് ശേഷം എനിക്ക് ഓര്‍മശക്തി നഷ്ടമായി. നമ്മള്‍ സിനിമകളില്‍ കാണാറില്ലേ, കഥാപാത്രങ്ങള്‍ അപകടത്തിന് ശേഷം എഴുന്നേറ്റ് 'നിങ്ങള്‍ ആരാണ്' എന്ന് ചോദിക്കുന്നത്. അതുപോലെയായികരുന്നു ഞാനും. മണാലിയില്‍ എനിക്കൊപ്പം എന്റെ അമ്മയുമുണ്ടായിരുന്നു. ഷൂട്ടിങ്ങിനിടെ ചികിത്സയ്ക്കായി ഞാന്‍ ഡല്‍ഹിയിലാണ് പോയിരുന്നത്.' -തനിഷ പറഞ്ഞു.
Content Highlights: Tanishaa Mukerji Opens Up About Near-Fatal Car Accident During Debut Film Shoot: "I Lost My Memory"