'അഭ്യൂഹങ്ങളെല്ലാം സത്യമായിരുന്നു';വിവാഹത്തിനൊരുങ്ങി സൊനാക്ഷിയും സഹീറും, ചുവപ്പ് വസ്ത്രത്തിന് വിലക്ക്

സൊനാക്ഷി സിന്‍ഹയും സഹീര്‍ ഇഖ്ബാലും | Photo: instagram/ zaheer iqbal
സൊനാക്ഷി സിന്‍ഹയും സഹീര്‍ ഇഖ്ബാലും | Photo: instagram/ zaheer iqbal

രു താരവിവാഹത്തിനുള്ള ഒരുക്കത്തിലാണിപ്പോള്‍ ബോളിവുഡ്. ജൂണ്‍ 23-ന് മുംബൈയില്‍ നടക്കുന്ന വിവാഹത്തില്‍ നടി സൊനാക്ഷി സിന്‍ഹയും നടന്‍ സഹീര്‍ ഇഖ്ബാലും ഒന്നിക്കും. 

ഒരു മാഗസിന്റെ കവര്‍ പേജ് പോലെയാണ് വിവാഹ ക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുന്നത്. ഇരുവരുടേയും അവധിക്കാല യാത്രയില്‍ നിന്നെടുത്ത ചിത്രത്തോടൊപ്പം 'അഭ്യൂഹങ്ങളെല്ലാം സത്യമായിരുന്നു, ഞങ്ങള്‍ ഔദ്യോഗികമായി വിവാഹിതരാകുന്നു' എന്ന തലക്കെട്ട് ചേര്‍ത്തിട്ടുണ്ട്. 

മുംബൈയിലെ ബാസ്റ്റ്യനില്‍ രാത്രി എട്ട് മണി മുതലാണ് ആഘോഷങ്ങള്‍ തുടങ്ങുക. ഫോര്‍മല്‍ ആന്റ് ഫെസ്റ്റീവ് എന്നതാണ് ഡ്രസ്സ് കോഡ്. എന്നാല്‍ ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് ഇതിനോടൊപ്പം നിര്‍ദേശമുണ്ട്. ലളിതമായ രീതിയിലായിരിക്കും ഇരുവരുടേയും വിവാഹാഘോഷമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യത്തിന് രൂക്ഷമായാണ് സൊനാക്ഷി പ്രതികരിച്ചത്. ആളുകള്‍ എന്തിനാണ് തന്റെ വിവാഹത്തെ കുറിച്ച് വ്യാകുലപ്പെടുന്നതെന്നും വിവാഹമെന്നത് തന്റെ മാത്രം തിരഞ്ഞെടുപ്പാണെന്നും നടി പ്രതികരിച്ചു.

സൊനാക്ഷിയും സഹീറും ഏറെ നാളായി പ്രണയത്തിലായിരുന്നെങ്കിലും ഈ വിവരം രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു. സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ഹീരാമണ്ഡി എന്ന വെബ് സീരീസിലാണ് സൊനാക്ഷി ഒടുവില്‍ അഭിനയിച്ചത്. ബന്ധുക്കള്‍ക്കുപുറമേ ഈ സീരീസിലെ സഹപ്രവര്‍ത്തകരേയും വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബോളിവുഡ് നടനും തൃണമൂല്‍ കോണ്‍ഗ്രസിന്റെ അസനോളില്‍നിന്നുള്ള എംപിയുമായ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളാണ് സൊനാക്ഷി സിന്‍ഹ. 

സല്‍മാന്‍ ഖാന്‍ നിര്‍മിച്ച് 2019-ല്‍ പുറത്തിറങ്ങിയ നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് സഹീര്‍ ഇഖ്ബാല്‍ സിനിമയില്‍ അരങ്ങേറിയത്. ഡബിള്‍ എക്‌സ് എല്‍, കിസി കാ ഭായ് കിസി കി ജാന്‍ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു. ഇതില്‍ ഡബിള്‍ എക്‌സ് എല്‍ എന്ന ചിത്രത്തില്‍ സോനാക്ഷി സിന്‍ഹയും ഒരു പ്രധാനകഥാപാത്രമായുണ്ടായിരുന്നു. 


 

Content Highlights: sonakshi sinha and zaheer Iqbal wedding details