2 വര്‍ഷത്തിനുള്ളിലെ മാറ്റം; ഇന്‍സ്റ്റഗ്രാമിലെ ആദ്യ പോസ്റ്റിലൂടെ ഞെട്ടിച്ച് സോനു നിഗത്തിന്റെ മകന്‍

നെവാന്‍ നിഗം മേക്ക് ഓവറിന് ശേഷവും മുമ്പും/  സോനു നിഗം മകനോടൊപ്പം | Photo: instagram/ nevaan nigam/ sonu nigam
നെവാന്‍ നിഗം മേക്ക് ഓവറിന് ശേഷവും മുമ്പും/ സോനു നിഗം മകനോടൊപ്പം | Photo: instagram/ nevaan nigam/ sonu nigam

ഗായകന്‍ സോനു നിഗത്തിന്റെ മകന്‍ നെവാന്‍ നിഗം മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയത്. രണ്ട് ദിവസം മുമ്പ് നെവാന്‍ ആദ്യ പോസ്റ്റും പങ്കുവെച്ചു. തന്റെ ട്രാന്‍സ്ഫര്‍മേഷന്‍ ചിത്രങ്ങളാണ് നെവാന്‍ പോസ്റ്റ് ചെയ്തത്. ഇത് നിമിഷനേരത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി.

രണ്ട് വര്‍ഷത്തിനുള്ളില്‍ ശരീരഭാരം കുറച്ചതിനെ കുറിച്ചാണ് നെവാന്റെ പോസ്റ്റ്. പൊണ്ണത്തടിയുള്ള സമയത്തെ ചിത്രവും സിക്‌സ് പാക്ക് ആയതിന് ശേഷമുള്ള ചിത്രവും നെവാന്‍ പങ്കുവെച്ചിട്ടുണ്ട്. 'രണ്ട് വര്‍ഷം കൊണ്ട് ജീവിതത്തിനുണ്ടായ മാറ്റം' എന്ന ക്യാപ്ഷനും ഇതിന് നല്‍കി.

പിന്നാലെ പിതാവ് സോനു നിഗം ഉള്‍പ്പെടെയുള്ളവര്‍ നെവാനെ അഭിനന്ദിച്ച് കമന്റ് ചെയ്തു. 'ദൈവം എപ്പോഴും നിനക്ക് സുരക്ഷയൊരുക്കട്ടെ. എന്റെ അനുഗ്രഹം എപ്പോഴുമുണ്ടാകും. നിന്റെ ആദ്യ പോസ്റ്റിന് അഭിനന്ദനങ്ങള്‍'- സോനു കമന്റ് ചെയ്തു. പിന്നാലെ നെവാന്റെ കഠിനധ്വാനത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കമന്റ് ചെയ്തു.

നേരത്തെ സോനുവിനൊപ്പം പൊതുവേദിയില്‍ പാട്ട് പാടുന്ന നെവാന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വാക്കുകള്‍പോലും ശരിക്ക് വഴങ്ങാതിരുന്ന ചെറിയ പ്രായത്തിലാണ് നെവാന്‍ വേദിയില്‍ പാട്ട് പാടിയത്. സോനു-മധുരിമ എന്നിവരുടെ ഏക മകനായ നെവാന് 17 വയസ് പൂര്‍ത്തിയായി. മകന്‍ ഗായകനായി ജീവിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ലെന്നും അവന്‍ ഇഷ്ടപ്പെട്ട ജോലി തിരഞ്ഞെടുത്ത് സന്തോഷത്തോടെ ജീവിക്കട്ടേയെന്നുമാണ് നേരത്തെ അഭിമുഖങ്ങളില്‍ സോനു നിഗം പറഞ്ഞിട്ടുള്ളത്. 

Content Highlights: sonu nigams son nevaan debuted on instagram with makeover photos