'കൂട്ടുകാരായാല്‍ ഇങ്ങനെ വേണം'- സ്മൃതിക്ക് പിന്തുണ നല്‍കാന്‍ ബിഗ് ബാഷ് ലീഗില്‍നിന്ന് പിന്മാറി ജെമീമ, അഭിനന്ദിച്ച് സുനില്‍ ഷെട്ടി

പ്രതിസന്ധി സമയത്ത് കൂട്ടുകാരിയും ഇന്ത്യന്‍ ടീമിലെ സഹതാരവുമായ സ്മൃതി മന്ദാനയ്ക്ക് പിന്തുണ നല്‍കാന്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വനിതാ ബിഗ് ബാഷ് ലീഗില്‍ നിന്ന് പിന്മാറാന്‍ ജെമീമ റോഡ്രിഗസ് തീരുമാനിച്ചിരുന്നു. ബിഗ് ബാഷ് ലീഗിൽ നിന്നും അവധിയെടുത്ത് സ്മൃതിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ജെമീമ. എന്നാല്‍ മുംബൈയില്‍ തുടരുകയാണെന്നും ലീഗില്‍ കളിക്കാന്‍ തിരിച്ചുപോകുന്നില്ലെന്നും ജെമീമ അറിയിച്ചിരുന്നു.
ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സ്മൃതിയുടെ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ കഴിഞ്ഞയാഴ്ച മന്ദാനയുടെ വിവാഹം മാറ്റിവെച്ചിരുന്നു. സുഹൃത്ത് സ്മൃതിക്ക് പിന്തുണ നല്‍കാനായി ഇന്ത്യയില്‍ തുടരാന്‍ താരം അഭ്യര്‍ത്ഥിച്ചതായും ഇത് അംഗീകരിക്കുന്നതായും ജെമീമയുടെ ഡബ്ല്യുബിബിഎല്‍ ഫ്രാഞ്ചൈസിയായ ബ്രിസ്‌ബേന്‍ ഹീറ്റ് അറിയിച്ചു.
ഇതിന് പിന്നാലെ ജെമീമയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം സുനില്‍ ഷെട്ടി. കളങ്കമില്ലാത്ത സൗഹൃദം എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.
'രാവിലെ എഴുന്നേറ്റയുടന്‍ ഈ വാര്‍ത്ത കണ്ടപ്പോള്‍ എന്റെ ഹൃദയം നിറഞ്ഞു. സ്മൃതിയുടെ കൂടെ നില്‍ക്കാന്‍ വേണ്ടി ജെമീമ ഡബ്ല്യുബിബിഎല്‍ വിടുന്നു. വലിയ പ്രസ്താവനകളില്ല, നിശബ്ദമായ ഐക്യദാര്‍ഢ്യം മാത്രം. ഇതാണ് യഥാര്‍ത്ഥ സഹതാരങ്ങള്‍ ചെയ്യുന്നത്. ലളിതം. നേരായത്. ആത്മാര്‍ത്ഥമായത്'- എന്ന് പത്രവാര്‍ത്ത പങ്കുവെച്ചുകൊണ്ട് സുനില്‍ ഷെട്ടി എക്‌സില്‍ കുറിച്ചു.
'ഇന്ത്യന്‍ സഹതാരം സ്മൃതി മന്ദാനയുടെ കഴിഞ്ഞ വാരാന്ത്യത്തിലെ വിവാഹത്തില്‍ പങ്കെടുക്കാനുള്ള മുന്‍കൂട്ടി നിശ്ചയിച്ച ഒരു യാത്രയുടെ ഭാഗമായി 10 ദിവസം മുന്‍പ് ഹൊബാര്‍ട്ട് ഹറികെയ്ന്‍സിനെതിരായ മത്സരത്തിന് ശേഷമാണ് ജെമീമ നാട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ മന്ദാനയുടെ പിതാവിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വിവാഹാഘോഷങ്ങള്‍ പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു' എന്നും ബ്രിസ്‌ബേന്‍ ഹീറ്റ്‌സിന്റെ പ്രസ്താവനയില്‍ പറയുന്നു.
ജെമീമയുടെ പിന്മാറ്റത്തിനുള്ള അഭ്യര്‍ത്ഥന അംഗീകരിച്ചതായി ക്ലബ്ബ് അറിയിച്ചു. ഈ വര്‍ഷം ആദ്യം നടന്ന 'ഇന്റര്‍നാഷണല്‍ പ്ലെയര്‍' ഡ്രാഫ്റ്റിലാണ് ബ്രിസ്‌ബേന്‍ ഹീറ്റ്‌സ് ജെമീമയെ ടീമിലെത്തിച്ചത്. 'റോഡ്രിഗസ് തന്റെ സഹതാരത്തിന് പിന്തുണയുമായി ഇന്ത്യയില്‍ തുടരും, ഡബ്ല്യുബിബിഎല്‍ സീസണിലെ അവസാന നാല് മത്സരങ്ങള്‍ക്കായി തിരിച്ചുവരേണ്ടതില്ലെന്ന അവരുടെ തീരുമാനം ടീം അംഗീകരിച്ചിട്ടുണ്ട്.'-ബ്രിസ്‌ബേന്‍ ഹീറ്റ്‌സ് വ്യക്തമാക്കി.
Content Highlights: sunil shettys heartfelt post for jemimag rodrigues after her big gesture for smriti mandhana