എം.എൻ.സിയിലെ ജോലി പോയപ്പോൾ പച്ചക്കറി കച്ചവടം; യുവതിക്ക് സഹായവുമായി സോനുസൂദ്

കൊറോണക്കാലത്ത് നിരവധി സാധാരണക്കാർക്ക് സഹായം നൽകി വാർത്തകളിൽ നിറഞ്ഞുനിന്ന താരമാണ് ബോളിവുഡ് താരം സോനു സൂദ്. അടുത്തിടെ കുറുവടി അഭ്യാസത്തിലൂടെ വൈറലായി മാറിയ മുത്തശ്ശിക്കായി പരിശീലന സ്കൂളൊരുക്കുമെന്നും സോനു സൂദ് പറഞ്ഞിരുന്നു. ഇപ്പോഴിതാ കൊറോണ പാൻഡെമിക്കിനെത്തുടർന്ന് ജോലി നഷ്ടപ്പെട്ട യുവതിക്ക് സോനു സൂദ് ജോലി വാഗ്ദാനം ചെയ്ത വാർത്തയാണ് ശ്രദ്ധേയമാകുന്നത്.
കോവിഡ് പ്രതിസന്ധിയെത്തുടർന്നാണ് മൾട്ടി നാഷണൽ കമ്പനിയിലെ ഉദ്യോഗസ്ഥയായ ശ്രദ്ധയ്ക്ക് ജോലി നഷ്ടപ്പെട്ടത്. തുടർന്ന് ജീവിതവൃത്തിക്കായി പച്ചക്കറി വിൽപന നടത്താൻ തീരുമാനിക്കുകയായിരുന്നു ശ്രദ്ധ. ഇതിനെക്കുറിച്ചറിഞ്ഞ ഒരു ട്വിറ്റർ ഉപയോക്താവാണ് ശ്രദ്ധയുടെ കഥ ട്വീറ്റ് ചെയ്ത് സോനു സൂദിനെ ടാഗ് ചെയ്തത്.
മൾട്ടി നാഷണൽ കമ്പനിയിൽ ടെക്കിയായ ശ്രദ്ധയെ കോവിഡ് പ്രതിസന്ധിയെത്തുടർന്ന് പിരിച്ചു വിടുകയായിരുന്നുവെന്നും കുടുംബത്തെ സംരക്ഷിക്കാൻ ശ്രദ്ധ പച്ചക്കറി വിൽപന നടത്തുകയാണെന്നുമാണ് യുവാവ് കുറിച്ചത്. ശ്രദ്ധയെ ഏതെങ്കിലും വിധത്തിൽ സഹായിക്കാൻ കഴിയുമോ എന്നു നോക്കണമെന്നും മറുപടി പ്രതീക്ഷിക്കുന്നുവെന്നും യുവാവ് കുറിച്ചു.
ഇതുകണ്ടതോടെയാണ് താൻ ശ്രദ്ധയെ സഹായിക്കാൻ സന്നദ്ധനാണെന്നു വ്യക്തമാക്കി സോനു സൂദ് രംഗത്തെത്തിയത്. തന്റെ ഉദ്യോഗസ്ഥർ ശ്രദ്ധയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അഭിമുഖം നടന്നു കഴിഞ്ഞെന്നും സോനു കുറിച്ചു. ശ്രദ്ധയ്ക്ക് ജോലിയുടെ ഉത്തരവ് സംബന്ധിച്ച കത്ത് അയച്ചിട്ടുണ്ടെന്നും സോനു ട്വീറ്റ് ചെയ്തു.
നിരവധി പേരാണ് സോനു സൂദിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. പാൻഡെമിക് കാലത്ത് ജോലി നഷ്ടപ്പെടുന്നവരെ സഹായിക്കാൻ സോനു സൂദ് കാണിക്കുന്ന മനസ്സ് കാണാതെ പോകരുതെന്നും ഇത്തരത്തിലുള്ള നല്ല മനസ്സുള്ളവർ ഇപ്പോഴും നമുക്കു ചുറ്റുമുണ്ടെന്നുമൊക്കെ പോകുന്നു കമന്റുകൾ.
Content Highlights: Sonu Sood offers job to Hyderabad techie who fired from MNC
Content Highlights: