‘ഏറ്റവും ദൈർഘ്യമേറിയ ഗർഭധാരണത്തിനുള്ള റെക്കോർഡ്’- അഭ്യൂഹങ്ങളോട് രസകരമായി പ്രതികരിച്ച് സൊനാക്ഷി

സാമൂഹിക മാധ്യമങ്ങളിൽ സെലിബ്രിറ്റികൾ ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ പല അഭ്യൂഹങ്ങളും പരക്കാറുണ്ട്. അത്തരത്തിലൊന്നായിരുന്നു ബോളിവുഡ് നടി സൊനാക്ഷി സിൻഹ അടുത്തിടെ പങ്കുവെച്ച ചിത്രങ്ങൾക്കു പിന്നാലെയുണ്ടായത്. മുംബൈയിൽ നടന്ന ഒരു പരിപാടിയിൽ ചുവന്ന വസ്ത്രത്തിലുള്ള സൊനാക്ഷിയുടെ ചിത്രങ്ങൾ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നതിന്റെ സൂചന നൽകുന്നതാണെന്നായിരുന്നു അഭ്യൂഹം. ഇപ്പോഴിതാ അത്തരം അഭ്യൂഹങ്ങളോട് രസകരമായി പ്രതികരിച്ചിരിക്കുകയാണ് സൊനാക്ഷി.
ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ നടി തൻ്റെ വയറിന് ചുറ്റും കൈ വെച്ച് ബേബി ബമ്പ് മറയ്ക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു ആരാധകരിൽ ഒരുകൂട്ടരുടെ കണ്ടെത്തൽ. ഭർത്താവ് സഹീർ ഇഖ്ബാലിനൊപ്പം ദീപാവലി ആഘോഷത്തിൽ പങ്കെടുത്തതിൻ്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് സൊനാക്ഷി പ്രതികരിച്ചത്.
ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സൊനാക്ഷി നൽകിയ അടിക്കുറിപ്പ് അഭ്യൂഹങ്ങളെ തള്ളിക്കളയുന്നതായിരുന്നു. ‘വയറിന് ചുറ്റും കൈ വെച്ച് പോസ് ചെയ്തതിൻ്റെ പേരിൽ ലോക ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഗർഭധാരണത്തിനുള്ള ലോക റെക്കോർഡ് ഉടമ (മാധ്യമങ്ങൾ പറയുന്നതനുസരിച്ച്16 മാസമായി തുടരുന്നു)’ – എന്ന കാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചത്.
ഏഴ് വർഷത്തെ ഡേറ്റിങ്ങിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. 2024-ൽ മുംബൈയിലെ സൊനാക്ഷിയുടെ വസതിയിൽ വെച്ച് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം.
Content Highlights: Bollywood actress Sonakshi Sinha responds to pregnancy rumors fueled by recent photos.