അമ്മയ്ക്ക് കാൻസർ ആയതിനാലാണ് സൽമാനൊപ്പം അഭിനയിച്ചത്,ഐശ്വര്യയുമായുള്ള താരതമ്യം കാര്യമാക്കിയിരുന്നില്ല

2005-ൽ പുറത്തിറങ്ങിയ ലക്കി: നോ ടൈം ഫോർ ലവ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ നടിയാണ് സ്‌നേഹ ഉള്ളാൽ. സൽമാൻ ഖാനായിരുന്നു ഇതിലെ നായകൻ. ഈ ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ സ്‌നേഹ ചർച്ചാവിഷയമായി. നടി ഐശ്വര്യ റായിയുമായുള്ള സാദൃശ്യമായിരുന്നു ഇതിന് കാരണം.
ഇപ്പോഴിതാ അന്ന് സിനിമയിലെത്തിയത് എങ്ങനെയാണെന്ന് തുറന്ന് സംസാരിക്കുകയാണ് സ്‌നേഹ. അഭിനയം ഒരിക്കലും തന്റെ സ്വപ്‌നമായിരുന്നില്ലെന്നും ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ ഘട്ടത്തിലാണ് താൻ ബോളിവുഡിൽ എത്തിയതെന്നും അവർ വ്യക്തമാക്കി. ആ സമയത്ത് തന്റെ കുടുംബം മാനസികമായി ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോയിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
'സൽമാൻ ഖാന്റെ സഹോദരി അർപ്പിത ഖാന്റെ സുഹൃത്തുക്കൾ വഴിയാണ് സിനിമയിലെത്തിയത്. അന്ന് ഞാൻ പത്താം ക്ലാസ് പൂർത്തിയാക്കി കോളേജിൽ ചേർന്ന സമയമായിരുന്നു. കോളേജിൽവെച്ച് അവർ എന്നെ കണ്ടു. അതുവഴി സിനിമയിലേക്കുള്ള ഓഫറുമെത്തി. അന്ന് എന്റെ അമ്മ കാൻസർ ചികിത്സയിലായിരുന്നു. ഞങ്ങളുടെ വീട്ടിലെ സാഹചര്യം സങ്കടം നിറഞ്ഞതായിരുന്നു. അവർക്കെല്ലാം കുറച്ചെങ്കിലും സന്തോഷം തോന്നാനും അവരുടെ ആലോചനകൾ മാറാനുമാണ് ഞാൻ ലക്കിയിൽ അഭിനയിക്കാൻ സമ്മതിച്ചത്. എന്റെ അമ്മയ്ക്ക് യാത്ര ചെയ്യാൻ വളരെ ഇഷ്ടമായിരുന്നു. അതിനാൽ ഞാൻ ഈ ഓഫർ സ്വീകരിച്ചു. എനിക്ക് അഭിനയത്തോട് താത്പര്യമുണ്ടോ എന്നുപോലും ഞാൻ അന്ന് ചിന്തിച്ചിരുന്നില്ല.'-സ്‌നേഹ അഭിമുഖത്തിൽ പറയുന്നു.
ഈ പ്രശസ്തി തന്റെ ജീവിതത്തെ ആകെ മാറ്റിമറിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു. ' സിനിമ എന്റെ സ്വാതന്ത്ര്യത്തേയും കോളേജ് ജീവിതത്തേയും ഇല്ലാതാക്കി. എന്റെ ഇരുപതുകളിലെ ജീവിതം എനിക്ക് അതുപോലെ ജീവിക്കാൻ കഴിഞ്ഞില്ല. 17-കാരിയിൽ നിന്ന് ഒറ്റ രാത്രി കൊണ്ട് ഞാൻ മുതിർന്ന ഒരാളായി മാറി.'-സ്‌നേഹ കൂട്ടിച്ചേർത്തു.
ഐശ്വര്യയുമായുള്ള താരതമ്യങ്ങളെക്കുറിച്ചും സ്‌നേഹ പ്രതികരിച്ചു. 'ഹം ദിൽ ദേ ചുകേ സനം' എന്ന ചിത്രത്തിനുശേഷം ഐശ്വര്യയുമായുള്ള സൽമാന്റെ വേർപിരിയലുമായി പലരും ഈ സാമ്യത്തെ ബന്ധപ്പെടുത്തി. ഐശ്വര്യ പോയതിനാലാണ് ഐശ്വര്യയെപ്പോലൊരു നടിയെ സൽമാൻ ബോളിവുഡിന് പരിചയപ്പെടുത്തിയതെന്ന് റിപ്പോർട്ടുകൾ വന്നു. എന്നാൽ ഇതൊന്നും താൻ അന്ന് ശ്രദ്ധിച്ചിരുന്നില്ലെന്നും ഗൗരവത്തിൽ എടുത്തിരുന്നില്ലെന്നും സ്‌നേഹ വ്യക്തമാക്കി.
'ഐശ്വര്യ റായ് ലോകസുന്ദരി ആയപ്പോൾ തന്നെ എന്റെ ചുറ്റുമുള്ളവർ ഐശ്വര്യയുമായുള്ള എന്റെ സാമ്യത്തെ കുറിച്ച് പറയുമായിരുന്നു. ഞാൻ സൽമാൻ ഖാനൊപ്പം അരേങ്ങറ്റം കുറിച്ചതുകൊണ്ട് ആളുകൾ അത് അത്തരത്തിൽ വളച്ചൊടിച്ചു. പക്ഷേ ഇതൊന്നും എന്നെ അലട്ടിയിരുന്നില്ല.'-സ്‌നേഹ കൂട്ടിച്ചേർത്തു.
Content Highlights: Sneha Ullal entered acting at 17 to cope with her mother's cancer treatment., The actress admits that sudden fame cost her a normal teenage and college life., She clarifies that comparisons to Aishwarya Rai were PR-driven and never bothered her., Sneha is now planning a comeback to Hindi cinema with a focus on building professional relationships.