ആധാര്‍ കാര്‍ഡിന് അപേക്ഷിക്കൂ, പ്ലീസ്; ചുട്ടമല്ലേ പാട്ടിന് ചുവടുവെച്ച സ്വീഡിഷ് ദമ്പതിമാരോട് ആരാധകര്‍

ജൂനിയര്‍ എന്‍ടിആറിന്റെ ഏറ്റവും പുതിയ ചിത്രമായ ദേവര കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. പടം ഇറങ്ങുന്നതിന് മുന്‍പ് തന്നെ ചിത്രത്തിലെ ചുട്ടമല്ലേ പാട്ട് റെക്കോഡ് വേഗത്തില്‍ ട്രെന്‍ഡിങ്ങില്‍ ഇടം പിടിച്ചിരുന്നു. കോപ്പിയടി വിവാദം ഉയര്‍ന്നെങ്കിലും ഗാനത്തെ ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇപ്പോഴിതാ ഈ ഗാനത്തിന് ചുവട് വെയ്ക്കുന്ന സ്വീഡിഷ് ദമ്പതികളുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ചുട്ടമല്ലെ പാട്ടിലെ പ്രസിദ്ധ ചുവടുകളാണ് ഇരുവരും പുനരാവിഷ്കരിച്ചത്.
കാള്‍ സ്വാന്‍ബെര്‍ഗ് ഹോം സ്വാന്‍ബെര്‍ഗ് എന്നീ സ്വീഡിഷ് ദമ്പതികളുടെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കടലോരത്തെ മനോഹര സായ്ഹ്നത്തില്‍ ചുട്ടമല്ലേ ഗാനത്തിന് ലിപ്സിങ്ക് ചെയ്തുകൊണ്ടുള്ള വീഡിയോയാണിത്. കാഷ്വല്‍ വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചിരിക്കുന്നത്. തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഇവര്‍ റീല്‍ പങ്കുവെച്ചത്. എനിക്ക് ഈ പാട്ട് ഇഷ്ടമായി... ജൂനിയര്‍ എന്‍ടിആര്‍ അണ്ണനൊപ്പം നൃത്തം ചെയ്യാന്‍ പറ്റിയെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു എന്നാണ് റീലിന് നൽകിയ ക്യാപ്ഷൻ.
പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലാവുകയും ചെയ്തു. ഒന്‍പത് മില്യണിനടുത്ത് കാഴ്ച്ചക്കാരെ ഇതിനകം വീഡിയോക്ക് ലഭിച്ചിട്ടുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് അഭിനന്ദന കമന്റുമായി എത്തിയത്. ചുട്ടമല്ലേ പാടിയ ശില്‍പ റാവുവും അഭിനന്ദന കമന്റ് ചെയ്തു. കാഷ്വല്‍ വസ്ത്രങ്ങള്‍ക്ക് പകരം സിനിമയിലെ വസ്ത്രങ്ങളോട് സാമ്യമുള്ളത് തിരഞ്ഞെടുത്തെങ്കില്‍ നന്നായേനെ എന്ന് ചിലര്‍ പറയുന്നു.നിങ്ങള്‍ ഇന്ത്യക്കാരേക്കാളും നന്നായി ഈ പാട്ട് അവതരിപ്പിക്കുന്നുണ്ടെന്നും ആധാര്‍ കാര്‍ഡിന് അപേക്ഷിക്കണമെന്നും ഒരാള്‍ കമന്റ് ചെയ്തു
ജൂനിയര്‍ എന്‍ടിആര്‍, ജാന്‍വി കപൂര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദേവരയുടെ സംഗീത സംവിധാനം നിര്‍വഹിച്ചത് അനിരുദ്ധ് രവിചന്ദറാണ്. ശില്‍പ്പ റാവുവും അനിരുദ്ധുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.
Content Highlights: swedish couple recreates Chuttamalle song devara