പുഷ്-അപ്പുകൾ, ഡെഡ്‌ലിഫ്റ്റുകൾ, ഹിപ് ത്രസ്റ്റുകൾ; സുഹാനയുടെ 'ഫിറ്റ്നസ് പോരാട്ടം' | VIDEO

നെറ്റ്ഫ്ളിക്സ് സീരീസായ 'ദ ആർച്ചീസി'ലൂടെ അഭിനയരംഗത്തേക്കെത്തിയ സുഹാന ഖാന് വൻ ആരാധകനിരയാണുള്ളത്. ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖ് ഖാന്റെ മകൾ കൂടിയായ സുഹാനയുടെ പുതിയ വിശേഷങ്ങളെ ഏറെ താത്പര്യത്തോടെയാണ് ആരാധകർ നോക്കികാണുന്നത്. സാമൂഹിക മാധ്യമങ്ങളിൽ സുഹാന പങ്കുവെക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും വലിയ പിന്തുണയും ലഭിക്കാറുണ്ട്. താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വർക്കൗട്ട് വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
വ്യക്തിഗത പരിശീലകൻ്റെ നിർദേശങ്ങൾക്കനുസൃതമായി പുൾ-അപ്പുകൾ, പുഷ്-അപ്പുകൾ, ഡെഡ്‌ലിഫ്റ്റുകൾ, ഹിപ് ത്രസ്റ്റുകൾ എന്നിവയുൾപ്പെടെയുള്ള തീവ്രമായ വ്യായാമങ്ങളിലേർപ്പെടുന്ന സുഹാനയെ വീഡിയോയിൽ കാണാം. കൃത്യതയോടെയും അതീവ താത്പര്യത്തോടെയും വ്യായാമങ്ങൾ ചെയ്യുന്ന താരത്തിന്റെ ഫിറ്റ്‌നസിനോടുള്ള അർപ്പണബോധത്തെ ആരാധകർ പ്രശംസിക്കുന്നുണ്ട്. പുൾ-അപ്പ് പ്രകടനത്തിൽ മതിപ്പുതോന്നിയ ഒരു ആരാധകൻ വെല്ലുവിളി നിറഞ്ഞ ഈ വ്യായാമം എങ്ങനെ കൈകാര്യം ചെയ്തുവെന്ന് കമന്റ് ബോക്സിൽ ചോദിച്ചിട്ടുണ്ട്. "ഒരു പോരാട്ടമായിരുന്നു" എന്ന് താരം മറുപടിയും നൽകിയിട്ടുണ്ട്.
സുജോയ് ഘോഷ് സംവിധാനം ചെയ്ത് സിദ്ധാർഥ് ആനന്ദ് നിർമ്മിക്കുന്ന കിങ് എന്ന ചിത്രത്തിലാണ് സുഹാന ഇനി വേഷമിടുന്നത്. ഷാരൂഖ് ഖാനൊപ്പം സുഹാന എത്തുന്ന പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
Content Highlights: Suhana Khan`s Intense Workout Video Goes Viral