കോവിഡ് കാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍; നടന്‍ സോനു സൂദിനെ മിസ് വേള്‍ഡ് വേദിയില്‍ ആദരിക്കും

കോവിഡ്-19 മഹാമാരിക്കാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നടന്‍ സോനു സൂദിനെ ആദരിക്കുന്നു. 72-ാമത് മിസ് വേള്‍ഡ് ഫൈനലില്‍ ഹ്യുമാനിറ്റേറിയന്‍ പുരസ്‌കാരം നല്‍കും. മെയ് 31-ന് ഹൈദരാബാദിലെ ഹൈടെക്‌സ് അരീനയിലാണ് ഫൈനല്‍.
സോനു സൂദിന്റെ സേവനത്തിന് പുരസ്‌കാരം നല്‍കുന്നതില്‍ അഭിമാനമുണ്ടെന്നും ഒട്ടേറെ ആളുകള്‍ക്ക് പ്രചോദനം നല്‍കുന്നതാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെന്നും മിസ് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ചെയര്‍പേഴ്‌സണ്‍ ജൂലിയ മോര്‍ലി വ്യക്തമാക്കി. മിസ് വേള്‍ഡ് ഫൈനലിലെ വിധികര്‍ത്താക്കളില്‍ ഒരാളും സോനു സൂദായിരിക്കും.
സൂദ് ചാരിറ്റി ഫൗണ്ടേഷനിലെ ഓരോ സന്നദ്ധ പ്രവര്‍ത്തകനുമായി ഈ പുരസ്‌കാരം പങ്കിടുന്നുവെന്ന് സോനു സൂദ് പ്രതികരിച്ചു. ലോക്ക്ഡൗണ്‍ സമയത്ത് കുടുങ്ങിക്കിടന്ന തൊഴിലാളികള്‍ക്ക് യാത്രാസൗകര്യം ഒരുക്കിയും വൈദ്യസഹായം നല്‍കിയും സൗജന്യ വിദ്യാഭ്യാസ, തൊഴില്‍ പരിശീലന സംരംഭങ്ങള്‍ ആരംഭിച്ചും സോനു സൂദ് ഇന്ത്യയിലുടനീളമുള്ള ആയിരക്കണക്കിന് ആളുകളെയാണ് സഹായിച്ചത്. സൂദ് ചാരിറ്റി ഫൗണ്ടേഷനിലൂടെയാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
ബോളിവുഡില്‍ 'ഫതേഹ്' എന്ന ചിത്രത്തിലാണ് സോനു സൂദ് അവസാനമായി അഭിനയിച്ചത്. ജാക്വലിന്‍ ഫെര്‍ണാണ്ടസാണ് ഈ ആക്ഷന്‍-ത്രില്ലര്‍ ചിത്രത്തിലെ നായിക.
Content Highlights: sonu sood to be honoured with humanitariana award for covid 19 relief work