പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടിനിടെ അതിഥിയായി പാമ്പ്; യുവതിയുടെ കാലിന് മുകളിലൂടെ ഇഴഞ്ഞുനീങ്ങി | VIDEO

വിവാഹവുമായി ബന്ധപ്പെട്ട ഷൂട്ടുകള്‍ എങ്ങനെ വ്യത്യസ്തമാക്കാം എന്ന് ആഗ്രഹിക്കുന്നവരാണ് ഇപ്പോഴത്തെ വെഡ്ഡിങ് ഫോട്ടോഗ്രാഫര്‍മാര്‍. ഇതിനായി എത്ര പണം ചെലവിടാനും വരനും വധുവും തയ്യാറാകും. റൊമാന്റിക്കായുള്ള ചിത്രങ്ങളും വീഡിയോയും എടുക്കുന്നതിനായി കിലോമീറ്ററുകള്‍ സഞ്ചരിച്ച് സ്ഥലം കണ്ടെത്താനും അതിനായി പ്രത്യേകം വസ്ത്രം ഡിസൈന്‍ ചെയ്യിക്കാനും ആളുകള്‍ മടി കാണിക്കാറില്ല. ഇതില്‍ പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയും ചെയ്യാറുണ്ട്.
അത്തരത്തില്‍ ഒരു പ്രീ വെഡ്ഡിങ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഷൂട്ടിങ് പുരോഗമിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി ഒരു അതിഥി ക്യാമറയ്ക്ക് മുന്നിലെത്തുകയായിരുന്നു. ഒന്നാന്തരമൊരു പാമ്പ്. പാമ്പിനെ കണ്ട് വധു പേടിക്കുന്നതും വീഡിയോയില്‍ കാണാം.
വരനും വധുവും വെള്ളത്തിലെ പാറക്കെട്ടില്‍ മുഖത്തോട് മുഖം നോക്കി ഇരിക്കുന്ന ചിത്രവും വീഡിയോയുമാണ് ഫോട്ടോഗ്രാഫര്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത്. ഇതിനിടയില്‍ ഒരു പാമ്പ് വെള്ളത്തിലൂടെ നീന്തി വരുകയായിരുന്നു. ഷൂട്ടിങ് സംഘത്തിലെ ഒരാള്‍ തന്നെയാണ് പാമ്പിനെ കണ്ടത്. അയാള്‍ മറ്റുള്ളവരോട് ഇക്കാര്യം പറയുകയും അനങ്ങാതെ നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ യുവതി പേടിച്ച് നിലവിളിക്കുന്നതും യുവാവ് അവരെ ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. വെള്ളത്തിലിരിക്കുകയായിരുന്ന യുവതിയുടെ കാലിന് മുകളിലൂടെ പാമ്പ് നീന്തിപ്പോകുകയും ചെയ്തു.
ഈ ഫോട്ടോഗ്രാഫി ടീം തന്നെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 'പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട് വീക്ഷിക്കാനെത്തിയ പാമ്പ്. ഷൂട്ടിങ്ങിനിടെയുണ്ടായ ഭയപ്പെടുത്തുന്നതും ഒപ്പം രസകരവുമായ നിമിഷങ്ങള്‍' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്. ആറു ദിവസം മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ 55 ലക്ഷം പേരാണ് കണ്ടത്. രണ്ട് ലക്ഷത്തിന് അടുത്ത് ആളുകള്‍ റിയാക്ട് ചെയ്തിട്ടുമുണ്ട്.
Content Highlights: snake slithers over womans legs during pre wedding photoshoot