ഞങ്ങളുടെ വീട്ടില്‍ ഇങ്ങനെയല്ലാതെ ബര്‍ഫി വിളമ്പാന്‍ സാധിക്കില്ല; വൈറലായി സുന്ദര്‍ പിച്ചൈയുടെ ദീപാവലി ആശംസകള്‍

ഇൻസ്റ്റഗ്രാമില്‍ സുന്ദര്‍ പിച്ചൈ പങ്കുവെച്ച ചിത്രം.|Photo: sundarpichai
ഇൻസ്റ്റഗ്രാമില്‍ സുന്ദര്‍ പിച്ചൈ പങ്കുവെച്ച ചിത്രം.|Photo: sundarpichai

മധുരം വിളമ്പിയും ആശംസകള്‍ പങ്കുവെച്ചുമാണ് ആളുകള്‍ ദീപാവലി ആഘോഷിക്കുന്നത്‌. ഗൂഗിള്‍ സിഇഒ ആയ സുന്ദര്‍ പിച്ചൈയും ദീപാവലി ആശംസകള്‍ അറിയിച്ചിട്ടുണ്ട്‌. കൗതുകവും പാരമ്പര്യവും കോര്‍ത്തിണക്കിയ പിച്ചൈയുടെ ദീപാവലി ആശംസയും ചിത്രവും ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ഗൂഗിള്‍ ലോഗോയും ദീപാവലിക്ക് നല്‍കുന്ന പ്രധാനപ്പെട്ട മധുര പലഹാരങ്ങളില്‍ ഒന്നായ ബര്‍ഫിയും സര്‍ഗ്ഗാത്മകമായി കോര്‍ത്തിണക്കിയാണ് പിച്ചൈ ഇന്‍സ്റ്റഗ്രാമില്‍ തന്റെ ആശംസ പങ്കുവെച്ചത്.
ഒരു പാത്രത്തില്‍ പുവപ്പ്, മഞ്ഞ, പച്ച, നീല എന്നീ നിറങ്ങളിലുള്ള ബര്‍ഫികള്‍ ഗൂഗിള്‍ ലോഗോയെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ഒരുക്കിയ ഫോട്ടോ പിച്ചൈ പങ്കുവെച്ചു. ചിത്രത്തില്‍ രംഗോലിയും, പൂക്കള്‍കൊണ്ട് ഒരുക്കിയ അലങ്കാരങ്ങളും, മറ്റൊരു പാത്രത്തില്‍ ലഡുവും കാണാന്‍ സാധിക്കും.

തന്റെ വീട്ടില്‍ ഇങ്ങനെയല്ലാതെ ബര്‍ഫി വിളമ്പാന്‍ സാധിക്കില്ല എന്ന അടിക്കുറിപ്പോട് കൂടിയാണ് ഗൂഗിള്‍ സി.ഇ.ഒ ചിത്രം പങ്കുവെച്ചത്. എല്ലാവര്‍ക്കും സന്തോഷവും, വെളിച്ചവും, നിങ്ങളുടെ പ്രിയപ്പെട്ട മധുരവും (ഗൂഗിള്‍ തീമിലുള്ളത് അല്ലെങ്കില്‍ മറ്റൊന്ന്) നിറഞ്ഞ ദീപാവലി ആശംസകള്‍ നേരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിച്ചൈയുടെ പോസ്റ്റിന് താഴെ അനവധി ആളുകള്‍ അദ്ദേഹത്തിന് ദീപാവലി ആശംസകള്‍ അറിയിച്ച് മറുപടിയിട്ടു. നര്‍മ്മബോധമുള്ള സിഇഒമാരെയാണ് ഞങ്ങള്‍ക്കിഷ്ടം എന്നാണ് ഒരാളുടെ പ്രതികരണം.

Content Highlights: Google CEO Sundar Pichai shares a unique Diwali greeting featuring a Google logo-inspired barfi creation, sparking joy and viral attention online.